വിജയദിനത്തിൽ ദീപം തെളിച്ച് ബി.ജെ.പിയെ വെട്ടിലാക്കി ഒ. രാജഗോപാൽ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിനിടെ നേമത്ത് നിരന്തര പ്രസ്താവനകളിലൂടെ ബി.ജെ.പിയെ വെട്ടിലാക്കിയ നേമം എം.എൽ.എയും മുതിർന്ന നേതാവുമായ ഒ. രാജഗോപാലിന്‍റെ വക പാർട്ടിക്ക് വീണ്ടും 'കൊട്ട്'. എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചതിന്‍റെ ഭാഗമായി ഇടതുപ്രവർത്തകർ ദീപം തെളിച്ച് വിജയദിനം ആഘോഷിക്കുന്ന വേളയിൽ കൈയിൽ ദീപമേന്തിയ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് രാജഗോപാൽ ഇത്തവണ വിവാദങ്ങളിൽ ഇടംപിടിച്ചത്.
ബംഗാളിലെ അക്രമങ്ങളിൽ പ്രതിഷേധിച്ച് #bengalvoilence, #saveBengal എന്നീ ഹാഷ്ടാഗ് നൽകിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ, ഇത്തരമൊരു പരിപാടിക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. എൽ.ഡി.എഫ് വിജയാഹ്ലാദം നടത്തുന്ന സമയത്ത് തന്നെ ഈ ചിത്രം പോസ്റ്റ് ചെയ്തത് ദുരുദ്ദേശത്തോടെയാണെന്നാണ് ബി.ജെ.പിയിൽ ഒരുവിഭാഗം ആരോപിക്കുന്നത്.
രാജഗോപാലിന്‍റെ ഈ പ്രവൃത്തിയെ സി.പി.എം അനുഭാവികൾ ഫേസ്ബുക്കിൽ ആവോളം പുകഴ്ത്തുന്നുണ്ട്.''നേമം ചുവപ്പിച്ച സഖാവിന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ...സഖാവിന്റെ കയ്യിൽ താമരക്കു പകരം ചുവന്ന പൂവ്💓💓💓'', ''അങ്ങനെ രാജേട്ടനും വിജയം ആഘോഷിച്ചു...💓'', ''എല്ലാറ്റിലും ഒരു സമന്വയത്തിന്റെ സംഗീതം കണ്ടെത്താൻ കഴിയുന്ന രാജേട്ടാ അങ്ങ് മാസ്സാണ്.... വിജയ ദിനാശംസകൾ ....ഒപ്പം ബംഗാൾ കലാപത്തിനെതിരായാ പ്രതിഷേധവും .... ലാൽ സലാം'', ''രാജേട്ടനിൽ കമ്മ്യൂണിസത്തിന്റെ നിശബ്ദ തരംഗമുണ്ടെന്ന് വേണം അനുമാനിക്കാൻ..'', ''തെറിയുമായി ചാണകങ്ങൾ ഇപ്പോൾ വരും.. നിയമസഭയിൽ പോയിരുന്നു രാജേട്ടനും ഒരു കമ്മ്യൂണിസ്റ്റ് കാരൻ ആയതിൽ നിങ്ങൾക്ക് എന്താണ് മിത്രങ്ങളെ 🤣'', ''നമ്മുടെ സഖാവ് രാജേട്ടൻ'', 'ഈ പുള്ളിയുടെ ഇപ്പോഴത്തെ നിലപാടുകൾ കാണുമ്പോൾ Big B സിനിമയിലെ വിനായകനെ ആണ് ഓർമ വരുന്നത്... അവസാനം വരെ വില്ലന്റെ കൂടെ നിന്നിട്ടും ആട്ടും തുപ്പും മാത്രം കിട്ടി ക്ലൈമാക്സിൽ വില്ലന്റെ അണ്ണാക്കിൽ കൊടുത്ത് നായകന്റെ ഒപ്പം നിൽക്കുന്ന കഥാപാത്രം... കുറച്ചു താമസിച്ചായാലും പതിയെ നേരിന്റെ ട്രാക്കിലോട്ട് വരുന്നുണ്ട് ❤'' എന്നിങ്ങനെ പോകുന്നു കമന്‍റുകൾ. അതേസമയം, തെറിവിളിയും ആക്ഷേപവുമായി സംഘ്പരിവാർ അനുകൂലികളും രംഗത്തുണ്ട്.
ഒ. രാജഗോപിലൂടെയാണ് ബി.ജെ.പിക്ക് കേരളത്തിൽ ആദ്യമായി എം.എൽ.എ സ്ഥാനം ലഭിച്ചത്. 2016ൽ നേമം മണ്ഡലത്തിലാണ് രാജഗോപാൽ വിജയിച്ചത്. എന്നാൽ, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവിടെ കുമ്മനം രാജശേഖരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതുമുതൽ ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പിക്കും കുമ്മനത്തിനുമെതിരെ രാജഗോപാൽ നിരന്തരം പ്രസ്താവനകൾ നടത്തിയിരുന്നു. സംസ്ഥാനത്ത് ബി.ജെ.പിയുടെ റെക്കോർഡ് തോൽവിക്ക് ഈ നീക്കം കാരണമായതായി നേതാക്കൾ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.