ഗ്വാട്ടിമാലയിൽ പോയാൽ അഗ്നിപർവത ലാവയിൽ ചുട്ടെടുത്ത ചൂടൻ പിസ്സ കഴിച്ച് മടങ്ങാം -വൈറൽ വിഡിയോ
text_fieldsഗ്വാട്ടിമാല സിറ്റി: കത്തിജ്വലിച്ച് ഒഴുകുന്ന അഗ്നിപർവത ലാവയിൽ ഒരു പിസ്സ ചുട്ടെടുത്താലോ? തമാശയല്ല, ഗ്വാട്ടിമാലയിലെ അക്കൗണ്ടന്‍റായ 34കാരൻ ഡേവിഡ് ഗാർഷ്യ സഞ്ചാരികളെ ആകർഷിക്കുന്നത് തീതുപ്പി ഒഴുകുന്ന ലാവയിൽ കിടിലൻ പിസ്സ ചുട്ടെടുത്താണ്.
ഗ്വാട്ടിമാലയിലെ പക്കായ അഗ്നിപർവതത്തിൽനിന്ന് ഒലിച്ചിറങ്ങി വരുന്ന ലാവയാണ് ഡേവിഡിന്‍റെ അടുക്കള. ഒരേ സമയം സഞ്ചാരികളെ പേടിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യും ഡേവിഡിന്‍റെ ഇൗ അടുക്കള.
ലാവയുടെ ചൂടിനെ പ്രതിരോധിക്കുന്ന വസ്ത്രമണിഞ്ഞ് ഡേവിഡ് പിസ്സ തയാറാക്കുന്ന വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. പ്രത്യേക മെറ്റൽ ഷീറ്റാണ് പിസ്സ തയാറാക്കാൻ ഉപയോഗിക്കുന്നത്. 1800 ഡിഗ്രി ചൂടുവരെ ഈ ഷീറ്റിന് താങ്ങാനാകും. ഏകദേശം 800 ഡിഗ്രി ചൂടുള്ള ലാവ അവശിഷ്ടങ്ങൾക്ക് മുകളിലാണ് പിസ്സ ചുട്ടെടുക്കാൻ വെക്കുക. 14 മിനിറ്റിനുള്ളിൽ പിസ്സ തയാറാകും -േഡവിഡ് എ.എഫ്.പിയോട് പറഞ്ഞു.
നിരവധി വിനോദ സഞ്ചാരികളാണ് സജീവമായ അഗ്നി പർവതം കാണാനായി ഗ്വാട്ടിമാലയിലെത്തുന്നത്. നേരത്തേ അഗ്നിപർവതം കണ്ടുമടങ്ങിയിരുന്നവർ ഇപ്പോൾ ലാവയിൽ തയാറാക്കിയ പിസ്സയും കഴിച്ച് ഫോട്ടോയും എടുത്താണ് മടക്കം.
ഫെബ്രുവരിയിലാണ് പക്കായ അഗ്നിപർവതം സജീവമായി തുടങ്ങിയത്. പ്രദേശിക ഭരണകൂടവും അധികൃതരും കനത്ത ജാഗ്രത നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.