'മദ്യത്തിന് ഗുണങ്ങളേറെ, കഴിക്കുമ്പോൾ നന്നായി നേർപ്പിക്കണം, ആത്മനിയന്ത്രണം വേണം'; ഡീ-അഡിക്ഷൻ ഡ്രൈവിൽ ഛത്തീസ്ഗഡ് മന്ത്രിയുടെ പ്രസംഗം വൈറൽ
text_fieldsറായ്പൂർ: ലഹരിവിരുദ്ധ ബോധവത്കരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഡീ-അഡിക്ഷൻ ഡ്രൈവിൽ മദ്യത്തിന്‍റെ ഗുണങ്ങളെ പറ്റി പ്രസംഗിച്ച് ഛത്തീസ്ഗഡ് മന്ത്രി പ്രേം സായി സിങ് തെകാം. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രശസ്ത ഹിന്ദി കവി ഹരിവംശ റായ് ബച്ചന്‍റെ 'മധുശാല' എന്ന കവിതയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രസംഗം. മദ്യപാനത്തെ ന്യായീകരിച്ച മന്ത്രി ആളുകൾക്ക് നല്ല ആത്മനിയന്ത്രണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
'ആളുകൾ മദ്യത്തെ കുറിച്ച് പറയുമ്പോൾ അതിന്‍റെ ദോഷവശങ്ങളെ കുറിച്ചാണ് പറയാറ്. അതിന്‍റെ നിരവധിയായ ഗുണഫലങ്ങളെ കുറിച്ച് ആരും ഒന്നും പറയുന്നില്ല. മദ്യത്തെ കുറിച്ച് പറയുമ്പോൾ അത് കുടിക്കേണ്ട ശരിയായ രീതിയെ കുറിച്ചും ഓർക്കണം. നന്നായി നേർപ്പിക്കണം. മദ്യം വെള്ളം ചേർത്ത് നേർപ്പിക്കാൻ കൃത്യമായൊരു അനുപാതമുണ്ട്' -മന്ത്രിയുടെ പ്രസംഗത്തിൽ പറയുന്നു.
'ഞാൻ ഒരിക്കൽ പങ്കെടുത്ത പരിപാടിയിൽ മദ്യത്തിന്‍റെ ഗുണഫലങ്ങളെ കുറിച്ചും ദോഷഫലങ്ങളെ കുറിച്ചുമാണ് അവർ ചർച്ചചെയ്തിരുന്നത്. മദ്യം നന്നായി നേർപ്പിക്കണമെന്ന് മാത്രമല്ല കുടിക്കുന്നതിന് കൃത്യമായ ഇടവേളയും ആവശ്യമാണ്' -മന്ത്രി പറയുന്നു.
ഇതേ പരിപാടിയിൽ മന്ത്രി റോഡപകടങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളും വിവാദമായി. റോഡുകളുടെ അവസ്ഥ നല്ലതാകുമ്പോഴാണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. 'റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി ഫോൺകോളുകൾ ലഭിക്കുന്നുണ്ട്. പക്ഷേ, മോശം റോഡുകളിൽ വളരെ കുറച്ച് അപകടങ്ങൾ മാത്രമേ സംഭവിക്കുന്നുള്ളൂ. എവിടെയൊക്കെ നല്ല റോഡുകളുണ്ടോ, അവിടെയൊക്കെ ദിവസവും അപകടങ്ങൾ സംഭവിക്കുകയാണ്. നല്ല റോഡുകളിൽ വാഹനങ്ങൾ അതിവേഗം പോയിട്ടാണ് അപകടങ്ങളുണ്ടാകുന്നത്'.
വാഹനങ്ങളുടെ വേഗതയോ, മൊബൈൽ ഉപയോഗമോ, ലഹരിയോ, സിഗററ്റ് വലിയോ എന്തുതന്നെയായാലും ആളുകൾക്ക് ആത്മനിയന്ത്രണം വേണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.