ഹാദാ സലാം... ഫലിമ സലാം...
text_fieldsഇതാണോ സമാധാനം? പിന്നെ എന്താണ് സമാധാനം? ഹാദാ സലാം.. ഫലിമ സലാം... യുദ്ധം മുറിവേൽപ്പിച്ചവരുടെ മനസ്സിലുള്ളത് പറയാതെ പറയുന്ന വരികളായി ലോകം സ്വീകരിച്ചിരിക്കുകയാണ് കുവൈത്തി പാട്ടുകാരി മർയം ശിഹാബ് എഴുതി താളം കൊടുത്ത ഈ ഗാനം. ഇന്ന് ഗസ്സയുടെ നോവിന്റെ താളമായി മാറിയിരിക്കുകയാണീ വരികൾ. ഫലസ്തീനു വേണ്ടി ഈ പാട്ട് പാടി ലോകമൊട്ടാകെ വൈറലായിരിക്കുകയാണ് അമീന നൂറ എന്ന മലയാളി പെൺകുട്ടി.
സോഷ്യൽ മീഡിയയിൽ പലരാജ്യത്തുനിന്നുള്ള ലക്ഷകണക്കിനാളുകളാണ് അമീനയുടെ ശബ്ദത്തിലുള്ള ഈ പാട്ട് ഇരുകയ്യും നീട്ടി സ്വീകരിച്ചത്. ഷാർജയിലെ അൽ ഖാസിമിയ യൂണിവേഴ്സിറ്റിയിൽ രണ്ടാംവർഷ എക്കണോമിക്സ് ആൻഡ് മാനേജ്മന്റ് ബിരുദ വിദ്യാർഥിനിയാണ് അമീന.
ഫലസ്തീനിൽ ദുരിതമനുഭവിക്കുന്നവരുടെ വാക്കുകളായാണ് ഇന്ന് ലോകം ഈ വരികൾ കാണുന്നത്. സോഷ്യൽ മീഡിയയിൽ സ്ക്രോള് ചെയ്തു പോകുമ്പോൾ ഒരിക്കലെങ്കിലും ഹാദാ സലാം എന്നു തുടങ്ങുന്ന അമീന പാടിയ പാട്ട് നമ്മുടെ മനസ്സിലൊന്നുടക്കിയേക്കാം.
ഒന്ന് കണ്ണടച്ചാൽ ഗാസയിലെ കണ്ണ് നനയിക്കുന്ന ഓരോ ദൃശ്യങ്ങളും ഈ പാട്ടിന്റെ വരികളിലൂടെ മനസ്സിലേക്കെത്തും. നിരപരാധികളായ ഒട്ടനവധി പേരുടെ തേങ്ങലുകളാണ് ഈ വരികൾ. ഇമ്പമുള്ള ഈണത്തിലും താളത്തിലും അറബി ഉച്ചാരണം ഒട്ടും പിഴക്കാതെയാണ് അമീന ഈ പാട്ടുപാടിയത്.
സമാധാനം എന്താണെന്ന് പോലും അറിയാതെ മാസങ്ങളായി യുദ്ധത്തിന്റെ ഭീതിയിൽ കഴിയുന്ന ഒരു ഫലസ്തീനിയുടെ ചോദ്യങ്ങളായിട്ടാണ് ഈ പാട്ടിൻറെ അർത്ഥം വരുന്നത്. സൂക്ഷിച്ച് ഒന്ന് കേട്ടാൽ കണ്ണ് നനയിപ്പിക്കും ഈ വരികൾ. അത് ഇമ്പമുള്ള ശബ്ദത്തിൽ അറബി ഉച്ചാരണം ഒട്ടും പിഴക്കാതെകൂടിയാകുമ്പോൾ ആരുടെയും ഹൃദയത്തിൽ ഈ പാട്ട് സ്ഥാനം പിടിക്കും.
ഇതാണോ സമാധാനം..പിന്നെ എന്താണ് സമാധാനം? കണ്ണിൽനിന്ന് കണ്ണുനീരിന് പകരം ചോരയാണ് വരുന്നത്. ഇങ്ങനെയാണ് ഈ വരികളുടെ അർത്ഥം വരുന്നത്.
തൃശൂർ മാള സ്വദേശിയായ മുഹമ്മദ് അലിയാരുടെയും, ഫൗസിയ മുഹമ്മദിന്റെയും മൂന്ന് പെൺമക്കളിൽ രണ്ടാമത്തെയാളാണ് അമീന. ചെറുപ്പം മുതലേ പാട്ടിനോട് ഇഷ്ടമുള്ളയാളാണ് അമീന. ഉപ്പൂപ്പയോടൊപ്പം പാട്ട് പാടി വളർന്ന അമീനക്ക് നല്ലൊരു പാട്ടുകാരിയാവാനാണ് ആഗ്രഹം.
ഗസ്സയിലുള്ളവർക്ക് വേണ്ടി തനിക്കാവുന്നത് ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് ഈ പാട്ട് പാടുന്നത്. പല രാജ്യങ്ങളിൽ നിന്നും ഒരുപാട് പേർ അമീനയുടെ പാട്ട് കേട്ട് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. അറബി പാട്ടുകൾ മാത്രമല്ല മലയാളം പാട്ടുകൾകളും അമീന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പാടി പങ്കുവെച്ചിട്ടുണ്ട്.
നാട്ടിൽ നിന്നും പലരും സന്തോഷം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് തനിക്ക് വളരെ സന്തോഷം നൽകുന്നെന്നും അമീന പറയുന്നു. ഫ്രാൻസിൽനിന്ന് ട്രിനിക്സ് മ്യൂസിക് എന്ന മില്യൺ ഫോളോവേഴ്സുള്ള ഡി.ജെ ബാൻഡ് അമീനയുടെ പാട്ടുമായി കൊളാബ് ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.