'മുടി'ഞ്ഞ ശക്തിയാ- ആശ റാണി ഡബ്ൾ ഡക്കർ ബസ് മുടിയിൽ കെട്ടിവലിക്കുന്ന വീഡിയോ വീണ്ടും വൈറൽ
text_fields'അവന് മുടിഞ്ഞ ശക്തിയാ'- ശക്തിയുള്ളവരെ കുറിച്ച് നാട്ടിൻപുറങ്ങളിൽ സാധാരണ പറയാറുള്ള പ്രയോഗമാണിത്. പക്ഷേ, പഞ്ചാബുകാരിയായ ആശ റാണിയെ കുറിച്ചാകുമ്പോൾ 'മുടിക്ക് മുടിഞ്ഞ ശക്തിയാ' എന്ന് പറയേണ്ടിവരും. കാരണം, ആശ റാണിയുടേത് മുടിയാണോ വടമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 12,216 കിലോ ഭാരമുള്ള ഡബ്ൾ ഡെക്കർ ബസ് മുടിയിൽ കെട്ടി വലിച്ചതിന്‍റെ ഗിന്നസ് ലോക റെക്കോർഡ് ആശയുടെ പേരിലാണ്.
ആശയുടെ റെക്കോർഡ് നേട്ടത്തിന്‍റെ വീഡിയോ ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ വീണ്ടും പോസ്റ്റ് ചെയ്ത ആശ റാണിയുടെ പ്രകടനത്തിന്‍റെ വീഡിയോയാണ് നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്.
ഇന്ത്യയുടെ 'ഇരുമ്പ് റാണി' എന്ന് അറിയപ്പെടുന്ന ആശ റാണി 2016ൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇറ്റാലിയൻ ഷോയിലാണ് ആശ്ചര്യപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചത്. 32 പേർ ഇരിക്കുന്ന ലണ്ടൻ ഡബ്ൾ ഡക്കർ ബസ് ആണ് ആശ മുടിയിൽ കെട്ടിവലിച്ചത്. അതോടെ ഏറ്റവും ഭാരമേറിയ വണ്ടി മുടിയിൽ കെട്ടിവലിച്ച വനിത എന്ന ലോക റെക്കോർഡ് ആശയുടെ പേരിലായി.
ഗിന്നസ് ബുക്കിന്‍റെ ഇൻസ്റ്റ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതോടകം മൂന്നര ലക്ഷത്തിലധികം പേർ കണ്ടിട്ടുണ്ട്. 46000ത്തിലധികം ലൈക്കുകളും ധാരാളം കമന്‍റുകളുമാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. ആശ റാണിയുടെ അതുല്യമായ കഴിവിൽ അമ്പരന്നും ലോക റെക്കോർഡിന് അഭിനന്ദനമർപ്പിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 'മുടിക്ക് ശക്തിയുണ്ടെന്ന് സമ്മതിക്കുന്നു, അതിനേക്കാൾ ശക്തിയുടെ അവരുടെ കാലുകൾക്ക്', 'ഷാമ്പൂ പരസ്യത്തിന് പറ്റിയ സാധനം' തുടങ്ങിയ കമന്‍റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.
ഭാരം വലിക്കുന്നതിന്‍റെയും ഉയർത്തുന്നതിന്‍റെയും പേരിൽ ഏഴ് ഗിന്നസ് റെക്കോർഡുകൾ ആശ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. 2014ൽ യു.കെയിലെ ലീസസ്റ്ററിൽ വെച്ച് കൺതടങ്ങൾ ഉപയോഗിച്ച് ഭാരമുയർത്തിയും 2013ൽ 1,700 കിലോ ഭാരമുള്ള വാൻ ചെവികൾ ഉപയോഗിച്ച് കെട്ടിവലിച്ചും ആശ റാണി ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു വാഹനം പല്ല് ഉപയോഗിച്ച് 25 മീറ്റർ കെട്ടിവലിച്ചും ആശ റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. പഞ്ചാബിലെ മഹിൽപുരിൽ വെച്ചായിരുന്നു ഈ പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.