‘ചോറിന് 20 രൂപ, മൂന്ന് ലക്ഷം രൂപയുടെ പ്രതിദിന കച്ചവടം; രുചികരമായ ഭക്ഷണം വേണോ? ഞാൻ ഈ ഹോട്ടൽ ശുപാർശ ചെയ്യും’ -ഡോ. തോമസ് ഐസക്
text_fieldsകൊച്ചി: കുറഞ്ഞവിലയ്ക്ക് രുചികരവും വൃത്തിയുള്ളതുമായ ഭക്ഷണം കിട്ടുന്ന ഹോട്ടൽ പരിചയപ്പെടുത്തുകയാണ് മുൻ ധനമന്ത്രിയും സി.പി.എം നേതാവുമായ ഡോ. തോമസ് ഐസക്. ഉച്ചയൂണിന് 20 രൂപ, 4 ഇഡ്ഡലിയും സാമ്പാറും 20 രൂപ, കഞ്ഞി 40 രൂപ എന്നിങ്ങനെയാണ് വിലനിലവാരം. നേരത്തെ സർക്കാർ സബ്സിഡിയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ, സബ്സിഡി നിന്നതോടെ ഇപ്പോൾ മറ്റു ഭക്ഷണങ്ങളിൽ നിന്നുള്ള വരുമാനം കൊണ്ടാണ് പ്രവർത്തിക്കുന്നത്. ദിവസവും 2500ലേറെ ഊൺ വിൽപന നടത്തുന്നു. രാത്രി 11 മണി വരെ തുറക്കുന്ന ഹോട്ടലിൽ ഒരേസമയം 200 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ട്. സ്ത്രീകളുടെ കൂട്ടായ്മ നടത്തുന്ന സംരംഭത്തിൽ ഏതാണ്ട് 150 ജീവനക്കാരുണ്ട്. ഇതിൽ 115 പേർ ഭക്ഷണം പാചകം ചെയ്യുന്നവരാണ്.
തോമസ് ഐസകിന്റെ കുറിപ്പ് വായിക്കാം:
ന്യായവിലയ്ക്ക് നല്ല ഗുണമേന്മയുള്ള രുചികരമായ ഭക്ഷണം വേണോ? ഞാൻ ശുപാർശ ചെയ്യുക നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം പരമാര റോഡിലുള്ള കൊച്ചി നഗരസഭയുടെ "സമൃദ്ധി ഹോട്ടൽ" ആണ്. ഇപ്പോഴും ഉച്ചയൂണിന് 20 രൂപയേയുള്ളൂ. 38 രൂപ ചെലവുവരും. സർക്കാർ സബ്സിഡി നിന്നു. പക്ഷേ, മറ്റു ഭക്ഷണങ്ങളിലുള്ള ക്രോസ് സബ്സിഡികൊണ്ട് എല്ലാ ദിവസവും 2500-ലേറെ ഊണുകൾ ഇവിടെ നൽകുന്നു. പാഴ്സലുമുണ്ട്. പക്ഷേ, 10 രൂപ അധികം നൽകണം.
ഇഡ്ഡലി, വിവിധതരം ദോശകൾ, അപ്പം, പൂരി, ഇടിയപ്പം, പൊറോട്ട, പുട്ട്, ഉപ്പുമാവ്, മില്ലറ്റ് കഞ്ഞി, അരിക്കഞ്ഞി ഇങ്ങനെ 25 തരം പ്രഭാതഭക്ഷണത്തിന് റെഡി. ഉച്ചയ്ക്ക് ഊണിന് മീൻ, പലതരം ഇറച്ചികൾ തുടങ്ങിയ ഒരു ഡസനിലേറെ സ്പെഷ്യലുകൾ. ബിരിയാണിയും ലഭ്യമാണ്.
സൗജന്യ വിലയ്ക്ക് ഊണ് നൽകുന്നതുപോലെ സൗജന്യ വിലയ്ക്ക് ഒരു ടിഫിനുമുണ്ട്. 20 രൂപയ്ക്ക് 4 ഇഡ്ഡലിയും സമൃദ്ധമായി കഷണങ്ങളുള്ള സാമ്പാറും. രാത്രി 11 മണി വരെ ഭക്ഷണം ഉണ്ട്. ഏതാണ്ട് 200 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും. പണമടച്ച് ടോക്കൺ എടുത്താൽ ബന്ധപ്പെട്ട കൗണ്ടറിൽ പോയി ഭക്ഷണസാധനങ്ങൾ വാങ്ങാം.
ഭക്ഷണം രുചികരമാണെന്നതിന് എന്താണ് ഇത്ര ഉറപ്പ്? ഫുഡ്കോർട്ടിനു ചുറ്റുമായിട്ടാണ് വിതരണ ജാലകങ്ങൾ. അതിനു പുറകിലൂടെ എല്ലാം രുചി നോക്കി കൊണ്ടൊരു യാത്രയായിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ പൂർണ്ണമായും കൂടെയുണ്ടായിരുന്നു. പിന്നെ ഓരോ സെക്ഷനിലും അവിടുത്തെ പ്രമാണിയും. ഇങ്ങനെ പെറുക്കിത്തന്ന് വയറ് നിറഞ്ഞതുകൊണ്ട് ഷീബ ബ്രേക്ക്ഫാസ്റ്റിനുവേണ്ടി പ്രത്യേകം തയ്യാറാക്കിക്കൊണ്ടുവന്ന പോർക്ക് വിന്റാലു കുറച്ചേ കഴിക്കാനായുള്ളൂ.
ദിവസവും മൂന്ന് ലക്ഷത്തിലേറെ രൂപയുടെ വില്പനയുണ്ട്. ഏതാണ്ട് 150 ജീവനക്കാരുണ്ട്. നടത്തുന്നത് മുഖ്യമായും സ്ത്രീകളുടെ കൂട്ടായ്മ സംരംഭമാണ്. 115 പേർ ഭക്ഷണം പാചകം ചെയ്യാൻ തന്നെയുണ്ട്.
വെജിറ്റേറിയൻ നോൺവെജിറ്റേറിയൻ കിച്ചണുകൾ വേർതിരിച്ചിട്ടുണ്ട്. വിവിധയിനം പാചകങ്ങൾ, വിതരണം, പാഴ്സൽ, പർച്ചെയ്സ് & സ്റ്റോർ, അക്കൗണ്ട്സ് തുടങ്ങി ഒരു ഡസൻ ഡിപ്പാർട്ട്മെന്റുകളിലായിട്ടാണ് ജീവനക്കാർ പ്രവൃത്തിയെടുക്കുന്നത്. ഓരോന്നിനും ഡിപ്പാർട്ട്മെന്റ് ഹെഡ്ഡുമുണ്ട്. ജീവനക്കാർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ പ്രത്യേക ഹാളുണ്ട്.
ജീവനക്കാർ തൃപ്തരാണ്. 15000 മുതൽ 35000 രൂപ വരെയാണ് മാസവരുമാനം. ജീവനക്കാരുടെ ഗ്രേഡിനെയും എത്ര മണിക്കൂർ അധിക ഷിഫ്റ്റിൽ ജോലി ചെയ്യാൻ തയ്യാറാകുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കും വേതനം. വരവും ചെലവും ഒത്തുപോകുന്നു. നഷ്ടമില്ല. അതുകൊണ്ടുതന്നെ സംരംഭത്തിന് ലാഭവിഹിതം നൽകാൻ കഴിഞ്ഞിട്ടില്ല.
എറണാകുളം സമൃദ്ധി ഒരു വിസ്മയമാണ്. സർക്കാരിന്റെയോ കോർപ്പറേഷന്റെയോ പ്രവർത്തന സബ്സിഡിയൊന്നുമില്ലാതെ ഒരു ജനപ്രിയ ന്യായവില ഭക്ഷണശാല നാല് വർഷത്തിലേറെയായി പ്രവർത്തിക്കുന്നു. അനിൽകുമാർ മേയർ ആയിക്കഴിഞ്ഞശേഷം മാരാരിക്കുളത്തെ ജനകീയ ഭക്ഷണശാലയിൽ വന്നിരുന്നു. അന്നു മുളപൊട്ടിയതാണ് ഇത്തരമൊരു ഭക്ഷണശാലയെക്കുറിച്ചുള്ള ആശയം. ഇന്ന് അത് താരതമ്യമില്ലാത്തൊരു സംരംഭമായി വളർന്നിരിക്കുന്നു.
വളർച്ചയെന്നത് വെറുതേ പറഞ്ഞതല്ല. തുടങ്ങിയ വർഷം 30000 രൂപയായിരുന്നു പ്രതിദിന കച്ചവടം. ഇന്നത് 3 ലക്ഷം രൂപയാണ് പ്രതിദിന കച്ചവടം. ജനപ്രിയം കുറയുകയല്ല നാൾക്കുനാൾ കൂടുകയാണ്. വളരെ കർശനമായ ശുചിത്വ പ്രോട്ടോക്കോളാണ്. ഇക്കാര്യത്തിൽ ഒരു വിമർശനത്തിനും ഇടയില്ല.
തിരികെ പോരുമ്പോൾ മേയർ അനിൽകുമാറിനോട് ഞാൻ ചോദിച്ചു. മാജിതയുടെ പൊന്നാനിയിലെയും ഗിരിജയുടെ ബാലുശേരിയിലെയും പോലെ സമൃദ്ധിയെ എറണാകുളത്തെ താല്പര്യമുള്ള വീട്ടുകാരുടെ കോമൺ കിച്ചൺ ആക്കിക്കൂടേ?
ജോലിയുള്ള സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്നം ഭക്ഷണം തയ്യാറാക്കലാണ്. രാവിലെയും ഉച്ചത്തെയും ഭക്ഷണം തയ്യാറാക്കണം. കുട്ടികളെ സ്കൂളിൽ വിടണം. എന്നിട്ടുവേണം അവർക്കു ജോലിക്ക് പോകാൻ. ഭ്രാന്തുപിടിച്ച് പ്രവർത്തിച്ചാലും മനസ് നിറഞ്ഞ് വീട്ടുകാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ കഴിയില്ല. ഇങ്ങനെയുള്ള വീട്ടുകാർക്ക് എന്തുകൊണ്ട് കാലത്തുതന്നെ പ്രവൃത്തി ദിനങ്ങളിൽ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ചോറ്റുപാത്രങ്ങളിലാക്കി എത്തിച്ചുകൊടുത്തുകൂടാ?
ചായ മാത്രം വീട്ടുകാർ തയ്യാറാക്കിയാൽ മതിയല്ലോ. കുട്ടികളെ പഠിപ്പിക്കാനും സ്വന്തം കാര്യങ്ങൾ നോക്കാനും ജോലിയെടുക്കുന്ന സ്ത്രീകൾക്ക് സമയം കിട്ടും. ഇതിനായി ഡെലിവറി ജീവനക്കാരുടെ ഒരു ശൃംഖല ഉണ്ടാക്കണം. നിശ്ചയമായും ഡെലിവറി ചാർജ്ജ് ഉപഭോക്താവ് വഹിക്കേണ്ടിവരും. എന്നാലും വീട്ടിൽ ഇതേ ഭക്ഷണം പാചകം ചെയ്യുന്നതിനേക്കാൾ ചെലവ് കുറവായിരിക്കും. അതിലും പ്രധാനം ജോലിയെടുക്കുന്ന സ്ത്രീകൾക്കുണ്ടാകുന്ന ആശ്വാസമാണ്.
മേയർ തലകുലുക്കിയിട്ടുണ്ട്. കൊച്ചി കോർപ്പറേഷന്റെ ഏറ്റവും വലിയ ജന്റർ ഇടപെടലുകളിൽ ഒന്നായിരിക്കും ഈ കോമൺ കിച്ചൻ. ഇതുപോലൊന്ന് ലോകത്ത് എവിടെയും ഉണ്ടാവില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.