ടിക്കറ്റ് എടുക്കാൻ പണമില്ല; മധ്യപ്രദേശിൽ ട്രെയിനിന് അടിയിൽ തൂങ്ങി 250 കിലോമീറ്റർ യാത്ര ചെയ്ത് യുവാവ്
text_fieldsജബൽപുർ: മധ്യപ്രദേശിൽ ടിക്കറ്റ് എടുക്കാൻ പൈസയില്ലാത്തതിനെ തുടർന്ന് ട്രെയിനിന് അടിയിൽ തൂങ്ങി യാത്ര ചെയ്ത് യുവാവ്. മധ്യപ്രദേശിലെ ഇറ്റാർസിയിൽ നിന്ന് ജബൽപുരിലേക്കായിരുന്നു യുവാവ് സാഹസിക യാത്ര നടത്തിയത്. 250 കിലോമീറ്റർ ദൂരമാണ് ഇയാൾ ട്രെയിന് അടിയിൽ തൂങ്ങി യാത്ര ചെയ്തത്. റെയിൽവേ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ട്രെയിനിന് അടിയിൽ തൂങ്ങിക്കിടന്നിരുന്ന യുവാവിനെ പിടികൂടിയത്. ഡിസംബർ 24ന് ദനാപൂർ എക്‌സ്പ്രസിലാണ് സംഭവം.
പതിവ് പരിശോധനക്കിടെ എസ്-4 കോച്ചിന് താഴെ ഒരു യുവാവ് കിടക്കുന്നത് റെയിൽവേ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ലോക്കോ പൈലറ്റിനെ അറിയിക്കുകയും ട്രെയിൻ നിർത്തുകയും ചെയ്തു. റെയിൽവേ ജീവനക്കാർ കോച്ചിനു സമീപം എത്തിയപ്പോഴാണ് അടിയിൽ ഒരാൾ ഒളിച്ചിരുന്നത് കണ്ടത്. ഇയാളോട് ജീവനക്കാർ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.
തുടർന്നാണ് ടിക്കറ്റിന് പണമില്ലെന്നും ലക്ഷ്യസ്ഥാനത്ത് എത്താൻ അപകടകരമായ രീതിയിൽ യാത്ര ചെയ്യുകയായിരുന്നുവെന്നും യുവാവ് ജീവനക്കാരോട് വെളിപ്പെടുത്തിയത്. എന്നാൽ പരിശോധനയിൽ യുവാവിന് മാനസിക വെല്ലുവിളി നേരിടുന്നതായി കണ്ടെത്തിയതായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) അറിയിച്ചു. യുവാവിന്‍റെ പെരുമാറ്റം ചില മാനസികാരോഗ്യ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് സൂചിപ്പിക്കുന്നതായി അവർ വിശദീകരിച്ചു.
ചോദ്യം ചെയ്യലിന് ശേഷം യുവാവിനെ വിട്ടയച്ചു. വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായതിന് ശേഷം, വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആർ.പി.എഫ് ഇപ്പോൾ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.