കാമുകിയുടെ ജന്മദിനാഘോഷം: കാറുകളുമായി ജില്ലാ പൊലീസ് ഓഫിസിനു മുന്നിൽ ഗുണ്ട സംഘങ്ങളുടെ വിളയാട്ടം -വൈറലായി വിഡിയോ
text_fieldsകാൺപൂർ (ഉത്തർപ്രദേശ്): കാൺപൂരിൽ ജില്ലാ പൊലീസ് ഓഫിസിനു തൊട്ടു മുന്നിൽ പന്ത്രണ്ടു കാറുകളുമായി ഗുണ്ട സംഘങ്ങളുടെ വിളയാട്ടം. കാൺപൂരിലെ ബാര പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഡി.സി.പി ഓഫിസിന് സമീപത്താണ് സംഭവം.
ഗുണ്ടാസംഘം നിയമങ്ങൾ ലംഘിച്ച് 12ഓളം വാഹനങ്ങളുമായി തെരുവുകളിൽ കാർ റേസിങ് നടത്തുകയായിരുന്നു. ഗുണ്ടാസംഘം തന്നെ ചിത്രീകരിച്ച റീൽ സോഷ്യൽ മീഡിയയിൽ വൈറലായി. തുടർന്ന് പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നെറ്റിസൺസ് ആവശ്യപ്പെട്ടു. നമ്പർ പ്ലേറ്റില്ലാത്ത എസ്.യു.വികളിൽ ബ്ലാക്ക് ഫിലിമുകൾ ഒട്ടിച്ചിരുന്നു. കാറിന്റെ മുൻ സീറ്റിലിരുന്ന് കാമറക്ക് നേരെ കൈവീശി കാണിക്കുന്ന കാമുകിയെ കാണാം.
കാറുകൾ റോഡിൽ അതിവേഗം പായുന്നതും വൃത്താകൃതിയിൽ അഭ്യാസ പ്രകടനം നടത്തുന്നതും വിഡിയോയിൽ ഉണ്ട്. ഗുണ്ടാസംഘം കാമറക്കു നേരെ പുഞ്ചിരിക്കുകയും കൈ വീശുകയും ചെയ്യുന്നു. 30 വയസുള്ള ഗുണ്ടാനേതാവ് ഗുരുതരമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് റിപ്പോർട്ടുകളുണ്ട്.
കൗമാരക്കാരിയായ പെൺകുട്ടിയുടെ അശ്ലീല വീഡിയോ നിർമാണം, ഡോക്ടർ ദമ്പതികളുടെ മകളെ ഭീഷണിപ്പെടുത്തൽ അടക്കം കേസുകൾ ഇയാളുടെ പേരിലുണ്ട്. ഇയാൾക്കെതിരെ നേരത്തെ ഗുണ്ടാ നിയമപ്രകാരവും പൊലീസ് കേസെടുത്തിരുന്നു. ഗുണ്ടാസംഘത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രതികരണം വർദ്ധിച്ചതോടെ കാൺപൂർ പൊലീസ് പ്രതിയെ പിടികൂടുമെന്ന് അറിയിച്ചു. ‘കേസുമായി ബന്ധപ്പെട്ട് ബാര സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. മറ്റ് ആവശ്യമായ നടപടികൾ നടന്നുവരികയാണെ’ന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.