'അപ്പൊ ക്ലച്ച് ഇടുമ്പോൾ ഗിയർ അമർത്തണം അല്ലേ'; കെ.എസ്.ആർ.ടി.സി എം.ഡിയുടെ ബസ് ഓട്ടം വൈറൽ
text_fieldsകെ.എസ്.ആർ.ടി.സിയുടെ സാരഥികളിൽ ബസ് ഓടിക്കാൻ അറിയാവുന്നവർ എത്രയുണ്ട്? കോർപറേഷനെ നയിച്ച ഐ.എ.എസുകാരിൽ ആനവണ്ടിയെ മെരുക്കാൻ അറിയാവുന്നവർ വിരളമായിരുന്നു.
എന്നാൽ, നിലവിലെ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറിന് ഐ.എ.എസ് മാത്രമല്ല, ഹെവി ലൈസൻസും ഉണ്ട്. അദ്ദേഹം ബസ് ഓടിക്കുന്ന വിഡിയോ കെ.എസ്.ആർ.ടി.സിയുടെ ഫേസ്ബുക് പേജിലൂടെ ഷെയർ ചെയ്തിരിക്കുകയാണ്. രസകരമായ സിനിമാ രംഗങ്ങൾ കൂട്ടിച്ചേർത്താണ് കെ.എസ്.ആർ.ടി.സി മീഡിയ സെൽ വിഡിയോ തയാറാക്കിയത്. എം.ഡിയെ ചെറുതായിട്ടൊന്ന് ട്രോളിയതാണോ എന്ന് കാണുന്നവർ സംശയിച്ചാൽ കുറ്റം പറയാനും പറ്റില്ല.
കെ.എസ്.ആർ.ടി.സിയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം...
വാഹനങ്ങൾ ഓടിക്കുക എന്നത് ഒരു കലയാണ്... ചിലർക്ക് അത് ജോലിയും കൂടിയാണ്...
കേരളത്തിലെ ഏറ്റവും വലിയ ബസ് ഓപ്പറേറ്റർ കെ.എസ്.ആർ.ടി.സിയാണ്. പൊതുജനങ്ങളുമായി ഇടപെടുന്ന ഈ സ്ഥാപനത്തിന്‍റെ സാരഥ്യത്തിലേക്ക് വൈവിധ്യമാർന്ന വ്യക്തിത്വങ്ങൾ കടന്നു വന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ പൈതൃകം നോക്കിയാൽ ആദ്യത്തെ സാരഥി ആയ ഇ.ജി. സാൾട്ടർ ബസ് ഓടിച്ചാണ് തിരുവിതാംകൂറിലെ സർക്കാർ പൊതുഗതാഗതത്തിന് തുടക്കം കുറിച്ചതു തന്നെ. പിൻഗാമികളായി നാളിതു വരെ വന്നവരിൽ നന്നായി കോർപ്പറേഷനെ നയിച്ചവർ ഉണ്ടായിരുന്നെങ്കിലും ബസ് ഓടിക്കാൻ അറിയാവുന്നവർ വിരളമായിരുന്നു, ഇല്ല എന്നു തന്നെ പറയാം...
ഞങ്ങൾ ഈ വിഡിയോയിലൂടെ ഒരു ഡ്രൈവറെ അവതരിപ്പിക്കുന്നു. ഇദ്ദേഹത്തിന് നിയമം അനുശാസിക്കുന്ന തരത്തിൽ ഹെവിവാഹനം ഓടിക്കാൻ ബാഡ്ജും ലൈസൻസും ഉണ്ട്, കൂടെ അധിക യോഗ്യതയായി ഐ.എ.എസും...
ആ ഡ്രൈവറെ അഭിമാന പുരസ്സരം നിങ്ങൾക്ക് മുൻപിൽ ഞങ്ങൾ അവതരിപ്പിക്കുന്നു...
ടീം കെ.എസ്.ആർ.ടി.സി.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.