‘ഫുൾ എ പ്ലസ് ഒന്നുമില്ല; നന്നായി പന്തു കളിക്കുന്ന, പക്ഷികൾക്ക് വെള്ളം കൊടുക്കുന്ന മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു...’ -വൈറലായി ഉപ്പയുടെ കുറിപ്പ്
text_fieldsമലപ്പുറം: എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം വന്നതിനുപിന്നാലെ ഒരു ഉപ്പ മകനെ കുറിച്ച് എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഇത്തവണ പത്താം ക്ലാസ് പാസായ മകൻ മുഹമ്മദ് ഹാഷിമിനെ കുറിച്ച് എഴുത്തുകാരൻ കൂടിയായ മുഹമ്മദ് അബ്ബാസാണ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. രണ്ട് എ പ്ലസും ബാക്കി എയും ബി യുമാണ് ഹാഷിമിന് ലഭിച്ചത്.
മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നുവെന്ന് പറഞ്ഞ് തുടങ്ങുന്ന കുറിപ്പ് ആയിരക്കണക്കിനാളുകളാണ് പങ്കുവെക്കുകയും കമന്റ് ചെയ്യുകയും ചെയ്തത്. ‘അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന്, പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന്, സ്വന്തം വസ്ത്രങ്ങൾ അലക്കുകയും കഴിച്ച പാത്രങ്ങൾ കഴുകുകയും സ്വന്തം കിടപ്പിടം തുടക്കുകയും മുറ്റമടിക്കുകയും ചെയ്യുന്നതിന്, പോക്കറ്റ് മണിയിൽ നിന്ന് കൂട്ടുകാർക്ക് ഒരോഹരി കൊടുക്കുന്നതിന്, നന്നായിട്ട് പന്തു കളിക്കുന്നതിന്, ഈ ഭൂമിയിൽ എൻ്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു. ഏറ്റവും സ്നേഹത്തോടെ ഞാനവൻ്റെ നിറുകയിൽ ഉമ്മ വെയ്ക്കുന്നു’ -അബ്ബാസ് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
ഫുൾ എ പ്ലസ് ഒന്നുമില്ല.
രണ്ട് എ പ്ലസ്,
ബാക്കി എ യും,
ബി യും.
ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു.
അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന് ,
ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന്,
സ്വന്തം വസ്ത്രങ്ങൾ അലക്കുകയും ,കഴിച്ച പാത്രങ്ങൾ കഴുകുകയും ,സ്വന്തം കിടപ്പിടം തുടക്കുകയും മുറ്റമടിക്കുകയും ചെയ്യുന്നതിന്.
ഞാൻ കൊടുക്കുന്ന ചെറിയ പോക്കറ്റ് മണിയിൽ നിന്ന്, പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക്
ഒരോഹരി കൊടുക്കുന്നതിന്,
ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന്,
നന്നായിട്ട് പന്തു കളിക്കുന്നതിന്,
ഈ ഭൂമിയിൽ എൻ്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു. ഏറ്റവും സ്നേഹത്തോടെ ഞാനവൻ്റെ നിറുകയിൽ ഉമ്മ വെയ്ക്കുന്നു.
ജീവിതത്തിലെ യഥാർത്ഥ പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ ,ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു. ഒപ്പം ഫുൾ എ പ്ലസ് നേടിയ അവൻ്റെ കൂട്ടുകാരെയും, മറ്റു കുട്ടികളെയും അഭിനന്ദിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ, അതിലേറെ അഭിമാനത്തോടെ
മുഹമ്മദ് ഹാഷിമിൻ്റെ
ഉപ്പ ,
അബ്ബാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.