ബൈക്ക് തലയിൽ ചുമന്ന് ബസിനു മുകളിലെത്തിച്ചു; ഹീറോയിസമല്ല, ഇത് അന്നംകണ്ടെത്താനുള്ള പെടാപ്പാട്
text_fieldsബൈക്ക് എടുത്ത് പൊക്കുന്നത് സിനിമകളിൽ മാത്രം കണ്ടു ശീലിച്ച, അവിശ്വസനീയമായ കാര്യങ്ങളായാണ് നാം കണക്കാക്കാറുള്ളത്. എന്നാൽ ഇതും യഥാർഥ ജീവിതത്തിൽ നടക്കുന്നുണ്ടെന്ന് പറയുകയാണ് 'ഗുൽസാർ സഹബ്' എന്ന ട്വിറ്റർ ഹാന്റ്ൽ പങ്കുവെച്ച വിഡിയോ.
'അവരാണ് യാഥാർഥത്തിൽ സൂപ്പർ ഹ്യൂമൻ' എന്ന തലക്കെട്ടിൽ പങ്കുവെച്ച വിഡിയോയിൽ ചുമട്ടുതൊഴിലാളിയെയാണ് കാണിക്കുന്നത്.
ബസിനു മുകളിലേക്ക് ലോഡ് കയറ്റുന്ന ചുമട്ടുതൊഴിലാളികളിൽ ഒരാൾ ഒരു ബൈക്കാണ് തലയിൽ ചുമന്നിരിക്കുന്നത്. ബെക്കും തലയിൽ ചുമന്ന് ബസിന് സമീപത്ത് എത്തി, കോണിപ്പടികൾ നേരെയാക്കി അതിൽ പിടിച്ചു കയറുകയാണ് ഇയാൾ. എന്നാൽ ഒരു കൈ കൊണ്ട് പോലും ബൈക്കിനെ താങ്ങുന്നില്ല. തലയിൽ ബാലൻസ് ചെയ്ത് നിർത്തിയിരിക്കുകയാണ് ബൈക്ക്. ബസിനു മുകളിലുള്ള തൊഴിലാളികളുടെ കൂടെ സഹായത്തോടെ ബൈക്ക് ബസിലേക്ക് ഇറക്കുകയും ചെയ്യുന്നു. 38 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ആണിത്.
വിഡിയോക്ക് ഇതുവരെ 87000ത്തിലധികം വ്യൂസും 5000 ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഇയാളുടെ കഴുത്തിന് നല്ല ബലം ഉണ്ടായിരിക്കണമെന്നും ഇദ്ദേഹമാണ് യഥാർഥ ബാഹുബലിയെന്നുമെല്ലാമാണ് കമന്റുകൾ.
'ഇത് ഹിറോയിക് നടപടിയല്ല. കുടുംബത്തിന് ആഹാരം കണ്ടെത്താനുള്ള വഴിയാണ്. അവർ അപകടത്തെ സ്വീകരിക്കുന്നു, അതുവഴി കുടുംബത്തെ ഊട്ടുന്നു.. അവർ സ്വയം നശിക്കുന്നു' - ഒരാൾ കമന്റ് ചെയ്തു. ഝാർഖണ്ഡ് റാഞ്ചിയിലെ കാടാ ടോലി ചൗക് മെയിൻ ബസ് സ്റ്റാന്റിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.