കുഞ്ഞാലിക്കുട്ടിയുടെ 'യുദ്ധപ്രഖ്യാപനം' മുതൽ കാനത്തിലിന്റെ ചേകന്നൂര്‍ പ്രസംഗം വരെ; 'ആറ്' കടക്കാൻ കുത്തിപ്പൊക്കലുമായി സൈബർ പോരാളികൾ
text_fieldsമലപ്പുറം: സ്ഥാനാർഥികളെയും നേതാക്കളെയും ഉദ്യോഗസ്ഥരെയും നിയമപാലകരെയും പോലെ തെരഞ്ഞെടുപ്പ് കാലത്ത് നിന്നുതിരിയാൻ നേരമില്ലാത്തൊരു വിഭാഗം കൂടിയുണ്ട്. സൈബർ പോരാളികൾ എന്നറിയപ്പെടുന്ന ഇവർക്ക് 'ഭാരിച്ച ഉത്തരവാദിത്ത'മാണ്. സ്വന്തം സ്ഥാനാർഥികൾക്ക് വേണ്ടി നേർക്കുനേർ പ്രചാരണം നടത്തുക മാത്രമല്ല സൈബറിടത്തിലെ ജോലി. പത്ത് വർഷം വരെ പഴക്കമുള്ള പോസ്റ്റുകൾ ഫേസ് ബുക്കിൽ നിന്ന് കുത്തിപ്പൊക്കി എതിരാളികളെ നോവിക്കുന്നവരുണ്ട്. വർഷങ്ങൾക്ക് മുമ്പ് നടത്തിയ പ്രസംഗങ്ങളും പങ്കെടുത്ത സ്വകാര്യ, പൊതുചടങ്ങുകളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിക്കലാണ് മറ്റൊരു കലാപരിപാടി.
കോൺഗ്രസിലെ പൊട്ടിത്തെറിക്കലും സി.പി.എമ്മിെൻറ നിർത്തിപ്പൊരിക്കലും
കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയവർ മുമ്പ് മുസ്ലിം ലീഗിനെതിരെ നടത്തിയ പ്രസംഗങ്ങൾ ഇടക്കിടെ അന്തരീക്ഷത്തിൽ മുഴങ്ങിക്കേൾക്കുന്നുണ്ട്. കോൺഗ്രസുകാർ പരസ്പരം വിഴുപ്പലക്കുന്നതിന് പക്ഷേ, ഒരു ഡിമാൻഡുമില്ല എന്നതാണ് അവസ്ഥ.
2017ലെ ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയമസഭാംഗത്വം രാജിവെച്ച പി.കെ. കുഞ്ഞാലിക്കുട്ടി നരേന്ദ്രമോദിക്കെതിരെ നടത്തുന്ന 'യുദ്ധപ്രഖ്യാപനം' ഇപ്പോഴും ഓടുന്നുണ്ട്.
മണ്ണാർക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐയിലെ സുരേഷ് രാജിനെതിരെ സി.പി.എം നേതാക്കൾ നടത്തിയ പരാമർശങ്ങൾ മണ്ഡലത്തിലും പുറത്തും പ്രചരിക്കുന്നു. സുരേഷ് രാജ് കൊട്ടക്കണക്കിന് വോട്ടിന് തോൽക്കുമെന്നാണ് മുൻ ഷൊർണൂർ എം.എൽ.എ പി.കെ. ശശിയുടെതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയിൽ പറയുന്നത്.
ഫിറോസ് പി.കെ ആയാലും കുന്നംപറമ്പിലായാലും
ഫേസ്ബുക്ക് ലൈവിലൂടെ ചാരിറ്റി പ്രവർത്തനം നടത്തി ശ്രദ്ധേയനായ ഫിറോസ് കുന്നംപറമ്പിൽ തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയാവുമെന്ന വാർത്ത വന്നതോടെ തുടങ്ങിയ കുത്തിപ്പൊക്കൽ തുടരുകയാണ്. ഒരു കാരണവശാലും രാഷ്ട്രീയത്തിലേക്കില്ലെന്ന് പറയുന്ന ഫിറോസിെൻറ വിഡിയോയുമായി എൽ.ഡി.എഫ് പ്രവർത്തകർ രംഗത്തെത്തി. പൊന്നാനി ലോക്സഭ മണ്ഡലത്തിൽ തോറ്റാൽ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്നും പൊതുപ്രവർത്തനം നിർത്തുമെന്നുമൊക്കെയുള്ള പി.വി. അൻവറിെൻറ പ്രഖ്യാപനവുമായാണ് യു.ഡി.എഫുകാർ ഇതിനെ നേരിട്ടത്. ഫിറോസിെൻറ വേെറയും വിഡിയോകൾ ഉപയോഗിച്ച് പ്രചാരണം ശക്തമാക്കിയിട്ടുണ്ട് ഇടതുപക്ഷത്തുള്ളവർ.
ഡി.വൈ.എഫ്.ഐ നേതാവും എം.എൽ.എയുമായ എ.എൻ. ഷംസീർ ഇദ്ദേഹത്തിെൻറ ചാരിറ്റി പ്രവർത്തനങ്ങളെ വാഴ്ത്തുന്ന വിഡിയോയും തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി പോസ്റ്ററിൽ ഫിറോസിെൻറ ചിത്രം വന്നതും പ്രചരിക്കുന്നുണ്ട്. സമസ്തയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുമ്പ് മുസ്ലിം യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരമിട്ട ഫേസ് ബുക്ക് പോസ്റ്റ് അദ്ദേഹം പെരിന്തൽമണ്ണയിൽ യു.ഡി.എഫ് സ്ഥാനാർഥിയായതോടെ പൊങ്ങിവന്നു. താനൂരിലെ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ഫിറോസിെൻറ മുമ്പത്തെ പോസ്റ്റും പ്രചരിക്കുന്നുണ്ട്. ഇത് പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്കുവിളിക്കെതിരെയാണെന്ന് എതിരാളികൾ പറയുന്നു. പഴയ പോസ്റ്റുകൾ മുക്കുന്ന പണിയിലാണ് ചില നേതാക്കളുടെ ഫേസ് ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവരിപ്പോൾ.
കാനത്തിൽ മുതൽ കാനോത്ത് വരെ
കൊയിലാണ്ടിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കാനത്തിൽ ജമീല മുമ്പ് നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ യു.ഡി.എഫിെൻറ പ്രധാന വിഭവങ്ങളിലൊന്നാണ്. ചേകന്നൂര്‍ മൗലവി അനുസ്മരണത്തില്‍ നടത്തിയ പ്രസംഗം യുക്തിവാദി സംഘം കണ്ണൂര്‍ ജില്ല കമ്മിറ്റി അവരുടെ യൂ ട്യൂബ് പേജില്‍ പങ്കുവെച്ചതായിരുന്നു. ഇത് യു.ഡി.എഫുകാർ പരമാവധി പ്രചരിപ്പിച്ചു.
കൊണ്ടോട്ടിയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി. സുലൈമാൻ ഹാജിയുടെ നാമനിർദേശപത്രിക തള്ളുമെന്ന അവസ്ഥ വന്നു. ഭാര്യയുടെ വിവരങ്ങള്‍ നല്കേണ്ടിടത്ത് 'ബാധകമല്ല' എന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ സുലൈമാൻ ഹാജിയുടെ രണ്ടാം ഭാര്യയായ പാകിസ്താൻ സ്വദേശിനിയുടെ ഫോട്ടോ തപ്പിയെടുത്ത് എതിരാളികൾ പിന്നാലെ കൂടി. പെരിന്തൽമണ്ണയിലെ എൽ.ഡി.എഫ് സ്വതന്ത്രൻ കെ.പി.എം. മുസ്തഫക്കും ഏറെക്കുറെ സമാന അനുഭവമുണ്ടായി. സ്വകാര്യഹോട്ടലിൽ മുസ്തഫയുടെ നിക്കാഹ് നടക്കുന്ന വിഡിയോയാണ് പ്രചരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.