സമര മെഗാ സീരിയലിൽ എത്ര കൊറോണക്കൈമാറ്റം നടന്നുകാണും?; വൈറലായി പൊലീസുകാരൻെറ ഫേസ്ബുക്ക് കുറിപ്പ്
text_fieldsമന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോവിഡ് കാലത്തും സംസ്ഥാന വ്യാപകമായി വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സമര പ്രതിഷേധ പരിപാടികൾ നടക്കുകയാണ്. കോവിഡ് ഡ്യൂട്ടിയായാലും പ്രതിഷേധ സമരങ്ങളുടെ സുരക്ഷാ ഡ്യൂട്ടിയായാലും പൊലീസുകാർക്ക് വിശ്രമമില്ല. ഈ സാഹചര്യത്തിലാണ് കോവിഡ് കാലത്തെ തുടർച്ചയായ സമരങ്ങളും അതേതുടർന്നുള്ള ആശങ്കകളും പങ്കുവെക്കുന്ന കൊച്ചി സിറ്റി പൊലീസിലെ സുനിൽ ജലീലിൻെറ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നത്.
സമര മെഗാ സീരിയൽ പാർട്ടിൽ എത്ര കൊറോണക്കൈമാറ്റം നടന്നുകാണുമെന്നും വരുംദിനങ്ങൾ അത് സാക്ഷ്യപ്പെടുത്തുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. മൂന്നുദിവസം മുമ്പ് റിമാൻഡിലായ പ്രതിയെ ക്വാറൻറീൻ കേന്ദ്രത്തിൽ എത്തിച്ചത് എട്ടുപേരാണ്. ഇന്ന് രാവിലെ സമരത്തിന് എല്ലാവരും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞപ്പോൾ പ്രതിയുടെ റിസൾറ്റ് വന്നു, കോവിഡ് പോസിറ്റീവ്. ആ എട്ട് പോലീസുകാരും പ്രൈമറി കോൺടാക്റ്റുകൾ.... എന്നിങ്ങനെ വ്യത്യസ്ത സംഭവങ്ങൾ ചൂണ്ടിക്കാട്ടി ആശങ്ക പങ്കുവെക്കുകയാണ് ഫേസ്ബുക്ക് കുറിപ്പിൽ.
ഞങ്ങൾക്ക് നിങ്ങടെ ഒണക്ക കോവിഡ് വേണ്ട. ഞങ്ങളുടെ കയ്യിലുള്ള കിടിലൻ കോവിഡ് നിങ്ങളും എടുക്കരുത്. ഇത് കൊണ്ടുപോയി കൊടുത്ത് ഹൈ റിസ്ക് ഗ്രൂപ്പിൽ ഉൾപ്പെട്ടേക്കാവുന്ന നമ്മുടെ വീട്ടുകാരെ കൊല്ലരുത്. സമരവും പ്രതിഷേധവുമൊക്കെ ആയിക്കോളൂ. പക്ഷേ സുരക്ഷിതമായ, സമാധാനപരമായ രീതികളിൽ പോരേ..? ഈ മൃതികാലം കഴിയും വരെയെങ്കിലും..? -എന്നാണ് സുനിൽ ജലീൽ ചോദിക്കുന്നത്.
സുനിൽ ജലീലിൻെറ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:
മെഗാ സീരിയൽ സമരങ്ങളുടെ കാലം വീണ്ടും...
കുറച്ചീസായി ഞങ്ങൾക്ക് ബഹുരസമാണ്. കോവിഡ് ഡ്യൂട്ടിയുമായി വെറുതെ ബോറടിച്ചിരിക്കുകയായിരുന്നല്ലോ ഇതുവരെ. ഇപ്പോഴാണേൽ രാവിലെ തന്നെ സമരങ്ങൾ തുടങ്ങുന്നു. ഉന്തും തള്ളും. അടിപിടി... വരുണപ്രയോഗം.. ലത്തി ഓങ്ങുമ്പഴേ പൊട്ടി ചോര ചീറ്റാൻ ഒരുങ്ങി നിൽക്കുന്ന സമരനായകത്തലകൾ..
കോവിഡ് എന്നൊരു മഹാ പകർച്ചവ്യാധി ലോകത്തെങ്ങുമുണ്ടെങ്കിലും കേരളത്തിൽ അതില്ലെന്ന മട്ടിലാണ്.
കൂട്ടം കൂടുക. അലറിത്തുള്ളി പ്രകടനമായി വരിക. പോലീസിൻെറ മെക്കിട്ട് കേറുക. പോലീസിനെക്കൊണ്ട് തല്ലിക്കുക. അതുകഴിഞ്ഞാൽ പിന്നെ, പോലീസ് ഞങ്ങളെ തല്ലിയേ എന്നു പറഞ്ഞ് അടുത്ത സമരം നടത്തുക. റിപ്പീറ്റ്... ഇക്കാര്യത്തിൽ എല്ലാവരും ഒരച്ച് പെറ്റ മക്കളാണ് കേട്ടോ.
ടേയ്.. നിങ്ങളിൽ നിന്ന് ഞങ്ങൾക്ക് പകരുമെന്ന് പേടിയില്ലെങ്കിലും ഞങ്ങളിൽ നിന്ന് നിങ്ങൾക്ക് കിട്ടില്ലെന്ന് അത്ര ഉറപ്പുണ്ടോ.?
മൂന്നുദിവസം മുമ്പ് റിമാന്റ് ചെയ്യപ്പെട്ട ഒരു പ്രതിയെ ക്വാറന്റൈൻ സെൻററിൽ എത്തിച്ചത് പല ടേണിലായി എട്ടുപേരാണ്. ഇന്ന് രാവിലെ സമരം. എല്ലാവരും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞപ്പോൾ നമ്മുടെ പ്രതിയുടെ റിസൾറ്റ് വന്നു. കോവിഡ് പോസിറ്റീവ്.
ആ എട്ട് പോലീസുകാരും പ്രൈമറി കോൺടാക്റ്റുകൾ ആണ്. നല്ല സാധ്യതയുണ്ട് പകരാൻ.. അവരുടെ കൂടി നെഞ്ചത്തേക്കാണ് കുറേയെണ്ണം മാസ്കും കോപ്പുമൊന്നുമില്ലാതെ തള്ളിക്കയറിയിരിക്കുന്നത്. സമരക്കാർക്കെല്ലാം നല്ലതു തന്നെ കൊടുക്കണേ എന്റെ ദൈവേ...!
കഴിഞ്ഞൊരു ദിവസം രാവിലെ സൗത്ത് ഭാഗത്ത് ഒരാൾ കടത്തിണ്ണയിൽ മരിച്ചു കിടക്കുന്നു. കൺട്രോൾ റൂം പാർട്ടിയും സ്റ്റേഷൻ പാർട്ടിയും ചെന്നിട്ടാണ് ആ മൃതദേഹം ചുമന്ന് വണ്ടിയിൽ കയറ്റിയതും ജനറൽ ആശുപത്രിയിൽ എത്തിച്ച് ഇറക്കിയതും മോർച്ചറിയിൽ വെച്ചതും.
ഇന്ന് ഉച്ച കഴിഞ്ഞ് അതിൻെറ റിസൾട്ടും വന്നു. മരിച്ചയാൾ കോവിഡ് പോസിറ്റീവ്. അഞ്ചുപേർ പ്രൈമറി കോൺടാക്റ്റ്. അന്ന് സ്റ്റേഷനിൽനിന്ന് ബോഡി ചുമക്കാൻ പോയ രണ്ടുപേരും ഇന്ന് സമരക്കാരെ നേരിടാൻ ഉണ്ടായിരുന്നു. ഒരാൾക്ക് പിടിവലിയിൽ നല്ല പരിക്കും ഉണ്ട്. അതായത് അത്രയും ക്ലോസ് കോൺടാക്റ്റ് മിനിമം മൂന്ന് സമരക്കാരുമായി ഉണ്ടായിട്ടുണ്ടാവും.
ഇന്നത്തെ സമര മെഗാ സീരിയൽ പാർട്ടിൽ എത്ര കൊറോണക്കൈമാറ്റം നടന്നുകാണും ? വരുംദിനങ്ങൾ അത് സാക്ഷ്യപ്പെടുത്തും.
ഒരപേക്ഷയുണ്ട്. കൊറോണ ഇപ്പോഴും നിശ്ശബ്ദമായി ആളുകളെ കൊല്ലുന്നുണ്ട്. ഞങ്ങൾക്ക് നിങ്ങടെ ഒണക്ക കോവിഡ് വേണ്ട. ഞങ്ങളുടെ കയ്യിലുള്ള കിടിലൻ കോവിഡ് നിങ്ങളും എടുക്കരുത്. ഇത് കൊണ്ടുപോയി കൊടുത്ത് ഹൈ റിസ്ക് ഗ്രൂപ്പിൽ ഉൾപ്പെട്ടേക്കാവുന്ന നമ്മുടെ വീട്ടുകാരെ കൊല്ലരുത്.
സമരവും പ്രതിഷേധവുമൊക്കെ ആയിക്കോളൂ. പക്ഷേ സുരക്ഷിതമായ, സമാധാനപരമായ രീതികളിൽ പോരേ..? ഈ മൃതികാലം കഴിയും വരെയെങ്കിലും..?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.