മൂന്നുവയസുകാരിയെ മൃഗശാലയിലെ കരടിക്കൂട്ടിലേക്കെറിഞ്ഞ് മാതാവ്; പാഞ്ഞടുത്ത് കരടി -ഞെട്ടിപ്പിക്കുന്ന വിഡിയോ
text_fieldsമൃഗശാലയിലെ കരടിക്കൂട്ടിലേക്ക് മൂന്നുവയസുകാരി മകളെ എറിഞ്ഞ് മാതാവ്. ഉസ്ബസ്കിസ്താൻ താഷ്കന്റിലെ മൃഗശാലയിലാണ് സംഭവം. വധശ്രമത്തിന് കുട്ടിയുടെ മാതാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. മൃഗശാലയിൽ സ്ഥാപിച്ചിരിക്കുന്ന സുരക്ഷ വേലിക്കിടയിലൂടെ സ്ത്രീ മൂന്നുവയസുകാരിയെ കരടിയുടെ കൂട്ടിലേക്ക് എറിയുന്നത് വിഡിയോയിൽ കാണാം. കരടിക്കൂട്ടിലെ കിടങ്ങിലേക്കാണ് കുട്ടി വീണത്. വീണയുടൻ കിടങ്ങിനകത്തേക്ക് കരടി ഓടിപോകുന്നതും വിഡിയോയിലുണ്ട്.
സുസു എന്ന കരടിയുടെ കൂട്ടിലേക്കാണ് കുട്ടി വീണത്. ഉടൻതന്നെ ആറ് മൃഗശാല അധികൃതർ കരടിയുടെ കൂട്ടിൽ പ്രവേശിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. വീഴ്ചയിൽ തലക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സന്ദർശകരും മൃഗശാല ജീവനക്കാരും നോക്കിനിൽക്കേയാണ് യുവതി കുട്ടിയെ കരടിയുടെ മുൻപിലേക്ക് എറിഞ്ഞതെന്ന് മൃഗശാല അധികൃതർ അറിയിച്ചു. അവരുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് അറിയില്ല. സന്ദർശകരും തങ്ങളുടെ ജീവനക്കാരും കുട്ടിയെ അപകടത്തിൽപ്പെടുത്തുന്നതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മാതാവ് കുട്ടിയെ എറിയുകയായിരുന്നുവെന്നും അവർ പറഞ്ഞു.
കുട്ടി താഴേക്കുവീണതോടെ കരടി ആക്രമിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു. മൃഗശാലയിലെ കൊക്കേഷ്യൻ ബ്രൗൺ ആൺ കരടിയായ സുസുവിന്റെ മുൻപിലേക്കാണ് കുട്ടിയെ എറിഞ്ഞത്. സുസു കിടങ്ങിൽ കുട്ടിയുടെ സമീപമെത്തിയിരുന്നു. കുഞ്ഞിനെ മണത്തുനോക്കിയശേഷം തിരിച്ചുനടക്കുകയായിരുന്നു -മൃഗശാല അധികൃതർ പറയുന്നു.
വീഴ്ചയിൽ കുട്ടിയുടെ തലയിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു. എന്നാൽ കരടിയുടെ നഖത്തിന്റെയോ പല്ലിന്റെയോ ഒരു പാടും കുട്ടിയുടെ ശരീരത്തിലില്ലെന്നും മൃഗശാല അധികൃതർ കൂട്ടിച്ചേർത്തു.
മാതാവിന്റെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 15 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.