ഈ പട്നയല്ല, ആ പട്ന
text_fieldsപട്ന എവിടെയാണെന്ന് ചോദിച്ചാൽ, ബിഹാറിന്റെ തലസ്ഥാനം എന്ന ഒറ്റ ഉത്തരം മാത്രമല്ല ഇനി. മറ്റൊരു പട്ന കൂടിയുണ്ട്, അങ്ങ് യൂറോപ്പിലെ സ്കോട്ട്ലൻഡിൽ. അത് ബിഹാറിലേതുപോലെ നഗരമല്ല ഗ്രാമമാണ്. ആ പട്നയെക്കുറിച്ച് ഇൻസ്റ്റയിൽ വന്ന ഒരു വിഡിയോയെ തുടർന്ന് ഈ പേരിനെക്കുറിച്ചായി പിന്നെ ചർച്ച. സ്കോട്ട്ലൻഡിലെ പട്നയിലെ റോഡുകൾ, വീടുകൾ, അയൽപക്കങ്ങൾ, പ്രകൃതിഭംഗി തുടങ്ങിയവ വിഡിയോയിലുണ്ട്. പേരിനു പിന്നിലെ കഥയിങ്ങനെ: 1774ൽ ഇന്ത്യയിലെ പട്നയിൽ ജനിച്ചു വളർന്ന വില്യം ഫുള്ളർട്ടനെന്ന ബ്രിട്ടീഷുകാരൻ പിന്നീട് കൽക്കരി, ചുണ്ണാമ്പുകല്ല് ഖനന കമ്പനിയുടെ മേൽനോട്ടം വഹിക്കാൻ സ്കോട്ട്ലൻഡിലേക്ക് മാറി.
അവിടെ ഫുള്ളർട്ടൺ തന്റെ തൊഴിലാളികൾക്കായി ഒരു ഗ്രാമം പണിയുകയും അതിന് ഇന്ത്യയിലെ തന്റെ ജന്മനാടിന്റെ പേര് നൽകുകയുമായിരുന്നു. പട്ന ഓൾഡ് ബ്രിഡ്ജ് എന്ന പേരിൽ ഒരു പാലം നിർമിച്ചു. 1960ൽ അത് മാറ്റിസ്ഥാപിക്കുന്നതുവരെ ആളുകൾ ഉപയോഗിച്ചിരുന്നതായും പറയുന്നു. ഹലോ ട്രാവലിലെ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. എല്ലാ വർഷവും മാർച്ച് 22ന് ബിഹാർ ദിനം സ്കോട്ട്ലൻഡിലെ പട്നയിൽ സംഘടിപ്പിക്കുന്നുണ്ട്. നിരവധി പ്രമുഖർ ഈ പരിപാടിയിൽ പങ്കെടുക്കുന്നു. മൂന്നു വർഷം മുമ്പ് ബിഹാർ ദിനാചരണത്തിൽ അന്നത്തെ ഇന്ത്യൻ ഹൈകമീഷണർ വൈ.കെ. സിൻഹ പങ്കെടുത്തിരുന്നു. പേരിൽ മാത്രമല്ല, അല്ലാതെയും രണ്ടും തമ്മിൽ സാമ്യങ്ങൾ ഏറെയാണ്. ബിഹാറിലെ പട്ന ഗംഗയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നതെങ്കിൽ സ്കോട്ട്ലൻഡിലേത് ഡൂൺ നദിയുടെ തീരത്താണ്. ഏകദേശം മൂവായിരം മാത്രമാണ് അവിടത്തെ ജനസംഖ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.