ആ ഇരിക്കുന്നതാണ് ഇന്ത്യയുടെ വാറൻ ബഫറ്റ്; ഉത്തരം കണ്ടെത്തി നെറ്റിസൺസ്
text_fieldsകസേരയിൽ ഇരിക്കുന്ന ഒരാൾ, അയാൾക്കുമുന്നിൽ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രമാണിത്. നിൽക്കുന്നയാളെ നല്ല പരിചയമുള്ളതിനാലും ഇതൊരു സ്ഥിരം പരിപാടിയായതിനാലും നെറ്റിസൺസിെൻറ കൗതുകം പോയത് ഇരിക്കുന്നയാളുടെ നേർക്കായിരുന്നു. തുടർന്ന് അവർ അന്വേഷണം ആരംഭിച്ചു. അധികം വൈകാതെ അതിനുത്തരവും കണ്ടെത്തി. അതാണ് സാക്ഷാൽ രാകേഷ് ജുൻജുൻവാല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ അതാണ് ഇന്ത്യയുടെ വാറൻ ബഫറ്റ്. വൻകിട ഇക്വിറ്റി ഇൻവസ്റ്ററും ബിസിനസ് ഭീമനുമാണ് രാകേഷ് ജുൻജുൻവാല. ന്യൂഡൽഹിയിൽ രാകേഷുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ നരേന്ദ്രമോദി തന്നെയാണ് സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചത്.
ഒരേയൊരു ജുൻജുൻവാല
ഫോബ്‌സിന്റെ പട്ടിക പ്രകാരം 34,387 കോടിയുടെ ആസ്തിയുള്ള ബിസിനസ് ഭീമനാണ് രാകേഷ് ജുൻജുൻവാല. ബോംബെയിൽ അഗർവാൾ കുടുംബത്തിൽ ജനിച്ച അറുപത്തിയൊന്നുകാരൻ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ റെയർ എന്റർപ്രൈസസിന്റെ ഉടമയാണ്. ആപ്‌ടെക് ലിമിറ്റഡ്, ഹങ്കാമ ഡിജിറ്റൽ മീഡിയ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ചെയർമാനുമാണ് ഇദ്ദേഹം.
ജിയോജിത് ഫൈനാൻഷ്യൽ സർവീസ്, ബിൽകെയർ ലിമിറ്റഡ്, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി, വൈസ്രോയ് ഹോട്ടൽസ് ലിമിറ്റഡ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡ് അംഗമാണ്. ഓഹരി വിപണിയിലെ നിക്ഷേപവും വിൽപ്പനയുമാണ് രാകേഷിന്റെ വിജയമന്ത്രം. കൃത്യമായി കണക്കുകൂട്ടി ചില ഓഹരികൾ ദീർഘകാലം കൈയിൽവച്ച് പിന്നീട് ലാഭമുണ്ടാകുമ്പോൾ വിറ്റഴിച്ചു പണമുണ്ടാക്കുകയാണ് അദ്ദേഹത്തിന്റെ രീതി.
മാന്ത്രിക സ്പർശമുള്ള നിക്ഷേപകൻ എന്നാണ് ഫോബ്‌സ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. കോളജിൽ പഠിക്കുന്ന കാലം മുതൽ തന്നെ ഓഹരിവിപണിയിൽ നിക്ഷേപമിറക്കിയ രാകേഷിന് ടൈറ്റാൻ, ടാറ്റ, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്, മെട്രോ ബ്രാൻഡ്‌സ് തുടങ്ങിയ കമ്പനികളിൽ നിക്ഷേപമുണ്ട്.
ഓഹരി വിപണിക്കു പുറമേ, രാകേഷിന്റെ ബോളിവുഡ് പ്രിയവും പ്രസിദ്ധമാണ്. ശ്രീദേവി അഭിനയിച്ച ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രം നിർമിച്ചത് ഇദ്ദേഹമാണ്. രേഖ ജുൻജുൻവാലയാണ് ഭാര്യ. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ചരിത്രത്തിലെ ഏറ്റവും അധികം ലാഭമുണ്ടാക്കിയിട്ടുളള ഇന്ത്യൻ ഇക്വിറ്റി ഇൻവെസ്റ്റർമാരിൽ ഒരാളാണ് രാകേഷ്. ഹർഷദ് മേത്ത ജയിലിൽ പോയതോടെ 'ബിഗ് ബുൾ' എന്ന വിശേഷണം അർഹിക്കുന്ന ഇൻവസ്റ്റർ. കോവിഡ് മഹാമാരി എല്ലാ വ്യാപാരങ്ങളുടെയും നട്ടെല്ലൊടിച്ചപ്പോൾ ഓഹരി വിപണിയിൽ നിന്ന് 1400 കോടിയിലധികം രൂപ നേടിയെടുത്ത മാന്ത്രികന്‍ കൂടിയാണ് രാകേഷ് ജുൻജുൻവാല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.