ഇന്‍റർസ്റ്റേറ്റ് 95ലൂടെ നായ്ക്കുട്ടി ഓടി, ഗതാഗതം നിർത്തിയത് മിനിറ്റുകളോളം; പിന്നാലെ ഓടി പൊലീസ്, ഒടുവിൽ 'കസ്റ്റഡി'
text_fieldsവാഷിങ്ടൺ ഡി.സി: യു.എസിലെ തിരക്കേറിയ പാതകളിലൊന്നായ ഇന്‍റർസ്റ്റേറ്റ് 95ൽ വെള്ളിയാഴ്ച രാവിലെ അവിചാരിതമായ ചിലത് സംഭവിച്ചു. അതിവേഗത്തിൽ ചീറിപ്പായുകയായിരുന്ന വാഹനങ്ങളെല്ലാം വേഗം കുറച്ച് നിർത്തി. ഏതാനും മിനിറ്റുകൾ കാറുകളെല്ലാം റോഡിൽ കാത്തുകിടന്നു. റോഡിലൂടെ ഓടിയ ഒരു നായ്ക്കുട്ടിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയായിരുന്നു ഈ ഗതാഗത സ്തംഭനം. പിന്നാലെയെത്തിയ പൊലീസ് നായ്ക്കുട്ടിയെ കൈയോടെ പിടികൂടിയതിന് ശേഷം മാത്രമാണ് വാഹനങ്ങൾ മുന്നോട്ടെടുത്തത്.
ഫിലാഡൽഫിയയിലെ അലെഗെനി അവന്യൂവിന് സമീപമായിരുന്നു സംഭവം. എൻസോ എന്ന് പേരിട്ട വളർത്തുനായ ഉടമയുടെ കണ്ണുവെട്ടിച്ച് വീട്ടുവളപ്പിൽ നിന്ന് ഓടി തിരക്കേറിയ റോഡിൽ കയറുകയായിരുന്നു. വാഹനങ്ങൾക്കിടയിൽപെട്ട നായ്ക്കുട്ടി പരിഭ്രമിച്ച് തലങ്ങുംവിലങ്ങും ഓടി. ഇതിനെ ഇടിക്കാതിരിക്കാനായി വാഹനങ്ങൾ ഒന്നൊന്നായി വേഗം കുറച്ചുനിർത്തി.
നായ് റോഡിൽ കയറിയത് ഗതാഗതം നിരീക്ഷിക്കുന്ന ലൈവ് കാമറകൾ വഴി പൊലീസും അറിഞ്ഞിരുന്നു. നായ്ക്കുട്ടിയെ രക്ഷിക്കാനായി പൊലീസും പിന്നാലെയോടി. ഒന്നര കിലോമീറ്ററിലേറെ ഓടിയ ശേഷമാണ് പെൻസിൽവാനിയ പൊലീസ് ഉദ്യോഗസ്ഥർക്ക് എൻസോയെ 'കസ്റ്റഡി'യിലെടുക്കാനായത്. അതിനിടെയിൽ ഒരു ട്രക്ക് നായ്ക്കുട്ടിയെ ഇടിച്ചെങ്കിലും കാര്യമായ പരിക്കേറ്റിരുന്നില്ല.
നായയെ പൊലീസുകാർ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനകൾക്ക് ശേഷം കുഴപ്പങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഉടമയോടൊപ്പം വിട്ടത്. ലെയ്സ എന്ന സ്ത്രീയായിരുന്നു എൻസോയുടെ ഉടമ. രാവിലെ ജോലിക്ക് പോകാനുള്ള തിരക്കിനിടെയാണ് എൻസോ കണ്ണുവെട്ടിച്ച് ഓടിയതെന്ന് ഇവർ പറഞ്ഞു. നായയെ തേടി പലയിടത്തും അന്വേഷിക്കുന്നതിനിടെയാണ് പൊലീസ് കണ്ടെത്തിയ വിവരം ഇവർ അറിഞ്ഞത്. എൻസോയുടെ ലൈവ് ലൊക്കേഷൻ അറിയാനായി ജി.പി.എസ് ചിപ്പ് ഘടിപ്പിക്കുമെന്ന് ലെയ്സ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.