ഇങ്ങനെയും കടുവയോ? അപൂർവമായ ദൃശ്യം പങ്കുവെച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ
text_fieldsവൈവിധ്യങ്ങളുടെ കലവറയാണ് വനങ്ങൾ. വിവിധങ്ങളായ ജന്തു-സസ്യജാലങ്ങൾക്കൊപ്പം പ്രകൃതി ഒളിപ്പിച്ചുവെച്ച അപൂർവതകളും കാട്ടിൽ കാണാനാകും. അത്തരത്തിൽ, അപൂർവമായ കറുത്ത കടുവയുടെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ.
ഓറഞ്ചിൽ കറുത്ത വരകളാണല്ലോ സാധാരണയായി കടുവയുടെ നിറം. എന്നാൽ, സുശാന്ത നന്ദ പങ്കുവെച്ച കടുവക്ക് ഓറഞ്ചിനേക്കാൾ കൂടുതലും കറുത്ത നിറം തന്നെയാണ്. കറുത്ത നിറത്തിലൊരു കടുവ എന്ന് വേണമെങ്കിൽ പറയാം. ഒഡിഷയിലെ സിംലിപാൽ കടുവ സംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.
'സിംലിപാൽ കടുവ സങ്കേതത്തിൽ നിന്നുള്ള മെലാനിസ്റ്റിക് കടുവയുടെ ആദ്യ വിഡിയോ ഡി.എസ്.എൽ.ആർ കാമറയിൽ പ്രകൃതി സംഗീതത്തിന്‍റെ പശ്ചാത്തലത്തിൽ പകർത്തി' -എന്നാണ് സുശാന്ത നന്ദ വിഡിയോ കാപ്ഷനിൽ പറയുന്നത്.
എന്താണ് മെലാനിസം
ഒരു ജനിതക പ്രത്യേകതയാണ് മെലാനിസം. ശരീരത്തിന് നിറം നൽകുന്ന പിഗ്മെന്‍റുകളിലൊന്നായ മെലാനിൻ അമിതമായ അളവിൽ ഉൽപ്പാദിപ്പിക്കപ്പെടുമ്പോഴാണ് ദേഹത്ത് കറുപ്പുനിറം വർധിക്കുക. ഇത്തരത്തിൽ മെലാനിസം ബാധിച്ച കടുവയുടെ ദൃശ്യങ്ങളാണ് ഒഡിഷയിൽ നിന്ന് പകർത്തിയത്.
മെലാനിസ്റ്റിക് കടുവകള്‍ പ്രധാനമായും വാസമുറപ്പിച്ചിരിക്കുന്ന മേഖല കൂടിയാണ് ഒഡിഷയിലെ സിംലിപാല്‍ കടുവ സങ്കേതം. ഇവിടെ നേരത്തെയും നിരവധി തവണ ഇത്തരത്തിലുള്ള കടുവകളെ കണ്ടെത്തിയിട്ടുണ്ട്. സിംലിപാലിൽ ഇത്തരം കടുവകൾക്ക് മാത്രമായി പ്രത്യേക സംരക്ഷണ കേന്ദ്രം ഒരുക്കുമെന്ന് മുൻ മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപിച്ചിരുന്നു. മെലാനിസ്റ്റിക് കടുവകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.