തമ്പിൽ അവർ രണ്ടുപേരും ഒന്നിച്ച് കഴിഞ്ഞത് 25 വർഷം; പ്രിയപ്പെട്ടവളുടെ വിയോഗത്തിൽ വിതുമ്പി മഗ്ദ, കരളലിയിപ്പിച്ച് ആനകളുടെ സ്നേഹം
text_fieldsപ്രിയപ്പെട്ടവരുടെ വിയോഗത്തിൽ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ദുഃഖമുണ്ടാവുമെന്ന് കാണിക്കുന്ന ഹൃദയസ്പർശിയായ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാവുന്നത്.
റഷ്യയിലെ സർക്കസിൽനിന്ന് വിരമിച്ച ആന തന്‍റെ ദീർഘകാല കൂട്ടുകാരിയുടെ വിയോഗത്തിൽ വേദനിക്കുന്ന ദൃശ്യങ്ങളാണ് നിരവധി പേരുടെ ഉള്ളുലച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി സർക്കസ് കൂടാരത്തിൽ ഒരുമിച്ച് പ്രകടനം നടത്തിയ ആനകളാണ് ജെന്നിയും മഗ്ദയും. ഇൗ ആഴ്ചയാണ് ജെന്നി പെട്ടന്ന് കുഴഞ്ഞുവീണ് മരിച്ചത്.
തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ വിയോഗം മഗ്ദയെ നിരാശപ്പെടുത്തി. ജെന്നിയെ കെട്ടിപ്പിടിച്ച് മണിക്കൂറുകളോളം മഗ്ദ കരഞ്ഞു. ജെന്നി നിലത്ത് വീണ ആദ്യ നിമിഷങ്ങളിൽ തുമ്പിക്കൈയും കാലും കൊണ്ട് അവളെ തട്ടി ഉണർത്താൻ മഗ്ദ തീവ്രമായി ശ്രമിക്കുന്നത് ദൃശ്യത്തിൽ കാണാം.
തുമ്പിക്കൈ കൊണ്ട് തലോടിയും തട്ടി വിളിക്കാൻ ശ്രമിച്ചുമൊക്കെ മഗ്ദ ജെന്നിയുടെ അരികിൽ നിന്നും മാറാതെ നിന്നു. നിരവധിപേരാണ് വിഡിയോക്ക് കമന്‍റുമായി എത്തിയത്.
വിഡിയോ സങ്കടമുണ്ടാക്കുന്നുവെന്നും ഏറ്റവും ഇഷ്ടപ്പെടുന്നത് ഇല്ലാതാകുന്ന അവസ്ഥയേക്കാള്‍ വലുത് മറ്റൊന്നില്ലെന്നും ചിലർ പറഞ്ഞു. ആനകളുടെ വൈകാരിക ബുദ്ധിയെകുറിച്ചും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. മനുഷ്യരെ കൂടാതെ ശ്മശാന ചടങ്ങുകള്‍ നടത്തുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുള്ള സസ്തനികളാണ് ആനകളെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.