‘മാപ്പ്’ നൽകൂ ഗൂഗിളേ...
text_fieldsതിരുവനന്തപുരം: ഗൂഗ്ൾമാപ് നോക്കി യാത്ര ചെയ്ത് അപകടത്തിൽപെടുന്ന സാഹചര്യത്തിൽ മാപ് ഉപയോഗിക്കുന്നതിനുള്ള ബോധവത്കരണവുമായി പൊലീസ് തയാറാക്കിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘മാപ്പ്’ നൽകൂ ഗൂഗിളേ’എന്ന തലക്കെട്ടിൽ തുടങ്ങുന്ന വിഡിയോ മാപ്പ് ഉപയോഗിക്കുന്നതിന്റെ വിവിധ വശങ്ങൾ വിശദീകരിക്കുന്നു.
ദേവാസുരം സിനിമയിലെ ‘മാപ്പ് നൽകൂ...’എന്ന് തുടങ്ങുന്ന ഗാനത്തിലാണ് തുടക്കം. ഗൂഗ്ൾ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്യുമ്പോൾ ഏറെ മുൻകരുതൽ വേണമെന്ന് വോയിസ് ഓവറിൽ നിർദേശം നൽകുന്നു. ഒട്ടും പരിചിതമല്ലാത്ത റോഡുകളിൽ യാത്ര ചെയ്യുമ്പോൾ ഗൂഗ്ൾമാപ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുമെന്നാണ് അടുത്തിടെയുണ്ടായ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
പ്രകൃതിക്ഷോഭസമയങ്ങളിൽ റോഡ് വഴിതിരിച്ചുവിടുന്നത് ഗൂഗിളിലൂടെ അറിയാൻ കഴിയില്ല. അപകടസാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും അപരിചിതവും വിജനവുമായ റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം. രാത്രികാലങ്ങളിൽ ജി.പി.എസ് സിഗ്നൽ നഷ്ടപ്പെട്ട് വഴിതെറ്റിയേക്കാം.
സഞ്ചാരികൾ കൂടുതൽ തിരയുന്ന റിസോർട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗ്ൾ ലൊക്കേഷനുകളിൽ മനഃപൂർവമോ അല്ലാതെയോ തെറ്റായി രേഖപ്പെടുത്താം. സിഗ്നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകളിൽ നേരത്തേതന്നെ റൂട്ട് സേവ് ചെയ്യാം. യാത്ര ചെയ്യുന്ന വാഹനത്തിന്റെ വിവരം മാപ്പിൽ തെരഞ്ഞെടുക്കാൻ മറക്കരുത്.
നാലുചക്രം, ഇരുചക്രം, സൈക്കിൾ, കാൽനടയാത്ര, ട്രെയിൻ എന്നിങ്ങനെയുള്ള ഓപ്ഷനുകളിൽനിന്ന് സ്വന്തം വാഹനം െതരഞ്ഞെടുക്കണം. ഒരുസ്ഥലത്തേക്ക് പോകാൻ രണ്ടുവഴികളുണ്ടെങ്കിൽ ഇടക്ക് അറിയാവുന്ന ഏതെങ്കിലും സ്ഥലം കൂടി ചേർത്താൽ വഴിതെറ്റുന്നത് ഒഴിവാക്കാം.
ഗതാഗതതടസ്സം ശ്രദ്ധയിൽപെട്ടാൽ ഗൂഗ്ൾമാപ് ആപ്പിലെ കോൺട്രിബ്യൂട്ട് എന്ന ഓപ്ഷൻ വഴി റിപ്പോർട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ് ഓപ്ഷനിൽ ആഡ് ഓർ ഫിക്സ് ഓപ്ഷൻ വഴി പ്രശ്നം റിപ്പോർട്ട് ചെയ്യാം. പിന്നീട് അതുവഴി വരുന്ന യാത്രക്കാർക്ക് ഇത് തുണയാകും.
അടുത്തിടെ കോട്ടയം കുറുപ്പംതറയിൽ ഗൂഗ്ൾമാപ് നോക്കി സഞ്ചരിച്ച വിനോദസഞ്ചാരികളുടെ കാർ തോട്ടിൽ വീണിരുന്നു. അടുത്തിടെ മരണം ഉൾപ്പെടെ പല അപകടങ്ങളും ഇത്തരത്തിൽ സംസ്ഥാനത്തുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.