പുള്ളിപ്പുലിയും കാറും തമ്മിൽ ഹൈവേയിൽ ഒരു കൂട്ടിയിടി; അഭ്യർഥനയുമായി മൃഗസ്നേഹികൾ -VIDEO
text_fieldsവന്യജീവികളുടെ സംരക്ഷണത്തിനായി ഏറെ വലിയ പ്രയത്നമാണ് സർക്കാറും സംഘടനകളും നടത്തുന്നത്. വന്യജീവികളുടെ സ്വൈര്യവിഹാരത്തിനായി സംരക്ഷിത വനങ്ങളും ദേശീയോദ്യാനങ്ങളുമെല്ലാം ഒരുക്കിയിട്ടുമുണ്ട്. എന്നാൽ, വനങ്ങളിലൂടെ റോഡുകൾ നിർമിക്കുമ്പോൾ വന്യമൃഗങ്ങൾക്ക് മതിയായ പരിഗണന നൽകുന്നുണ്ടോയെന്നത് ചർച്ചാവിഷയമാണ്. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു അപകട വിഡിയോ ഈ ചർച്ചകൾ വീണ്ടുമുയർത്തുകയാണ്.
നാലുവരി ഹൈവേയിൽ പുള്ളിപ്പുലി കാറുമായി കൂട്ടിയിടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അപകടത്തെ തുടർന്ന് കാറിനടിയിൽ പെടുന്ന പുലി, കാറിന്‍റെ മുൻവശം കടിച്ചു നശിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അൽപ്പസമയത്തിനകം റോഡിൽ നിന്നും ഓടി രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. സമീപത്തെ വാഹനങ്ങളിലുള്ളവരാണ് ദൃശ്യങ്ങൾ പകർത്തിയത്. എവിടെ സംഭവിച്ചതാണെന്ന് വ്യക്തമല്ല.
മതിയായ സുരക്ഷയോ മുൻകരുതലുകളോ ഇല്ലാതെ വനത്തിൽ കൂടി നിർമിക്കുന്ന ഇത്തരം പാതകൾ മനുഷ്യനും മൃഗങ്ങൾക്കും ഒരുപോലെ അപകടകരമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ കൂടി റോഡുകൾ നിർമിക്കുമ്പോൾ സ്വീകരിക്കണമെന്നാണാവശ്യം. നടി രവീണ ടണ്ടൻ ഉൾപ്പെടെയുള്ളവർ വിഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
പുള്ളിപ്പുലിക്ക് സാരമായി പരിക്കേറ്റെങ്കിലും കാട്ടിലേക്ക് രക്ഷപ്പെട്ടുവെന്നും, കണ്ടെത്തി ചികിത്സ നൽകാനുള്ള ശ്രമത്തിലാണെന്നും ഐ.എഫ്.എസ് ഓഫിസർ സുശാന്ത നന്ദ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.