വളർത്തുനായുടെ ജന്മദിനാഘോഷത്തിന് പൊടിപൊടിച്ചത് ഏഴുലക്ഷം രൂപ -ചിത്രങ്ങൾ കാണാം
text_fieldsവളർത്തുമൃഗങ്ങളെ സ്വന്തം കുടുംബാംഗങ്ങളായി കാണുന്നവരാണ് പലരും. സ്വന്തം കുട്ടികൾക്ക് നൽകുന്ന എല്ലാ സുഖ സൗകര്യങ്ങളും വളർത്തുമൃഗങ്ങൾക്കും ഇവർ നൽകും. അത്തരത്തിൽ അഹ്മദാബാദിലെ ഒരു കുടുംബം വളർത്തുനായ്ക്ക് നൽകിയ ഒരു ജന്മദിന പാർട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
അബ്ബി എന്നാണ് നായ്ക്കുട്ടിയുടെ പേര്. അബ്ബിയുടെ ജന്മദിന പാർട്ടിക്കായി കുടുംബം ചെലവഴിച്ചതാകട്ടെ ഏഴുലക്ഷം രൂപയും.
ഗുജറാത്ത് അഹ്മദാബാദിലെ നികോൽ പ്രദേശത്തായിരുന്നു അബ്ബിയുടെ ജന്മദിനാഘോഷം. മധുബൻ ഗ്രീനിലെ ഒരു വലിയ സ്ഥലം ജന്മദിനപാർട്ടിക്കായി ഒരുക്കി. മനോഹരമായി ഒരുക്കിയ ടെന്‍റുകളും അലങ്കാര വസ്തുക്കളും നായുടെ നിരവധി പോസ്റ്ററുകളും ഇവിടെ സ്ഥാപിച്ചിരുന്നു.
നിരവധിപേരെയാണ് അബ്ബിയുടെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നത്. ഒരു നായുടെ ജന്മദിനാഘോഷമാണോ ഇത്രയും ആഡംബരമായി നടത്തുന്നതെന്ന് പലരും അമ്പരക്കുകയും ചെയ്തു. കറുത്ത സ്കാർഫ് അണിഞ്ഞ് അബ്ബി പാർട്ടിയിലെ താരമായി. പാർട്ടിയുടെ നിരവധി ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടായിരുന്നു ജന്മദിന പാർട്ടി നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത അതിഥികൾ മാസ്ക് ധരിച്ചില്ലെന്നും സാമൂഹിക അകലം പാലിച്ചില്ലെന്നും അവർ പറഞ്ഞു. പാർട്ടിയിലെ ചിത്രങ്ങൾ പരിശോധിച്ച ശേഷം പകർച്ചവ്യാധി നിയമപ്രകാരം സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.