തെരുവിൽ നായ്ക്കൊപ്പം പുതച്ചുമൂടി ഉറങ്ങിയ ബാലനെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ച് നിരവധി കുടുംബങ്ങൾ
text_fieldsലഖ്നോ (ഉത്തർ പ്രദേശ്): അവന്‍റെ വീടെവിടെയാണെന്നവന് അറിയില്ലായിരുന്നു. തന്‍റെ പിതാവ് ജയിലിലായതോടെ മാതാവ് ഉപേക്ഷിച്ച് പോയതാണെന്ന കാര്യം മാത്രമേ കുഞ്ഞ് അങ്കിത്തിനറിയാമായിരുന്നുള്ളൂ. ബലൂൺ വിറ്റും ചായക്കടയിൽ ജോലി ചെയ്തുമായിരുന്നു അവൻ ഉപജീവനം നടത്തിയിരുന്നത്.
കിട്ടുന്ന പണത്തിന് വാങ്ങുന്ന ഭക്ഷണം സദാസമയവും ഒപ്പമുള്ള ഡാനി എന്ന നായ്ക്കും നല്‍കും. ഉൗണും ഉറക്കവുമെല്ലാം ഡാനിക്കൊപ്പം തെരുവിലായിരുന്നു. വർഷങ്ങളായി ഇങ്ങനെയായിരുന്നു അങ്കിത്തിന്‍റെ ജീവിതം.
എന്നാൽ, ദിവസങ്ങൾക്ക് മുമ്പ് അടച്ചിട്ട പീടിക വരാന്തക്ക് മുമ്പിൽ ഒരു പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി അന്തിയുറങ്ങികയായിരുന്ന അങ്കിത്തിന്‍റെയും ഡാനിയുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ പകർത്തിയ ചിത്രമാണ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. പിന്നാലെ കുട്ടിയെ തിരഞ്ഞിറങ്ങിയ അധികാരികൾ തിങ്കളാഴ്ച കണ്ടെത്തി സംരക്ഷണമൊരുക്കുകയായിരുന്നു.
ഇപ്പോൾ കുട്ടിയെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ച് നിരവധി കുടുംബങ്ങളാണ് മുന്നോട്ടു വരുന്നത്. നിലവിൽ ഷീല ദേവിയെന്ന സ്ത്രീയുടെ സംരക്ഷണയിലാണ് അങ്കിത്ത്.
സർക്കാർ നിയമപ്രകാരം കുട്ടിയെ ദത്ത് നൽകാൻ സാധിക്കുമെങ്കിലും ആദ്യം അങ്കിതിന്‍റെ കുടുംബത്തെ കണ്ടെത്തി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്ന് വനിത ശിശുക്ഷേമ മന്ത്രാലയത്തിലെ മുഖ്യ ഓഫിസറായ മുഹമ്മദ് മുഷ്ഫഖീൻ പറഞ്ഞു.
കുട്ടിയെ സഹായിക്കാനായി ആരും മുന്നോട്ട് വന്നില്ലെങ്കിൽ അവന് വിദ്യാഭ്യാസം നൽകുന്നതിനായി മോഡേൺ പൊലീസ് സ്കൂളിൽ ചേർക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ മുസഫർനഗർ സീനിയർ പൊലീസ് സൂപ്രണ്ട് അഭിഷേക് യാദവ് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.