റസീറ്റില്ല, താങ്ക്സ് മാത്രം! വര കടന്നതിന് കൊറിയക്കാരനിൽ നിന്ന് 5000 രൂപ പിഴയീടാക്കി, വിഡിയോ വൈറലായി, ഡൽഹി ട്രാഫിക് പൊലീസുകാരന് സസ്പെൻഷൻ -VIDEO
text_fieldsന്യൂഡൽഹി: ഗതാഗത നിയമലംഘനം ചൂണ്ടിക്കാട്ടി കൊറിയൻ സ്വദേശിയിൽ നിന്ന് അനധികൃതമായി 5000 രൂപ പിഴയീടാക്കുകയും റസീറ്റ് നൽകാതിരിക്കുകയും ചെയ്ത ഡൽഹി ട്രാഫിക് പൊലീസുകാരന് സസ്പെൻഷൻ. 5000 രൂപ പിഴയീടാക്കി കൊറിയൻ സ്വദേശിയോട് 'താങ്ക്സ്' പറഞ്ഞു പോകുന്ന പൊലീസുകാരന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടിയെടുത്തത്.
മഹേഷ് ചന്ദ് എന്ന ട്രാഫിക് പൊലീസുകാരനാണ് സസ്പെൻഷൻ. റോഡിലെ മഞ്ഞവര മറികടന്നുവെന്ന് പറഞ്ഞ് കൊറിയൻ സ്വദേശിയായ കാർ ഡ്രൈവറോട് ഇയാൾ പിഴ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. 500 രൂപ കൊറിയൻ സ്വദേശി ആദ്യം നൽകിയപ്പോൾ 5000 വേണമെന്ന് പൊലീസുകാരൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഡ്രൈവർ 5000 രൂപ നൽകി. പിഴ സംബന്ധിച്ച വിവരമോ റസീറ്റോ നൽകാതെ താങ്ക്സ് പറഞ്ഞ് ഷേക് ഹാൻഡ് നൽകുകയാണ് പൊലീസുകാരൻ ചെയ്തത്. ഇതെല്ലാം കാറിലെ കാമറയിൽ പതിയുന്നുണ്ടായിരുന്നു.
കൊറിയൻ സ്വദേശി തന്‍റെ യൂട്യൂബ് ചാനലിലൂടെ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടു. 'നിങ്ങൾ ഇന്ത്യയിൽ കാർ ഓടിക്കരുതെന്ന് പറയുന്നതിന്‍റെ കാരണം ഇതാണ്' എന്ന അടിക്കുറിപ്പോടെയുള്ള വിഡിയോ വൈറലായി.
പൊലീസുകാരനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ നടപടിയെടുക്കുകയായിരുന്നു. സംഭവം അന്വേഷിക്കുകയാണെന്നും പൊലീസുകാരനെ സസ്പെൻഡ് ചെയ്തതായും ഡൽഹി ട്രാഫിക് പൊലീസ് ട്വീറ്റിൽ പറഞ്ഞു. അഴിമതിക്കാരോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും ട്വീറ്റിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.