കൈയക്ഷരം ചതിച്ചു- ഭീഷണിക്കത്ത് ബാങ്ക് ജീവനക്കാരന് മനസ്സിലായില്ല; കാത്തുനിന്ന് മടുത്ത് കള്ളന്‍റെ മടക്കം
text_fieldsഅധ്യാപകർ കൈയക്ഷരം നന്നാക്കണമെന്ന് പറയുന്നത് ഓർക്കുന്നുണ്ടാകും. ആരും ഈ വാക്കുകളെ അധികം മുഖവിലക്കെടുക്കാറില്ല. എന്നാൽ, വളരെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒരു കൃത്യത്തിൽനിന്ന് കൈയക്ഷരം മോശമായതിനാൽ പിന്മാറേണ്ടിവന്നാലോ? അതാണ് ഇംഗ്ലണ്ട് ഹാസ്റ്റിങ്സിലെ സെന്‍റ് ലിയോനാർഡ്സ് സ്വദേശിയായ അലൻ സ്ലാറ്ററിക്ക് സംഭവിച്ചതും.
ഈ വർഷം മാർച്ച് 18ന് ദീർഘകാലം നീണ്ട പ്ലാനിങ്ങോടെ ബാങ്ക് കൊള്ളയടിക്കാൻ എത്തിയതായിരുന്നു അലൻ. ഭീഷണിക്കത്ത് കൈമാറി പണം തട്ടാനായിരുന്നു അലന്‍റെ നീക്കം. ഈസ്റ്റ്ബോണിലെ ബാങ്കിലെത്തിയ അലൻ ഭീഷണിക്കത്ത് ജീവനക്കാരന് കൈമാറുകയും ചെയ്തു. എന്നാൽ, കൈയക്ഷരം ചതിച്ചതോടെ ജീവനക്കാരന് അലൻ കവർച്ചക്കെത്തിയതാണെന്ന് പിടികിട്ടിയില്ല. അൽപ്പം ക്ഷമയോടെ അവിടെ നിന്നെങ്കിലും ബാങ്കിൽനിന്ന് അലന് മടങ്ങേണ്ടിവന്നു.
പിന്നീട്, ജീവനക്കാർ കുറിപ്പ് പരസ്പരം കൈമാറി വായിച്ചതോടെയാണ് ഭീഷണിക്കത്താണെന്ന് മനസിലായത്. ഉടൻ തന്നെ ബാങ്ക് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. 'നിങ്ങളുടെ ജോലി തടസപ്പെടുത്തില്ല. എത്രയും വേഗം 10 -20 പൗണ്ട് കൈമാറണം. മറ്റു ഉപഭോക്താക്കളെക്കുറിച്ച് ചിന്തിക്കുക' -എന്നായിരുന്നു സന്ദേശം. കുറിപ്പിന് പുറമെ സി.സി.ടി.വി ദൃശ്യങ്ങളും െപാലീസ് ശേഖരിച്ചു. എന്നാൽ, ദൃശ്യങ്ങളിൽനിന്ന് അലനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
മാർച്ച് 26ന് മറ്റൊരു ബാങ്ക് ലക്ഷ്യമിട്ടായിരുന്നു അലന്‍റെ പ്രവർത്തനം. കൈയക്ഷരം നന്നാക്കിയെഴുതിയതോടെ വിദ്യ ഫലിക്കുകയും ജീവനക്കാരൻ 2400 പൗണ്ട് കൈമാറുകയും ചെയ്തു. ബാങ്ക് അധികൃതർ പൊലീസിൽ വിവരം അറിച്ചതോടെ സി.സി.ടി.വി ഉൾപ്പെടെ പരിശോധനക്ക് വിധേയമാക്കി. ഇതോടെ രണ്ടും ഒരാളാണെന്ന് പൊലീസ് ഉറപ്പിച്ചു. മൂന്നാമതൊരു ബാങ്കിൽ കവർച്ചക്ക് ശ്രമിെച്ചങ്കിലും ജീവനക്കാരൻ അലന് നേരെ തിരിഞ്ഞതോടെ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ 63കാരനെ പിടികൂടുകയായിരുന്നു. മോഷണത്തിനും മോഷണ ശ്രമത്തിനും പൊലീസ് കേസെടുത്തു. കവർച്ചയുടെയും കവർച്ച ശ്രമത്തിന്‍റെയും വിശദാംശങ്ങളും പൊലീസ് വെബ്സൈറ്റിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.