അധ്യാപകന്റെ ലൈംഗിക വൃത്തികേടുകളുടെ കെട്ടഴിച്ച് എഫ്.ബി പോസ്റ്റ്; 'കേരള ചരിത്രത്തിലിന്നോളം 30 വര്‍ഷം നീണ്ട പീഡന പരമ്പരയുണ്ടാകില്ല'
text_fieldsവിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതിന് പോക്‌സോ കേസില്‍ അറസ്റ്റിലായ മലപ്പുറം നഗരസഭ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ.വി. ശശികുമാറിനെ കുറിച്ച് എഴുതിയ കുറിപ്പ് വൈറലാകുന്നു. അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന് രണ്ട് പൂര്‍വ വിദ്യാർഥിനികൾ നൽകിയ കേസിൽ മഞ്ചേരി പോക്‌സോ കോടതി ശശികുമാറിന് ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് ഫ്രീലാൻസ് ജേർണലിസ്റ്റ് ആയ ശരണ്യ എം. ചാരുവിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.
എഴുതാതിരിക്കാൻ ഒരു തരത്തിലും നിവൃത്തിയില്ലെന്നത് കൊണ്ട് മാത്രമാണ് ഇത്രയും പച്ചക്ക് ഇതെഴുതേണ്ടി വരുന്നതെന്നും അതിന്റെ കുറ്റബോധം ആവോളമുണ്ടെന്നുമുള്ള മുഖവരയോടെയാണ് കുറിപ്പ് തുടങ്ങുന്നത്. 'അധ്യാപകന്‍ കുട്ടികളെ പീഡിപ്പിച്ചു' എന്ന ഒറ്റവരിയില്‍ ഒതുങ്ങേണ്ടതല്ല ശശി വര്‍ഷങ്ങളോളം കുഞ്ഞുകുട്ടികളോട് ചെയ്ത പീഡന പരമ്പരയെന്നും കുറിപ്പിൽ പറയുന്നു.
ആ വൃത്തികേടുകളുടെ കെട്ടഴിക്കയാണ് ഇവിടെയെന്ന് പറഞ്ഞാണ് പല തരത്തിൽ വിദ്യാർഥിനികളോട് ശശി കാട്ടിയിട്ടുള്ള അതിക്രമങ്ങളെ കുറിച്ച് വിശദീകരിക്കുന്നത്. 'പത്തു കുട്ടികൾ ചേർന്ന് അയാൾക്കെതിരെ സ്കൂളിലെ സിസ്റ്റർമാർക്ക് നൽകിയ പരാതി ഇപ്പോഴും പുറംലോകം കണ്ടിട്ടില്ലെന്നത് ഓർക്കണം. കുഞ്ഞുങ്ങളുടെ മുഖവുമായി അയാളുടെ മുഖം അടുപ്പിച്ചു ചേർത്ത് പിടിക്കുക. ഏറ്റവും മോശം രീതിയിൽ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ തൊടുക തുടങ്ങി പറയാൻ പോലും അറപ്പ് തോനുന്ന അയാളുടെ പ്രവർത്തികൾ ഇനിയെങ്കിലും ലോകമറിഞ്ഞില്ലെങ്കിൽ നേരത്തെ പറഞ്ഞ പോലെ അധ്യാപകൻ വിദ്യാർഥികളെ പീഡിപ്പിച്ചു എന്ന ഒറ്റ ഹെഡ് ലൈനിൽ അവസാനിക്കും കാര്യങ്ങൾ. അല്ലെങ്കിൽ ചിലരെങ്കിലും 'ഒരു കുട്ടിയെ ഒന്ന് തോണ്ടിയതിന് ചില സ്ഥാപിത താല്പര്യക്കാർ നടത്തുന്ന ചതിയാണ് ഈ പോക്സോ കേസുകൾ' എന്ന് നിസാരവത്കരിക്കും. അത് സംഭവിച്ചു കൂട. മനുഷ്യനെന്ന് പോലും വിളിക്കാൻ കഴിയാത്ത ഇത്രയും വൃത്തികെട്ട ഒരുത്തനെ രഹസ്യമായും പരസ്യമായും സംരക്ഷിക്കുകയാണ് ചിലരൊക്കെ ഇപ്പോഴും. ഇയാൾക്കെതിരെ തുടർനടപടികൾ ഇല്ലാതിരിക്കാൻ പരാതിക്കാരുടെ വീടുകളിൽ പോയി ഡോർ ടു ഡോർ കാമ്പയിനിങ് നടത്തുന്ന മറ്റ് ചിലയാളുകൾ. എല്ലാം ഇയാളെ രക്ഷിക്കുകയെന്ന ഒറ്റ ഉദ്ദേശത്തോടെ മാത്രം ചെയ്യുന്ന കാര്യങ്ങൾ.
അതുകൊണ്ട് ഈ വിഷയത്തിൽ എല്ലാ കാലത്തും കുട്ടികൾ ഒറ്റയ്ക്കും കൂട്ടായും പരാതി നൽകിയിട്ടും ആ പരാതികളിൽ ഒരെണ്ണത്തിൽ പോലും നടപടി സ്വീകരിക്കാതെ അവയെല്ലാം പൂഴ്ത്തി വച്ചുകൊണ്ട് ശശിയെ അന്നും ഇന്നും സംരക്ഷിക്കുന്ന സ്കൂൾ അധികൃതർക്ക് എതിരെ കൂടി ശക്തമായ നടപടി ഉണ്ടാവേണ്ടതുണ്ട്. അവർകൂടി ഈക്വലി പാർട്ടിസിപ്പേറ്റ് ചെയ്തിട്ടും കണ്ണടച്ചിട്ടും തന്നെയാണ് ഇത്രയും വർഷം അയാൾ ആ സ്കൂളിൽ ഈ വൃത്തികേടുകൾ ഒക്കെ അവിടത്തെ കുട്ടികളോട് കാണിച്ചത്. അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ഈ പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിക്കുന്നത് മറ്റ് ശശിമാർക്ക് വളരാനുള്ള വളമാകുന്ന പ്രവർത്തിയാകും' -കുറിപ്പിൽ പറയുന്നു.
ശരണ്യ എം. ചാരുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
ക്രൂരമാണെന്ന് തോന്നാം പക്ഷെ, എഴുതാതിരിക്കാൻ ഒരു തരത്തിലും നിവൃത്തിയില്ലെന്നത് കൊണ്ട് മാത്രമാണ് ഇത്രയും പച്ചയ്ക്കിതെഴുതേണ്ടി വരുന്നത്. അതിന്റെ കുറ്റബോധം ആവോളമുള്ളപ്പോഴും 'അധ്യാപകന്‍ കുട്ടികളെ പീഡിപ്പിച്ചു' എന്ന ഒറ്റവരിയില്‍ ഒതുങ്ങേണ്ടതല്ല അയാള്‍ വര്‍ഷങ്ങളോളം കുഞ്ഞുകുട്ടികളോട് ചെയ്ത പീഡന പരമ്പര.
കേരളത്തിന്‍റെ ചരിത്രത്തില്‍ ഇന്നോളം 30 വര്‍ഷം നീണ്ടുനിന്ന ഒരു പീഡന പരമ്പരയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ല. പലരോടും പലതരത്തില്‍ ഇത്രയും കാലം നീണ്ട, പരാതി ഉന്നയിച്ചിട്ടും മറച്ചു വയ്ക്കപ്പെട്ട ഇത്തരമൊരു പീഡനപരമ്പര തീർച്ചയായും ചരിത്രത്തിലാദ്യമായിരിക്കാം എന്ന എന്റെ ബോധ്യത്തിൽ നിന്നാണ് ഈ എഴുത്ത്. തീർച്ചയായും ഇത് വായിക്കുന്നവരിലെ വിയോജിപ്പുകളെയെല്ലാം ആദ്യമേ അംഗീകരിക്കുന്നു.
ആറിലും ഏഴിലും എട്ടിലും പഠിക്കുന്ന ഇപ്പോഴത്തെ കുട്ടികൾക്ക് പോലും എന്താണ് സെക്ഷ്വൽ അസോൾട്ട് എന്ന് കൃത്യമായിട്ടറിയാം എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അപ്പോൾ പിന്നെ മലപ്പുറത്തെ അധ്യാപകൻ കെ.വി. ശശി അയാളുടെ 30 വർഷം മുന്നേ തുടങ്ങിയ അധ്യാപക ജീവിതത്തിൽ നിന്ന് വിരമിക്കും വരെ ഉപദ്രവിച്ച കുട്ടികളുടെ അവസ്ഥയെ പറ്റി വിശദമാക്കേണ്ടതില്ലല്ലോ. അന്നത്തെ ആ കുട്ടികൾ എല്ലാം ഇന്നിപ്പോൾ കുടുംബവും കുട്ടികളുമായി ജീവിക്കുന്ന ആളുകളാണ്. ഇന്നവർക്കറിയാം അന്നവരോട് അയാൾ ചെയ്തത് പീഡനമായിരുന്നു എന്ന്. ആ വൃത്തികേടുകളുടെ കെട്ടഴിക്കയാണ് ഞാനിവിടെ.
രണ്ട് ഭാഗം മുടി പിന്നിയിട്ട് മടക്കി റിബൺ കൊണ്ട് കെട്ടി സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ. അത്യാവശ്യം നീളത്തിൽ മുടിയുള്ള കുട്ടികൾ ആണെങ്കിൽ മടക്കി കെട്ടിയാൽ മുടിക്ക് ബ്രെസ്റ്റിന്റെ അടുത്ത് വരെ നീളം ഉണ്ടാകും. ക്ലാസ് എടുത്ത് കൊണ്ടിരിക്കെ ബെഞ്ചുകൾക്കിടയിലൂടെ നടക്കുന്ന കൂട്ടത്തിൽ ഈ മുടിയിൽ തട്ടിക്കൊണ്ടിരിക്കുക. അത് പെൺകുട്ടികളുടെ ബ്രെസ്റ്റിൽ പോയടിക്കുന്നത് നോക്കി രസിക്കുക, മുടിയിൽ തൊടാൻ എന്ന വ്യാജേന ഡ്രസിന് മുകളിലൂടെ അവിടെ കൈ അമർത്തുക. ചെയ്യുന്നതാര് ആ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന അധ്യാപകൻ.
പാവാടയും ഷർട്ടും ആയിരുന്നു അന്നത്തെ വേഷം. നിന്റെ കൈകൾക്ക് വളവുണ്ടോ എന്ന് നോക്കട്ടെ എന്നും പറഞ്ഞു പെൺപ്പിള്ളേരുടെ കൈ അയാളുടെ നെഞ്ചിനൊപ്പം പൊക്കി പിടിക്കുക, എന്നിട്ട് ഷർട്ടിന്റെ ലൂസ് കൈകൾക്കിടയിലെ വിടവിലൂടെ തോളിന് താഴേക്ക് കാണുന്ന ഭാഗത്തേക്ക് സൂക്ഷിച്ചു നോക്കുക, ഇത്തിരി മാത്രം കാണുന്ന ആ ഭാഗത്തെ ആസ്വദിക്കുന്ന ഒരു പ്രത്യേക തരം മാനസിക വൈകൃതം. ഒരധ്യാപകന്റെ പ്രവർത്തിയാണ്.
ഭക്ഷണം കഴിച്ചു കൈകഴുകുന്ന അത്യാവശ്യം തടിയും സ്തന വളർച്ചയും ഉള്ള പെൺകുട്ടികളുടെ ഷർട്ടിന്റെ കൃത്യം ബ്രെസ്റ്റ് ഭാഗത്തേക്ക് വെള്ളമൊഴിക്കുക, എന്നിട്ട് നനഞ്ഞിരിക്കുന്ന ഭാഗത്തിലൂടെ ആ ശരീരത്തെ ആസ്വദിച്ചിട്ട്, ഓഹ് പെട്ടെന്ന് വളരുന്നുണ്ടല്ലോ എന്ന് കമന്റ് പറയുക.
ബാത്റൂം ചെക്ക് ചെയ്യുകയെന്ന പേരിൽ പെൺകുട്ടികളുടെ ബാത്റൂമിൽ കയറുക, അവിടെ അന്നേരം ആരെയാണോ മുന്നിൽ കാണുന്നത് ആ കുട്ടിയോട് ഷർട്ടിനടിയിൽ ഇട്ടിരിക്കുന്ന പെറ്റിക്കോട്ട് പൊക്കാൻ പറയുക. എന്നിട്ട് കുഞ്ഞു കുട്ടികളുടെ വളർന്ന് തുടങ്ങിയിട്ട് മാത്രമുള്ള സ്തനങ്ങളിൽ അയാളുടെ എല്ലാ വൃത്തികേടും കാണിക്കുക. ഒരു കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ആ കുട്ടിയുടെ ബ്രെസ്റ്റ് നിപ്പിളുകൾ കടിച്ചു മുറിവേല്പിച്ച വിഷയം പോലും ഉണ്ടായി. കുട്ടിയിൽ നിന്നും വിവരം മനസ്സിലാക്കിയ അമ്മയേയും വീട്ടുകാരെയും കുട്ടിയെ ചികിത്സിച്ച ഗവൺമെന്റ് ആശുപത്രി അധികൃതരെയും സ്വാധീനിച്ച് ഇയാൾ ആ സംഭവം ഒതുക്കി തീർത്തു.
ഈ വൃത്തികേടിന് സമ്മതിക്കാതെ അയാളിൽ നിന്ന് കുതറിയോടിയ കുട്ടിയോട് പിന്നീട് പ്രതികാരപൂർവ്വം പെരുമാറി ഒമ്പതാം ക്ലാസിൽ നിന്ന് ടി.സി നൽകി പറഞ്ഞു വിട്ട സംഭവം പോലും ആ സ്കൂളിൽ നടന്നു. ആ കൊച്ചിന് പിന്നീട് അടുത്ത അഡ്മിഷൻ കിട്ടാൻ കാത്തിരിക്കേണ്ടി വന്നത് 3 വർഷം. കുഞ്ഞുകുട്ടികളെ മടിയിൽ കിടത്തി അവരുടെ പുറത്തു ലൈംഗിക ഉദ്ദേശത്തോടെ തലോടുക, തോളുകൾക്ക് ഇടയിലൂടെ കൈ അമർത്തുക തുടങ്ങി ഇയാൾ ആ സ്കൂളിലെ കുട്ടികളോട് കാണിച്ച ക്രൂരതകൾക്ക് അതിരുകളില്ല.
ക്ലാസ് എടുക്കുന്നതിനിടയിൽ മറ്റ് കുട്ടികൾ നോക്കി നിൽക്കെ തന്നെ കൂട്ടത്തിലുള്ള ഏതെങ്കിലും കുട്ടിയുടെ ഡ്രസ്സിനകത്തേക്ക് അറിയാതെ എന്ന വണ്ണം ചോക്ക് ഇടുക. അത് ഡ്രസിനകത്തു കൈയിട്ടെടുക. ഈ സമയം ശരീരത്തിൽ മോശം രീതിയിൽ കാര്യങ്ങൾ ചെയ്യുക. കുട്ടികൾക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതും കളിക്കുന്നതും പോലും മോശമായ ഉദ്ദേശങ്ങളോടെ മാത്രം... തരം കിട്ടിയാൽ കയറിപ്പിടിച്ചും മോശം കമന്റുകൾ പറഞ്ഞും കുട്ടികളോട് ഇടപെട്ടു.
സ്ഥിരമായി ഓട്ടോയിൽ യാത്ര ചെയ്തിരുന്ന കുട്ടിക്ക് ഒപ്പം ഒരുദിവസം വണ്ടിയിൽ കയറുകയും അതിൽ വച്ച് ആ കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തതിന് പരസ്യമായി അടി വാങ്ങി കൂട്ടുക പോലും ചെയ്ത ഇയാളെയാണ് ഇപ്പോഴും ആ സ്കൂൾ സംരക്ഷിച്ചു കൊണ്ടേ ഇരിക്കുന്നത്. പത്തു കുട്ടികൾ ചേർന്ന് അയാൾക്കെതിരെ സ്കൂളിലെ സിസ്റ്റർമാർക്ക് നൽകിയ പരാതി ഇപ്പോഴും പുറംലോകം കണ്ടിട്ടില്ലെന്നത് ഓർക്കണം.
കുഞ്ഞുങ്ങളുടെ മുഖവുമായി അയാളുടെ മുഖം അടുപ്പിച്ചു ചേർത്ത് പിടിക്കുക. ഏറ്റവും മോശം രീതിയിൽ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ തൊടുക തുടങ്ങി പറയാൻ പോലും അറപ്പ് തോന്നുന്ന അയാളുടെ പ്രവർത്തികൾ ഇനിയെങ്കിലും ലോകമറിഞ്ഞില്ലെങ്കിൽ നേരത്തെ പറഞ്ഞ പോലെ അധ്യാപകൻ വിദ്യാർഥികളെ പീഡിപ്പിച്ചു എന്ന ഒറ്റ ഹെഡ് ലൈനിൽ അവസാനിക്കും കാര്യങ്ങൾ. അല്ലെങ്കിൽ ചിലരെങ്കിലും 'ഒരു കുട്ടിയെ ഒന്ന് തോണ്ടിയതിന് ചില സ്ഥാപിത താല്പര്യക്കാർ നടത്തുന്ന ചതിയാണ് ഈ പോക്സോ കേസുകൾ' എന്ന് നിസാരവത്കരിക്കും. അത് സംഭവിച്ചു കൂട.
ഏറ്റവും ചെറിയ പ്രായത്തിൽ ഇത്രയും വലിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ ആ കുട്ടികൾക്കുള്ള നീതി ആര് നൽകുമെന്ന ചോദ്യത്തിന് ഇനിയെങ്കിലും ഉത്തരം കിട്ടേണ്ടതുണ്ട്. നിയമം ഇപ്പോഴും നൂലാമാലകളിൽ പെട്ട് ഇഴഞ്ഞ് നീങ്ങുമ്പോൾ മലപ്പുറം പോലൊരു ജില്ലയിൽ നിന്ന് കുട്ടിക്കാലത്തുണ്ടായ മുറിവിനെ തുടർന്ന് മാനസികവും ശാരീരികവുമായി തകർന്ന അവസ്ഥയിൽ നിന്ന്, സ്വന്തം ഐഡന്റിറ്റി പോലും വെളിപ്പെടുത്താൻ കഴിയാതെ സ്കൂളിൽ അവരനുഭവിച്ച നിസ്സഹതയുടെ, വേദനയുടെ, സഹനത്തിന്റെ, ഗതികേടിന്റെ സത്യം പറയുന്ന നൂറുകണക്കിന് പെണ്ണുങ്ങൾക്ക് ആര് നീതി നൽകും?
മുഖ്യമന്ത്രിയെ, വിദ്യാഭ്യാസ മന്ത്രിയെ, ജില്ലാ വിദ്യാഭ്യാസ ഡയറക്ടറെ, ശിശുക്ഷേമ സമിതിയെ, വനിത കമ്മീഷനെ തുടങ്ങി മുട്ടാത്ത വാതിലും പരാതി നൽകാൻ ഇടവും ഇനി ബാക്കി ഇല്ല. മുഖം നോക്കാതെ നടപടി എടുക്കാൻ പറഞ്ഞ വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ ഒഴിച്ചു നിർത്തിയാൽ മറ്റാരും അതിജീവിതകൾക്ക് വേണ്ടി ശബ്ദിച്ചിട്ടില്ല. മനുഷ്യനെന്ന് പോലും വിളിക്കാൻ കഴിയാത്ത ഇത്രയും വൃത്തികെട്ട ഒരുത്തനെ രഹസ്യമായും പരസ്യമായും സംരക്ഷിക്കുകയാണ് ചിലരൊക്കെ ഇപ്പോഴും. ഇയാൾക്കെതിരെ തുടർനടപടികൾ ഇല്ലാതിരിക്കാൻ പരാതിക്കാരുടെ വീടുകളിൽ പോയി ഡോർ ടു ഡോർ കാമ്പയിനിങ് നടത്തുന്ന മറ്റ് ചിലയാളുകൾ. എല്ലാം ഇയാളെ രക്ഷിക്കുകയെന്ന ഒറ്റ ഉദ്ദേശത്തോടെ മാത്രം ചെയ്യുന്ന കാര്യങ്ങൾ.
അതോണ്ട് ഈ വിഷയത്തിൽ എല്ലാ കാലത്തും കുട്ടികൾ ഒറ്റയ്ക്കും കൂട്ടായും പരാതി നൽകിയിട്ടും ആ പരാതികളിൽ ഒരെണ്ണത്തിൽ പോലും നടപടി സ്വീകരിക്കാതെ അവയെല്ലാം പൂഴ്ത്തി വച്ചുകൊണ്ട് ശശിയെ അന്നും ഇന്നും സംരക്ഷിക്കുന്ന സ്കൂൾ അധികൃതർക്ക് എതിരെ കൂടി ശക്തമായ നടപടി ഉണ്ടാവേണ്ടതുണ്ട്. അവർകൂടി ഈക്വലി പാർട്ടിസിപ്പേറ്റ് ചെയ്തിട്ടും, കണ്ണടച്ചിട്ടും തന്നെയാണ് ഇത്രയും വർഷം അയാൾ ആ സ്കൂളിൽ ഈ വൃത്തികേടുകൾ ഒക്കെ അവിടത്തെ കുട്ടികളോട് കാണിച്ചത്. അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ഈ പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിക്കുന്നത് മറ്റ് ശശിമാർക്ക് വളരാനുള്ള വളമാകുന്ന പ്രവർത്തിയാകും.
ഇയാളെ പോലെയൊരാഭാസനെ, ക്രിമിനലിനെ സംരക്ഷിക്കേണ്ട ബാധ്യത ആർക്കാണെന്നും എന്ത് കൊണ്ട് ഇയാൾക്കെതിരെയുള്ള ബാക്കി ഔദ്യോഗിക നടപടി ക്രമങ്ങൾ ഇത്രത്തോളം വൈകുന്നു എന്നും മനസ്സിലാകുന്നില്ല. ഒരറസ്റ്റ് കൊണ്ട് റദ്ദ് ചെയ്യാൻ കഴിയുന്നതാണോ ഇയാൾ ഇത്രയും കുട്ടികളോട് ചെയ്ത ഈ ക്രൂരതകളൊക്കെ എന്നതാണ് ചോദ്യം?
വൈകി കിട്ടുന്ന നീതി ഒരിക്കലും നീതിയല്ലെന്നും, ഇവിടെ അയാളാൽ പീഡിപ്പിക്കപ്പെട്ട ഓരോ കുട്ടിക്കും നീതി നിഷേധിക്കപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിയുന്നു എന്നും ഇപ്പോൾ എങ്കിലും നമ്മൾ തിരിച്ചറിയണം. കുറഞ്ഞ പക്ഷം നമ്മുടെ കുട്ടികളും സ്കൂളിൽ പോകുന്നവരാണെന്ന കാര്യമെങ്കിലും ഓർക്കണം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.