കെ.എം. ഷാജിയുടെ ഫോട്ടോ പങ്കുവെച്ച് ഇ.ഡിക്കും പൊലീസിനുമെതിരെ സന്ദീപ് വാര്യർ; ‘സിജെപി പൊലീസും ഇ.ഡിയും ഒരുപോലെ തോറ്റ് പോയി’
text_fieldsപാലക്കാട്: മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ വിജിലൻസ് കേസ് ഹൈകോടതി റദ്ദാക്കിയതിനെതിരെ സർക്കാറും ഇ.ഡിയും നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിയതിന് പിന്നാലെ ഷാജിക്ക് അഭിനന്ദനവുമായി ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. പ്ലസ്ടു കോഴക്കേസിൽ സംസ്ഥാന സർക്കാറിനും ഇ.ഡിക്കും തിരിച്ചടിയായാണ് സുപ്രീംകോടതി ഉത്തരവ്.
‘സി.ജെ.പി പൊലീസും ഇ.ഡിയും ഒരുപോലെ തോറ്റ് പോയി’ എന്ന കുറിപ്പോടെ ഷാജിയെ മെൻഷൻ ചെയ്ത് ചുവന്ന ഹൃദയത്തിന്റെ ഇമോജി ഇട്ടാണ് കുറിപ്പ്. ഷാജി പ്രസംഗിക്കുന്ന ഫോട്ടോയും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പി -സി.പി.എം അവിശുദ്ധ ബാന്ധവത്തെ സൂചിപ്പിക്കാൻ കോൺഗ്രസുകാർ ഉപയോഗിക്കുന്ന ചുരുക്കപ്പേരാണ് സി.ജെ.പി അഥവാ കമ്യൂണിസ്റ്റ് ജനതാ പാർട്ടി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നീല ട്രോളിയടക്കമുള്ള വിവാദങ്ങൾക്ക് പിന്നിൽ ബി.ജെ.പി -സി.പി.എം കൂട്ടുകെട്ടുണ്ട് എന്നാരോപിച്ചാണ് ‘സി.ജെ.പി’ പ്രയോഗം കൂടുതൽ ഇടംപിടിച്ചത്. ഇതാണ് ഇപ്പോൾ സന്ദീപ് വാര്യരും ഉപയോഗിച്ചത്.
കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ 2014ല്‍ സ്കൂൾ മാനേജ്മെന്റിൽനിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ ഷാജിക്കെതിരായ തുടർനടപടികൾ ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈകോടതി വിധിയിൽ ഇടപടേണ്ട സാഹചര്യം നിലവിലില്ലെന്നും വാക്കാലുള്ള പരമർശങ്ങളല്ല, ശക്തമായ തെളിവുകളാണ് വേണ്ടതെന്നും ജസ്റ്റിസ് അഭയ് എസ്.ഓഖ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്നും കോടതി ചോദിച്ചു. 54 സാക്ഷി മൊഴികൾ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കിൽ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസിൽ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു.
2020ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം എഫ്.ഐ.ആറിലോ അന്വേഷണത്തിൽ ശേഖരിച്ച വസ്തുതകളിലോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി കേസിലെ തുടർനടപടികൾ റദ്ദാക്കിയത്. എന്നാൽ, കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ഷാജിയുടെ വാദം തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടി. കേസിലെ ഭൂരിഭാഗം സാക്ഷികളും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരോ ഭാരവാഹികളോ ആണെന്നും ഇതിൽ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയും 47 ലക്ഷം രൂപ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയുടെ വാദം. കോഴ നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍, മജിസ്ട്രേറ്റിന് രഹസ്യ മൊഴി നൽകിയിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.