‘നാളെ മുതൽ വാട്സാപ്പിന് നടപ്പാക്കുന്ന പുതിയ നിയമങ്ങൾ’: വീണ്ടും വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കുന്നു
text_fieldsകോഴിക്കോട്: നാളെ മുതൽ വാട്സാപ്പിനും വാട്സാപ്പ് കോളുകകൾക്കും നടപ്പാകുന്ന പുതിയ നിയമങ്ങൾ എന്ന പേരിൽ 11 നടപടികൾ അക്കമിട്ടെഴുതിയ വ്യാജ സന്ദേശം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. സർക്കാറിനോ പ്രധാനമന്ത്രിക്കോ എതിരെയോ രാഷ്ട്രീയകാര്യങ്ങൾക്ക് എതിരെയോ പോസ്റ്റുകൾ ഷെയർ ചെയ്യരുത് എന്നു തുടങ്ങി രാഷ്ട്രീയ, മത സന്ദേശങ്ങൾ അയക്കുന്നത് ശിക്ഷാകരമായ പ്രവർത്തിയാണെന്നും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നും അടക്കമുള്ള കാര്യങ്ങളാണ് സന്ദേശത്തിലുള്ളത്.
എല്ലാ കോളുകളും റെക്കോർഡ് ചെയ്യും, എല്ലാ കോളുകളും സേവ് ചെയ്യപ്പെടും, വാട്സ്ആപ്പ്, ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപെടും, ഫോൺ മിനിസ്ട്രി സിസ്റ്റത്തോട് കണക്ട് ചെയ്യപ്പെടും, അനാവശ്യ മെസ്സേജുകൾ ആർക്കും സെന്റ് ചെയ്യരുത്, രാഷ്ട്രീയമോ മതപരമോ ആയ മെസ്സേജുകൾ അയക്കുന്നത് ശിക്ഷാകരമാണ്, വാറണ്ടില്ലാതെ നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടാൻ ചാൻസുണ്ട്, സീരിയസ് ആയിട്ടുള്ള സൈബർക്രൈം ഒഫൻസ് ആയി ഇത് കണക്കാക്കും എന്നിങ്ങനെ പോകുന്നു സന്ദേശം.
എല്ലാ ഗ്രൂപ്പ് മെമ്പേഴ്സും മോഡറേറ്റർസും സീരിയസായി എടുക്കണമെന്നും ആരും തെറ്റായ ഒരു മെസ്സേജും അയക്കരുതെന്നും നിർദേശിക്കുന്ന ഈ സന്ദേശത്തിൽ ഉത്തരവാദിത്വമുള്ള ഒരു പൗരൻ ആകാൻ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്.
അയച്ച സന്ദേശങ്ങൾക്ക് മൂന്ന് ബ്ലൂ ടിക് (✓) വന്നാൽ നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടുവെന്നാണ് അർഥമെന്നും രണ്ട് ബ്ലൂ, ഒരു റെഡ് ടിക് (✓) വന്നാൽ നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കാണുകയും ആക്ഷൻ എടുക്കുകയും ചെയ്തേക്കാം എന്നാണ് അർഥമെന്നും വ്യാജ സന്ദേശത്തിലുണ്ട്.
ഒരുബ്ലൂ, രണ്ട് റെഡ് ടിക് ആണ് വന്നതെങ്കിൽ നിങ്ങളുടെ ഇൻഫോർമേഷൻ ഗവൺമെന്റ് ചെക്ക് ചെയ്യുന്നു, മൂന്ന് റെഡ് ടിക് ആണെങ്കിൽ നിങ്ങൾക്ക് എതിരെയുള്ള നടപടി ഗവൺമെന്റ് ആരംഭിച്ചു, ഉടനെ കോടതിയുടെ സമൻസ് കിട്ടും എന്നും വ്യാജൻ വിശദീകരിക്കുന്നു.
എന്നാൽ, അത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സർക്കാർ ഏജൻസികളും നൽകിയിട്ടില്ലെന്ന് കേരള പൊലീസ് അറിയിച്ചു. രണ്ടു മൂന്ന് വർഷം മുന്നേ ഇറങ്ങിയ ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്തിരിക്കുകയാണെന്നും അടിസ്ഥാന രഹിതമായ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.