മൂന്നാംക്ലാസിൽ പഠിക്കുന്ന മകന്റെ പ്രതിമാസ സ്കൂൾ ഫീസ് 30,000 രൂപ; ആശങ്ക പങ്കുവെച്ച് പിതാവ്
text_fieldsഇന്നത്തെ കാലത്ത് പണപ്പെരുപ്പവും ഉയർന്ന ജീവിത ചെലവും മൂലം ജീവിക്കാൻ പെടാപ്പാട് പെടുകയാണ് ആളുകൾ. മെട്രോ നഗരങ്ങളിൽ ജീവിക്കാനാണ് ഏറ്റവും കൂടുതൽ കഷ്ടപ്പാട്. റോക്കറ്റ് പോലെ കുതിച്ചുയരുന്ന അവശ്യ സാധനങ്ങളുടെ വിലവർധനയും വീട്ടുവാടകയും മറ്റ് ചെലവുകളും ആളുകളുടെ കീശചോർത്തുകയാണ്. ഇതിനിടയിലാണ് മകന്റെ ഫീസ് കൊടുക്കാൻ വിഷമിച്ചുകൊണ്ട് ഒരച്ഛൻ എക്സിൽ പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നത്. ഓരോ വർഷവും സ്കൂൾ ഫീസ് 10 ശതമാനമാണ് വർധിക്കുന്നത്. ഗുരുഗ്രാമിൽ നിന്നുള്ള ഉദിത് ഭണ്ഡാരിയാണ് ആശങ്ക പങ്കുവെച്ചത്.
ഗുരുഗ്രാമിലെ പ്രശസ്തമായ സി.ബി.എസ്.ഇ സ്കൂളിലാണ് ഉദിത്തിന്റെ മകൻ പഠിക്കുന്നത്. മാസത്തിൽ 30,000 രൂപ ഫീസടക്കണം. എല്ലാവർഷവും സ്കൂൾ ഫീസ് 10 ശതമാനം കണ്ട് വർധിപ്പിച്ചാൽ മകൻ 12ാം ക്ലാസിലെത്തുമ്പോൾ 9,00,000 രൂപ ഫീസായി നൽകേണ്ടി വരുമെന്ന ആശങ്കയും ഉദിത്ത് പങ്കുവെക്കുന്നുണ്ട്.
ഓരോ വർഷവും 10 ശതമാനം ഫീസ് വർധിപ്പിക്കുന്നുണ്ടെങ്കിലും എന്തിനാണ് അതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കാറില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. രക്ഷിതാക്കൾ ഫീസ് വർധനവിൽ പ്രതിഷേധം രേഖപ്പെടുത്തുമ്പോൾ നിങ്ങളുടെ കുട്ടികളെ ഫീസ് കുറഞ്ഞ മറ്റൊരു സ്കൂളിലേക്ക് മാറ്റൂ എന്നാണ് അവരുടെ മറുപടിയെന്നും ഉദിത്ത് എക്സിൽ കുറിച്ചു.
നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരിച്ചത്. പലരും സമാന അനുഭവസ്ഥരുമാണ്. ഇത്തരത്തിലുള്ള സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കാൻ ഇന്ത്യയിൽ നടപടികളില്ല. അവർക്ക് കൊള്ളലാഭത്തിന് വേണ്ടിയുള്ള ബിസിനസാണ് സ്കൂൾ നടത്തിപ്പ്. പല രക്ഷിതാക്കൾക്കും ഒരു കുട്ടി മാത്രമേയുണ്ടാകുകയുള്ളൂ. അവർക്ക് ഏറ്റവും നല്ലത് കൊടുക്കുകയാണ് രക്ഷിതാക്കളുടെ ആഗ്രഹം. സർക്കാർ സ്കൂളുകളുടെ കാര്യം പരമദയനീയമാണു താനും. അതിനാലാണ് ഭീമമായ ഫീസ് കൊടുത്ത് പലർക്കും സ്വകാര്യ സ്കൂളുകളിൽ കുട്ടികളെ ചേർക്കേണ്ടി വരുന്നതെന്നും ഒരാൾ പ്രതികരിച്ചു.
സ്വകാര്യ സ്കൂൾ ഫീസ് വർധനവിൽ സർക്കാർ ഇടപെടണമെന്ന് മറ്റൊരാൾ ആവശ്യപ്പെട്ടു. ബംഗളൂരിലെ സ്ഥിതിയും ഒരാൾ വിവരിക്കുന്നുണ്ട്.ക്വിന്റർ ഗാർട്ടനിൽ പോലും ഭീമമായ ഫീസാണ്. ജോലിക്കു പോകേണ്ടി വരുന്നതിനാൽ കുട്ടിയെ ക്വിന്റർഗാർട്ടനിൽ വിടാതിരിക്കാനും രക്ഷിതാക്കൾക്ക് നിർവാഹമില്ല. വിദ്യാഭ്യാസം അവകാശമാണെന്നും ആഡംബരമല്ലെന്നും മറ്റൊരാൾ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.