മുത്തശ്ശി ലാപ്ടോപ് പഠിച്ചു, പത്രം വായിക്കാൻ; കൈയ്യടിച്ച് സമൂഹമാധ്യമങ്ങൾ
text_fieldsതൃശൂർ: പുതുതലമുറ പത്രമാധ്യമങ്ങൾ വായിക്കാൻ താൽപര്യപ്പെടാത്ത ഇക്കാലത്ത് പഴയ തലമുറ ഇന്നും അച്ചടി മാധ്യമങ്ങളെ നെഞ്ചിലേറ്റുന്നുണ്ട്. വീട്ടിൽ പത്രം വരുത്തുന്നത് നിർത്തിയതിനാൽ 'ഓൺലൈനാകാൻ' തീരുമാനിച്ച മേരി മാത്യൂസെന്ന 90 കാരിയാണ് ഇപ്പോൾ ഇൻറർനെറ്റിലെ താരം.
90ാം വയസിൽ ലാപ്ടോപിലൂടെ പത്രം വായിക്കാൻ ശ്രമിക്കുന്ന മുത്തശ്ശിയുടെ ചിത്രം കൊച്ചുമകനായ അരുൺ തോമസാണ് സമൂഹമാധ്യമമായ റെഡ്ഡിറ്റിൽ പങ്കുവെച്ചത്. 1930കളിൽ ജനിച്ച മേരി പത്രങ്ങളിലും മാസികളിലും കൂടിയാണ് വാർത്തകൾ അറിഞ്ഞിരുന്നത്. ഇപ്പോൾ പത്രവായന മുടങ്ങാതിരിക്കാൻ ലാപ്ടോപിൽ ഇ -പേപ്പർ വായിക്കുന്ന അവരുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടിയെടുത്തു.
'എൻെറ മുത്തശ്ശി പത്രം വായിക്കുന്നതിനായി ലാപ്ടോപ് ഉപയോഗിക്കാൻ പഠിക്കുകയാണ്. മാറ്റങ്ങൾ മനസിലാക്കാനും അത് സ്വീകരിക്കാനും അവർ കാണിച്ച താൽപര്യത്തെ അഭിനന്ദിച്ചേ മതിയാകൂ' -മൂന്ന് ചിത്രങ്ങൾ പങ്കുവെച്ച് അരുൺ റെഡ്ഡിറ്റിൽ കുറിച്ചു.
ചിത്രം നിമിഷ നേരങ്ങൾ കൊണ്ട് വൈറലായി. 8000 അപ്വോട്ടുകളാണ് ചിത്രത്തിന് ലഭിച്ചത്. മേരി മാത്യൂസിനെ അഭിനന്ദിച്ച് നിരവധിയാളുകൾ കമൻറ് രേഖപ്പെടുത്തുന്നുണ്ട്. ഉപയോഗം എളുപ്പമാക്കാനായി മേരി മാത്യൂസിന് ഒരു ഐ പാഡോ ടാബ്ലറ്റോ വാങ്ങി നൽകാൻ അരുണിനോട് ആവശ്യപ്പെടുന്നവരുമുണ്ട്.
ഇ-പേപ്പർ വായിക്കുന്നതിനേക്കാൾ പത്രം വായിക്കാനാണ് മുത്തശ്ശി ഇഷ്ടപ്പെടുന്നതെന്നും എല്ലാ കാര്യങ്ങളും അവർ അതിവേഗം മനസിലാക്കിയെടുക്കുന്നുവെന്നും അരുൺ കമൻറിലൂടെ മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.