''ഇന്ന് നിനക്ക് തിന്നാൻ കൊള്ളില്ലടാ, പൊറോട്ട തരാം'' തങ്കപ്പൻ ചേട്ടെൻറ ഹലാൽ കപ്പ ബിരിയാണിക്കഥ
text_fieldsസംസ്ഥാനത്ത് ഹലാൽ ബ്രാൻഡിങ്ങിനെതിരെ മാസങ്ങളായി സോഷ്യൽ മീഡിയയിലും മറ്റുമായി സംഘ്പരിവാറും ചില തീവ്ര ക്രൈസ്തവ വിഭാഗങ്ങളും കാമ്പയിൻ നടത്തുന്ന സാഹചര്യത്തിൽ ശ്രദ്ധേയമായ ഫേസ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ് ഇടുക്കിയിലെ ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂൾ അധ്യാപകനായ ഫൈസൽ മുഹമ്മദ്.
ഫൈസൽ മുഹമ്മദിെൻറ ഫേസ്ബുക്ക് പോസ്റ്റ്
അങ്ങനെ നാട്ടിൽ 'ഹലാൽ' ഭക്ഷണവിവാദം ഉയർന്നു വരികയാണ്...
ഞങ്ങളുടെ നാട്ടിൽ വെള്ളയാംകുടിയിൽ ഒരു തങ്കപ്പൻ ചേട്ടൻ നടത്തുന്ന ചായക്കട ഉണ്ടായിരുന്നു.
തങ്കപ്പൻ ചേട്ടെൻറ കടയിൽ നല്ല കപ്പബിരിയാണി കിട്ടും. ഒരു വട്ടം തിന്നവൻ പിറ്റേദിവസവും അതേ നേരം വന്ന് തിന്നിരിക്കും. അത്രയ്ക്കുണ്ട് രുചി. കുറച്ച് സവാളയും കൂടെ തങ്കപ്പൻ ചേട്ടെൻറ സ്നേഹവും കൂടിയാകുമ്പോൾ സംഗതി ക്ലാസ്സാകും.
ഒരു സിംഗിൾ കപ്പബിരിയാണിക്ക് 5 രൂപ മുതൽ തിന്നാൻ തുടങ്ങിയതാണ്. അത് 10 ആയി 15 ആയി അങ്ങനെ അവസാനം 45 വരെ ഞാൻ സ്ഥിരമായി അവിടുന്ന് തന്നെയായിരുന്നു കഴിച്ചത്. പിന്നീട് ആ നാട് വിട്ടപ്പോൾ ആ തീറ്റയും അവസാനിച്ചു.
എെൻറ ഭക്ഷണ രീതികളെ കുറിച്ചൊക്കെ തങ്കപ്പൻ ചേട്ടന് നല്ലത് പോലെ അറിയാവുന്നത് കൊണ്ട്, ചിലപ്പോൾ കപ്പബിരിയാണി തിന്നാൻ കൈ കഴുകി ഇരിക്കുമ്പോൾ തങ്കപ്പൻ ചേട്ടൻ പറയും, " ഇന്ന് നിനക്ക് തിന്നാൻ കൊള്ളില്ലടാ, പൊറോട്ട തരാം " എന്ന്. എന്നിട്ട് മുഖത്ത് നോക്കി ഒരു ചിരിയും. കാരണം അന്നത്തെ കപ്പബിരിയാണിയിൽ ഉപയോഗിച്ച ഇറച്ചി ഹലാൽ ആയിരിക്കില്ല.
ഇനി ഒരുപക്ഷേ തങ്കപ്പൻ ചേട്ടൻ എന്നോടാ കാര്യം മറച്ചു വെച്ചു എന്നു വിചാരിക്കുക. ഞാൻ ഒരു മടിയും കൂടാതെ ആ കപ്പബിരിയാണി തിന്നും. അതാണ് അദ്ദേഹത്തോട് എനിക്കുള്ള വിശ്വാസം. അദ്ദേഹത്തിന് അത് അറിയാം. അതാണ് അദ്ദേഹത്തെ കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത്. അത് മനുഷ്യർ തമ്മിലുള്ള വിശ്വാസത്തിെൻറയും ബന്ധത്തിെൻറയും ഭാഗമാണ്.
കേരളത്തിലെ 99% ഹോട്ടലുകാരും തങ്ങളുടെ കസ്റ്റമർ ഹലാൽ ആണോ എന്ന് ചോദിക്കുമ്പോൾ ആണെങ്കിൽ ആണ് അല്ലങ്കിൽ അല്ല എന്ന് പറയുന്നവരാണ്.
എന്താണ് ഈ ഹലാൽ ഭക്ഷണം. ഈശ്വരെൻറ നാമത്തിൽ വിശ്വസിയായ ഒരാൾ അറുത്ത മൃഗങ്ങളുടെ മാംസമാണ് ഹലാൽ ഭക്ഷണം. ഇത് നേർച്ചയോ മുസ്ലിം ദേവന് നിവേദിച്ചതോ അല്ല. അങ്ങനെ വേറെയുണ്ട് 'നേർച്ചകോഴികൾ' എന്നൊക്കെ കേട്ടിട്ടില്ലേ?
മാംസത്തിെൻറ കാര്യത്തിൽ അല്ലാതെ മറ്റു ഭക്ഷ്യവസ്തുകളുടെ കാര്യത്തിൽ ഹലാൽ ഹറാം എന്നൊരു വേർതിരിവ് ഇല്ല. ഹലാൽ എന്ന വാക്കിെൻറ അർത്ഥം അനുവദനീയമായത് എന്നാണ്. അതിെൻറ എതിർ പദമാണ് ഹറാം. അതിെൻറ അർത്ഥം നിഷിദ്ധം എന്നും.
ഹലാൽ ഭക്ഷണം അല്ലാത്ത കടയിൽ കയറി മറ്റു ഭക്ഷണങ്ങൾ കഴിക്കുന്നതിന് ഒരു തടസ്സവുമില്ല. വീട്ടിൽ നിന്നൊക്കെ അപ്പനുമായി യാത്ര ചെയ്യുമ്പോൾ രാവിലെ സമയങ്ങളിൽ നല്ല കീർത്തനങ്ങളും മറ്റും ഉച്ചത്തിൽ വെച്ചിരിക്കുന്ന ആര്യാസ് പോലെയുള്ള കടകളിൽ മാത്രമേ അവർ കയറൂ. അതാകുമ്പോൾ നോൺവെജ് ഒന്നും കാണില്ലലോ എന്നാണ് അവർ പറയുന്നത്.
ഹലാൽ ഭക്ഷണം കിട്ടിയില്ല എന്നു കരുതി ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല. ഇല്ലങ്കിൽ ഇല്ലാത്തത് പോലെ ഉണ്ടങ്കിൽ ഉള്ളത് പോലെ. പിന്നെ ചില വക്രബുദ്ധികൾ ഹലാലല്ലാത്ത ഭക്ഷണം കടയിൽ വെച്ചിട്ട് ഹലാൽ ആണ് എന്ന് പറഞ്ഞ് തങ്ങളുടെ കസ്റ്റമറെ പറ്റിക്കാം എന്നു കരുതുന്നുണ്ടാകും. എന്നാൽ അത്തരം ചതികൾ ഒന്നേ പറ്റൂ. മനുഷ്യപറ്റുള്ളവന് തങ്ങളെ വിശ്വസിക്കുന്നവരെ ചതിക്കാൻ തോന്നില്ല.
ഇനിയിപ്പോൾ ഹലാൽ ഇറച്ചി കിട്ടിയില്ലങ്കിൽ ഇറച്ചിയില്ലാതെ മീനും കൂട്ടി തിന്നും അതിനൊരു കുഴപ്പവുമില്ല. ഈ നാട്ടിൽ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം. ഓരോരുത്തരും അവരവരുടെ വിശ്വാസത്തിന്റെ ഭാഗമായി ജീവിക്കുന്നു. മറ്റുള്ളവരും അങ്ങനെയെ ജീവിക്കാവൂ എന്നു വാശിപിടിച്ചാൽ അത് അംഗീകരിക്കേണ്ടതില്ല.അങ്ങനെ നാട്ടിൽ 'ഹലാൽ' ഭക്ഷണവിവാദം ഉയർന്നു വരികയാണ്...
ഞങ്ങളുടെ നാട്ടിൽ വെള്ളയാംകുടിയിൽ ഒരു തങ്കപ്പൻ ചേട്ടൻ നടത്തുന്ന...
Posted by Faisal Muhammed on Thursday, 14 January 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.