കല്യാണ ചെക്കെൻറ കൂട്ടുകാരെ 'കാര്യ'മായി 'വഹിച്ച' മാമനെ 'കാര്യവാഹക്' ആക്കി -കൈവിട്ട് പോയി ആ ട്രോൾ
text_fieldsകരിക്ക് വെബ് സീരീസിലെ 'സ്മൈൽ പ്ലീസ്' എപിസോഡിലെ മാമൻ വീണ്ടും തരംഗമാകുകയാണ്. കരിക്കിെൻറ കല്യാണ എപിസോഡ് ഇറങ്ങിയ സമയത്ത് ഈ ചൊറിയൻ മാമെൻറ 'മാമനോടൊന്നും തോന്നല്ലേ മക്കളേ' എന്ന ഡയലോഗ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോൾ മാമൻ വൈറലാകുന്നതിെൻറ കാരണം അൽപം രാഷ്ട്രീയപരമാണ്. മറ്റൊന്നുമല്ല, മാമനെ ചിലർ 'ആർ.എസ്.എസി'ലെടുത്തു.
വിവാഹത്തലേന്ന് കല്യാണ ചെക്കെൻറ കൂട്ടുകാരെയും സഹപ്രവർത്തകരെയും 'കാര്യ'മായി 'വഹിച്ച'തിെൻറ പേരിൽ അവർ അടിച്ച് ശരിപ്പെടുത്തുന്ന മാമനെ മുസ്‍ലിം വിവാഹത്തിൽ പങ്കെടുത്തതിന് അടി കിട്ടിയ ആർ.എസ്.എസ് കാര്യവാഹക് എന്ന തലക്കെട്ടോടെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്. അർജുൻ രത്തൻ അവതരിപ്പിച്ച മാമൻ കഥാപാത്രത്തിെൻറ തല്ല് കൊള്ളുന്നതിന് മുമ്പും ശേഷവുമുള്ള പടങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
'ഇത് ആർ.എസ്.എസ് കാര്യവാഹക് ചന്ദ്രബോസ്. ഒരു മുസ്‍ലിം കല്യാണത്തിൽ പങ്കെടുത്തെന്ന നിസ്സാര കാര്യത്തിന് അദ്ദേഹത്തെ അടിച്ച് ഇഞ്ചപ്പരുവമാക്കി. ഇത് നടന്നത് ദൈവത്തിെൻറ സ്വന്തം നാടായ കേരളത്തിലാണ്' എന്ന കാപ്ഷനും 'ജസ്റ്റിസ് ഫൊര്‍ ചന്ദ്രബോസ്' എന്ന ഹാഷ്ടാഗുമാണ് പ്രചരിക്കപ്പെട്ടത്. 'ഹിന്ദി ഹെ മേരാ രാഷ്ട്ര് ഭാഷ' എന്ന ട്വിറ്റർ അക്കൗണ്ട് വഴി ആർ.എസ്.എസിനെ ടാഗ് ചെയ്തുകൊണ്ടാണ് ചിത്രം പ്രചരിച്ചത്.
'കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ബി.ജെ.പി ഭാരവാഹിയെ മർദിച്ചു. ദയവുചെയ്ത് ഈ വാർത്ത എല്ലാവരിലും എത്തിക്കൂ. കിണറായി വിജയൻ (പിണറായി വിജയൻ എന്നത് തെറ്റിയെഴുതിയത്) സർക്കാർ കേരളത്തിൽ ഹിന്ദുക്കളെ മർദിക്കുകയാണ്. കമ്യൂണിസ്റ്റ് സർക്കാറിനെ താഴെയിറക്കാൻ എല്ലാവരെയും ഒരുമിപ്പിക്കണമെന്ന് നമ്മൾ അമിത് ഷാ ജിയോട് ആവശ്യപ്പെടണം' എന്ന സന്ദേശവും ഇതോടൊപ്പം ചേർത്തിരുന്നു.
സംഗതി വൈറലാകാൻ അധികനേരം വേണ്ടിവന്നില്ല. പ്രചരിക്കപ്പെട്ട സ്‌ക്രീന്‍ഷോട്ടിൽ കാണുന്ന 'ഹിന്ദി ഹെ മേരാ രാഷ്ട്ര് ഭാഷ' എന്ന അക്കൗണ്ട് ഇപ്പോള്‍ നിലവിലില്ല. ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പോയെങ്കിലും 'മാമെൻറ' ചിത്രം പിടിവിട്ടു പോയി. ട്രോളെന്ന തരത്തിൽ ഏറ്റുപിടിച്ചവരുടെ കൈയിലും കാര്യങ്ങൾ നിന്നില്ല. ട്രോൾ സംഘ് ഗ്രൂപിെൻറ ലോഗോ സഹിതമാണ് ഷെയർ ചെയ്തതെങ്കിലും ഈ ചിത്രം പല അക്കൗണ്ടുകളിലും വളരെ ഗൗരവത്തോടെയാണ് ചർച്ച ചെയ്യപ്പെട്ടത്.
കേരളത്തിന് പുറത്തുള്ള സംഘ്പരിവാറുകാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ബി.ജെ.പി, ജയ് സംഘ്, ആർ.എസ്.എസ്, അമിത് ഷാ തുടങ്ങിയ പേരുകള്‍ ടാഗ് ചെയ്താണ് ട്വീറ്റ് പ്രചരിപ്പിച്ചത്. കേരളത്തിനെതിരെ വ്യക്തമായ വിമര്‍ശനം ഉള്ളതുകൊണ്ടു തന്നെ കേരളത്തിനെതിരായ പ്രചാരണത്തിനും ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടു.
'പ്രിയപ്പെട്ട സംഘ് മിത്രങ്ങളേ, ഇത് ശരിക്കുള്ളതാണ്. ജിഹാദികൾ വരെ ഈ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്' എന്നായിരുന്നു ഒരാളുെട പ്രതികരണം. '0% മനുഷ്യത്വം, 100% സാക്ഷരത. ലജ്ജിക്കുക കേരളമേ' എന്നായിരുന്നു മറ്റൊരാളുടെ വിമർശനം. 'കേരളത്തിൽ ഇതെന്താണ് നടക്കുന്നത്? ആർ.എസ്.എസ് ആണെന്ന ഒറ്റ കാരണത്താൽ ഒരു പാവം മനുഷ്യനെ ഒരുകൂട്ടം ആളുകൾ മർദിച്ചിരിക്കുന്നു. ലജ്ജിക്കുക മലയാളികളേ. 100% സാക്ഷരത, 0% മനുഷ്യത്വം' എന്ന വിമർശനവും ട്വിറ്ററിൽ കണ്ടു.
ചിത്രം പ്രചരിപ്പിച്ച ചില അക്കൗണ്ടുകൾ മലയാളികളുടേതാണ്. ആക്ഷേപഹാസ്യപരമായാണ് പ്രചരിപ്പിച്ചത് എന്നുപറഞ്ഞ് അവരിൽ ചിലർ പോസ്റ്റ് നീക്കം ചെയ്തിട്ടുമുണ്ട്. വൻ വിമർശനവും ഭീഷണിയും നേരിട്ടതായും ഇവരിൽ പലരും വ്യക്തമാക്കുന്നു. നിരുപദ്രവമെന്ന് തോന്നുമെങ്കിലും സോഷ്യൽ മീഡിയ പോസ്റ്റുകൾ കലാപത്തിന് വരെ വഴിതെളിക്കാവുന്ന ഇക്കാലത്ത് ഇത്തരം പോസ്റ്റുകൾ സൃഷ്ടിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ജാഗ്രത പുലർത്തണമെന്നും സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.