'ലോകം നരഭോജികളുടേതൊന്നുമല്ല'; വൃക്കരോഗിയുടെ ഹൃദയം 'കവർന്ന' മനുഷ്യരുടെ കഥ പങ്കുവെച്ച് ഫിസിയോ തെറപ്പിസ്റ്റ്
text_fieldsകോഴിക്കോട്: നരബലിയും നരഭോജനവും മന്ത്രവാദവുമായി വാർത്തകൾ നിറയുന്നതിനിടെ മനുഷ്യപ്പറ്റുള്ള ഒരുവാർത്ത പങ്കുവെക്കുകയാണ് കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ഫിസിയോ തെറപ്പിസ്റ്റ് മുഹമ്മദ് നജീബ്. തമിഴ്നാട്ടിൽ നിന്ന് ചികിത്സക്കായി ഇവിടെയെത്തിയ കിഡ്‌നി രോഗിയായ യുവതിയെയും അവരുടെ ദരിദ്ര കുടുംബത്തെയും ഹൃദയത്തോട് ചേർത്തുവെച്ച മനുഷ്യരെ കുറിച്ചാണ് കുറിപ്പ്.
നന്മയുടെ കരങ്ങൾ കോർത്തുവെച്ചെങ്കിലും ആ യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. മകളുടെ ജീവനറ്റ ശരീരം കാത്ത് ഐ.സി.യുവിന് പുറത്തിരിക്കുമ്പോഴും ആ അമ്മ 'ഈ നാടും ഇവിടുത്തെ മനുഷ്യരെയും എനിക്ക് ഒരിക്കലും മറക്കാനാവില്ല, എന്റെ നാടിതാണ്, ഞാനിങ്ങോട്ട് തന്നെ തിരിച്ചു വരും' എന്ന് കണ്ണീരോടെ വിതുമ്പിക്കൊണ്ടിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.
കുറിപ്പ് വായിക്കാം:
നരഭോജന വാർത്ത വായിച്ച് മരവിച്ചോ ? ലോകം നരഭോജികളുടേതൊന്നുമല്ല.
ഇഖ്‌റ ആശുപത്രിയിൽ ഇന്നൊരു മരണമുണ്ടായിരുന്നു. കിഡ്‌നി രോഗിയായ ഒരു യുവതി. കൂടെ അമ്മയും ആങ്ങളയും ഉണ്ട്. ചികിത്സ തേടി തമിഴ്‌നാട്ടിലെ ഒരു കുഗ്രാമത്തിൽ നിന്ന് കോഴിക്കോട്ടെത്തിയ ദരിദ്ര കുടുംബം.
മകളുടെ ജീവനറ്റ ശരീരം കാത്ത് icu വിന് പുറത്തിരിക്കുമ്പോഴും അവർ കാണുന്നവരുടൊക്കെ കണ്ണീരോടെ വിതുമ്പിക്കൊണ്ടിരുന്നു, ഈ നാടും ഇവിടുത്തെ മനുഷ്യരെയും എനിക്ക് ഒരിക്കലും മറക്കാനാവില്ലെന്ന്. എന്റെ നാടിതാണെന്ന്. ഞാനിങ്ങോട്ട് തന്നെ തിരിച്ചു വരുമെന്ന്.
അവളെ രക്ഷിക്കാനായില്ലെങ്കിലും ആ അമ്മയുടെയും മകളുടെയും ജീവിതത്തെ ആർദ്രതകൊണ്ട് ആലിംഗനം ചെയ്ത ചില കോഴിക്കോടൻ മനുഷ്യരെ ഇന്ന് കണ്ടു. ഏതോ വഴിയിൽ അവിചാരിതമായി കണ്ടത് മുതൽ സഹായങ്ങളുമായി കൂടെ നിന്ന ഫാബി, ഏതോ നാട്ടിലുള്ള ആ കുടുംബത്തെ സ്വന്തം വീട്ടിൽ താമസിപ്പിച്ച് ഉടപ്പിറപ്പിനെ പോലെ പരിചരിച്ച ജുവൈരിയയും മകൻ ഹാനിയും, അവർക്ക് വേണ്ടി ഓടിനടക്കുന്ന JNU വിദ്യാർത്ഥി ബഷീർ, യേശുദാസ്, തമിഴ്‌നാട്ടിലേക്ക് ആംബുലൻസ് സ്പോൺസർ ചെയ്ത മനാഫ്. താങ്ങും തണലുമായി അവർക്കൊപ്പം ഇഖ്‌റയും.
തീർന്നില്ല, മറ്റൊരു മനുഷ്യനെക്കുറിച്ചാണ് ആ അമ്മയും മകനും നിരന്തരം ചോദിച്ചു കൊണ്ടിരുന്നത്. അവർ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരാൾ. അദ്ദേഹമാണ് ഏറെ നാളായി ഡയാലിസിസിന് വേണ്ടി ചിലവായ വലിയ തുക അടക്കാനുള്ള ഏർപ്പാട് ചെയ്തുകൊണ്ടിരുന്നത്. ഒടുവിൽ ബോഡി കാണാൻ ഓടിയെത്തിയ അബൂബക്കർ എന്ന ആ മനുഷ്യന്റെ മുമ്പിലേക്ക് ആ അമ്മ വിതുമ്പലോടെ വീണുപോയത് വല്ലാത്ത കാഴ്ചയായി. അബൂബക്കർ എന്ന കോട്ടും ടൈയുമിട്ട ഒരു 'ബോസ്സിനെ'യായിരുന്നു അവർ പ്രതീക്ഷിച്ചിരുന്നതെന്ന് മരിച്ച കുട്ടിയുടെ സഹോദരൻ പറഞ്ഞു. വന്നതാകട്ടെ വിനയാന്വിതനായ ഒരു മെലിഞ്ഞ മനുഷ്യനും.
ഇത്തരം 'അത്ഭുത മനുഷ്യർ' എങ്ങിനെയൊക്കെയോ വന്നുപെടുന്ന ഒരിടമാണ് ഇഖ്റ ഹോസ്പിറ്റൽ. ഇങ്ങനെയുള്ള മനുഷ്യരിലുള്ള വിശ്വാസം കൊണ്ട് തന്നെയാണ് ഇഖ്‌റക്ക് ആർദ്രതയുള്ള ഒരാശുപത്രിയായി നിലയുറപ്പിക്കാൻ കഴിയുന്നത്. പുറമെ നിന്നുള്ള സഹായങ്ങൾ പരിമിതികൾ കാരണം നിലച്ച ഘട്ടത്തിലും ഇഖ്റ സ്വന്തം നിലയിൽ ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് ആ കുടുംബത്തിന് സമാശ്വാസമാവുകയുണ്ടായി. ആ അമ്മക്കും കുടുംബത്തിനും സമാധാനം ഉണ്ടാവട്ടെ. ചുറ്റുമുള്ള നല്ല മനുഷ്യർക്ക് അനുഗ്രഹങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.