ഉള്ളു തണുപ്പിക്കാം, ഡാൻസ് തുടരൂ; ജാനകിക്കും നവീനും പിന്തുണയുമായി മിൽമ
text_fields'റാസ്പുടിൻ' പാട്ടിന് ചുവടുവെച്ച് വൈറലാവുകയും പിന്നീട് സംഘ്പരിവാർ അനുകൂലികളുടെ വിദ്വേഷ പ്രചാരണത്തിന് ഇരകളാവുകയും തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിക്കും നവീനും പിന്തുണയുമായി മിൽമ. ഫേസ്ബുക് പേജിലാണ് ഇരുവരുടെയും കാരിക്കേച്ചർ പങ്കുവെച്ച് മിൽമ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇരുവരോടും ഡാൻസ് തുടരൂവെന്നും മിൽമ പറയുന്നു.
'ഹൃദയങ്ങളിൽ തീ നിറയ്ക്കുമ്പോൾ ഉള്ളു തണുപ്പിക്കാൻ മിൽമ' എന്നാണ് കാരിക്കേച്ചറിനൊപ്പം കുറിച്ചിട്ടുള്ളത്. സംഘ്പരിവാർ അനുകൂലികൾ 'ലൗ ജിഹാദ്' ആരോപണവുമായി വന്ന സാഹചര്യത്തിൽ മിൽമ ഇരുവർക്കും പിന്തുണ പ്രഖ്യാപിച്ചത് സമൂഹമാധ്യമങ്ങളിൽ കൈയടി നേടിയിരിക്കുകയാണ്.
തൃശൂർ മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥികളായ ജാനകിക്കും നവീനും ആഴ്ചകൾക്ക് മുമ്പ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഡാൻസ് വിഡിയോയാണ് വൈറലായത്. തിരുവനന്തപുരം സ്വദേശിയായ ജാനകി മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയും മാനന്തവാടി സ്വദേശിയായ നവീൻ നാലാം വർഷ വിദ്യാർഥിയുമാണ്. ബോണി എം ബാൻഡിന്‍റെ 'റാ റാ റാസ്പുടിൻ ലവർ ഓഫ് ദ റഷ്യൻ ക്വീൻ' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇവർ ചുവടുവെച്ചത്.
എന്നാൽ, ഇതിനെതിരെ 'ലൗ ജിഹാദ്' ആരോപണവും വിദ്വേഷ പ്രചാരണവുമായി സംഘ്പരിവാർ അനുകൂലികൾ രംഗത്തെത്തിയതോടെ പാട്ടും ഡാൻസും വിവാദമാവുകയായിരുന്നു. 'ലൗ ജിഹാദ്' ആരോപണവുമായി എത്തിയവർക്ക് തക്കതായ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. ഇരുവർക്കും പിന്തുണയുമായി നൂറുകണക്കിന് വിദ്യാർഥികളാണ് ഈ ഗാനത്തിന് ചുവടുവെച്ച് വിഡിയോ പോസ്റ്റ് ചെയ്തത്. 'വെറുക്കാൻ ആണ് ഉദ്ദേശ്യമെങ്കിൽ ചെറുക്കാൻ ആണ് തീരുമാനം' എന്ന തലക്കെട്ടോടെ തൃശൂർ മെഡിക്കൽ കോളജ് യൂണിയൻ ഗ്രൂപ്പ് ഡാൻസ് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.