വിവാഹാഭ്യർഥന നടത്താൻ മെഴുതിരികൾ തെളിച്ച് അലങ്കാരം- കത്തിയത് ഫ്ലാറ്റ്; കാമുകിയും 'ഫ്ലാറ്റ്'
text_fieldsലണ്ടൻ: റൊമാൻറിക് ആയി വിവാഹാഭ്യർഥന നടത്തുന്നത് സിനിമയിലും അല്ലാതെയും നമ്മൾ കണ്ടിട്ടുണ്ട്. അതിനിടെയുണ്ടാകുന്ന അബദ്ധങ്ങൾ സമൂഹ മാധ്യമങ്ങളിൽ വരുേമ്പാൾ ആസ്വദിക്കാറുമുണ്ട്. അതിനെയൊക്കെ കവച്ചുവെക്കുന്ന സംഭവമാണ് ബ്രിട്ടനിലെ സൗത്ത് യോർക്ക്ഷെയറിലുണ്ടായത്. കാമുകിയെ ഇംപ്രസ് ചെയ്യിക്കാൻ മെഴുകുതിരി അലങ്കാരം നടത്തി തിരിച്ചുവന്ന കാമുകൻ കണ്ടത് അപാർട്ട്മെൻറ് കത്തിയമരുന്നതാണ്.
ഷെഫീൽഡിലെ അബ്ബിഡെയ്ൽ റോഡിലുള്ള അപാർട്ട്മെൻറിൽ നൂറുകണക്കിന് ടീ ലൈറ്റ് മെഴുകുതിരികൾ കത്തിച്ച് 'മാരി മീ' എന്നെഴുതിയാണ് ആൽബർട്ട് എൻഡ്രേ പ്രണയിനിയായ വലേറിയ മെഡ്‌വികിനെ വിളിച്ചുകൊണ്ടുവരാൻ പോയത്. 100ലധികം ടീ ലൈറ്റുകളും 60 ബലൂണുകളും ഉപയോഗിച്ചായിരുന്നു അലങ്കാരം. ഒരു ബോട്ടിൽ വൈനും കരുതിവെച്ചിരുന്നു. കാമുകിയുമായി തിരികെ വരുേമ്പാൾ കാണുന്നത് അപാര്‍ട്ട്‌മെൻറില്‍ നിന്ന് തീയും പുകയും ഉരുന്നതും മൂന്ന് ഫയർഫോഴ്സ് യൂനിറ്റുകൾ നിന്ന് കഷ്ടപ്പെട്ട് തീയണക്കുന്നതുമാണ്.
ടീ ലൈറ്റുകൾക്കരികിൽ കത്തിക്കാതെ വെച്ചിരുന്ന മെഴുകുതിരികളിലേക്കും പിന്നീട് കർട്ടനിലേക്കും തീ പടർന്നാണ് വീട് മുഴുവൻ കത്തിയത്. എന്തായാലും തീപിടിത്തത്തിൽ ആളപായമില്ല. കത്തിയമർന്ന അപാർട്ട്മെൻറിൽ വെച്ച് തന്നെ ആൽബർട്ട് വലേറിയയോട് വിവാഹാഭ്യർഥന നടത്തി. അവൾ സമ്മതം മൂളുകയും ചെയ്തു.
സൗത്ത് യോർക്ക്ഷെയർ ഫയർ ആൻഡ് റസ്ക്യൂ വിഭാഗം ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 'കത്തിച്ച മെഴുകുതിരികൾ മനോഹരങ്ങളാണ്. പക്ഷേ, വളരെ അപകടകാരികളും' എന്ന മുന്നറിയിപ്പും അവർ നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മൂന്ന് ഉപദേശങ്ങളും അവർ നൽകി. 'ഉപയോഗശേഷം അവ അണക്കുക, കർട്ടൻ പോലെ തീ പടരുന്ന വസ്തുക്കൾക്കരികിൽ കത്തിച്ചുവെക്കാതിരിക്കുക, നൂറുകണക്കിന് മെഴുകുതിരികൾ കത്തിച്ചുവെച്ച ശേഷം പുറത്തുപോകാതിരിക്കുക'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.