കാറിന് മുകളിലേക്ക് തുടരെ കല്ലുകൾ വീണു; ഹിമാചൽ മണ്ണിടിച്ചിലിൽ രക്ഷപ്പെട്ടവരുടെ വിഡിയോ പുറത്ത്
text_fieldsന്യൂഡൽഹി: 'ഞാൻ കാറിന്‍റെ മുൻസീറ്റിലായിരുന്നു. എങ്ങനെയോ പുറത്തിറങ്ങി. എന്‍റെ തലയിൽ കല്ല് പതിച്ചിരുന്നു. ചോര ഒഴുകുന്നുണ്ട്. ഇത് എത്രത്തോളം ഗുരുതരമാണെന്ന് അറിയില്ലായിരുന്നു' -മുറിവുകൾ ചൂണ്ടിക്കാട്ടി ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിൽനിന്ന് രക്ഷപ്പെട്ട വിനോദ സഞ്ചാരിയുടെ വാക്കുകളാണിവ.
രണ്ടുദിവസം മുമ്പായിരുന്നു ഹിമാചൽ പ്രദേശിലെ കിനൗറിലെ അപകടം. വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിൽ കൂറ്റൻ പാറക്കല്ലുകൾ വീണായിരുന്നു അപകടം. ഒമ്പതു പേരാണ് ഇവിടെ മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിന് രണ്ടുദിവസത്തിന് ശേഷം രക്ഷെപ്പട്ട വിനോദസഞ്ചാരികളിൽ രണ്ടുപേർ പുറത്തുവിട്ട വിഡിയോയാണ് ഇപ്പോൾ ഞെട്ടലുണ്ടാക്കുന്നത്.
അപകടം നടന്ന് പത്തുമിനിറ്റിന് ശേഷം മൊബൈൽ ഫോണിൽ ചിത്രീകരിച്ചതാണ് ദൃശ്യങ്ങൾ. ഫോൺ കൈയിൽ പിടിച്ചിരിക്കുന്ന യുവാവായ നവീനിന്‍റെ തലയിൽ നിന്ന് രക്തം വരുന്നത് വിഡിയോയിൽ കാണാം. വിഡിയോ ചിത്രീകരിക്കുന്നതിടെ വലിയ പാറക്കല്ലുകൾ ഉരുണ്ടുവരുന്നതും വിഡിയോയിൽ കാണാം.
അവരുടെ കാർ നിന്നിരുന്ന സ്ഥലവും നവീൻ വിഡിയോയിൽ കാണിക്കുന്നുണ്ട്. പാറക്കല്ലുകൾ വന്നു പതിച്ചതിനാൽ ഒന്നും കാണാൻ കഴിയാത്ത നിലയിലായിരുന്നു അവിടം. പാറക്കല്ലുകൾ വീണതോടെ പാലവും തകർന്നുവീണിരുന്നു.
അപകടത്തിന്‍റെ ഞെട്ടിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മലമുകളിൽനിന്ന് വലിയ പാറക്കല്ലുകൾ ഉരുണ്ടുവരുന്നത് വിഡിയോയിൽ കാണാം. ശക്തിയായി വരുന്ന പാറക്കല്ലുകൾ വീണ് പാലം തകരുന്നതും വിഡിയോയിലുണ്ട്.
ഒമ്പതു വിനോദസഞ്ചാരികളാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ ഒരു ആയുർവേദ ഡോക്ടറും ഉൾപ്പെടും. ജയ്പൂരിൽനിന്നുള്ള ഡോ. ദീപ ശർമ ട്വിറ്ററിൽ ചിത്രം പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിലാണ് മരണം തട്ടിയെടുത്തത്.
കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.