ചീങ്കണ്ണിയുമായി മൽപ്പിടിത്തം; മൃഗശാല ജീവനക്കാരിയെ രക്ഷിക്കാൻ ജീവന്മരണ പോരാട്ടം -വൈറൽ വിഡിയോ
text_fieldsമൃഗശാല ജീവനക്കാരിയെ ആക്രമിച്ച ചീങ്കണ്ണിയെ മൽപ്പിടിത്തത്തിലൂടെ കീഴടക്കിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ ആശ്ചര്യം തീർക്കുകയാണ്. ജീവനക്കാരിയുടെ കൈ ചീങ്കണ്ണി വായിലാക്കിയെങ്കിലും മറ്റൊരാളെത്തി മൽപ്പിടിത്തത്തിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. യു.എസിലെ യൂട്ടായിലെ വെസ്റ്റ് വാലി മൃഗശാലയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.
പിറന്നാളാഘോഷത്തോടനുബന്ധിച്ച് മൃഗശാല കാണാൻ ഏതാനും കുട്ടികൾ എത്തിയിരുന്നു. ഇവർക്ക് ചീങ്കണ്ണിയെ കാണിച്ചുകൊടുക്കുകയായിരുന്നു മൃഗശാല ജീവനക്കാരിയായ സ്ത്രീ. എട്ടടി നീളമുള്ള ഡാർത് ഗേറ്റർ എന്ന ചീങ്കണ്ണിയായിരുന്നു അത്.
ചീങ്കണ്ണിയുടെ കൂട് തുറന്ന് അതിന് അകത്തേക്ക് പോകാനുള്ള നിർദേശം നൽകുന്നതിനിടെ ജീവനക്കാരിയുടെ കൈ ചീങ്കണ്ണി വായിലാക്കി. ചുറ്റും കൂടിയ കുട്ടികളാകെ ഭയചകിതരായി. ജീവനക്കാരി ടാങ്കിലേക്ക് വീഴുകയും ചെയ്തു.
ഇതോടെ, സമീപത്തുണ്ടായിരുന്ന ഡോണി വൈസ്മാൻ എന്നയാൾ ഓടിയടുക്കുകയും ടാങ്കിലേക്കിറങ്ങി ചീങ്കണ്ണിയുടെ പുറത്ത് കയറിയിരിക്കുകയും ചെയ്തു. കരുത്തേറിയ വാലുകൊണ്ട് അടിക്കാൻ ചീങ്കണ്ണി ശ്രമം നടത്തിയെങ്കിലും ഡോണി പിടിച്ചുനിന്നു. ചീങ്കണ്ണിയുടെ വായ തുറന്ന് ജീവനക്കാരിയുടെ കൈ പുറത്തെടുക്കാനുള്ള ശ്രമവും നടത്തി.
ഏറെ നേരത്തെ മൽപ്പിടുത്തത്തിനൊടുവിലാണ് ജീവനക്കാരിയുടെ കൈ ചീങ്കണ്ണിയുടെ വായിൽ നിന്ന് പുറത്തെടുക്കാനായത്. ഇവർ ടാങ്കിൽ നിന്ന് കരക്ക് കയറുകയും ചെയ്തു. ചീങ്കണ്ണിയുടെ പുറത്ത് കയറി മൽപ്പിടിത്തം നടത്തിയ ഡോണി വൈസ്മാൻ അൽപ്പസമയത്തിന് ശേഷം വിദഗ്ധമായി പുറത്തുകടക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.