എന്താണ് വേണ്ടതെന്ന് ലക്ഷദ്വീപുകാർക്ക് അറിയാം, അവരെ കേൾക്കണം; പിന്തുണയുമായി പൃഥ്വിരാജ്
text_fieldsകൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ സംഘ്പരിവാർ അജണ്ടകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. ലക്ഷദ്വീപിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ ആ നാട്ടുകാർ വലിയ ആശങ്കയിലാണ്. ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്രഭരണ പ്രദേശത്തെയോ നിർണ്ണയിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിർത്തിയല്ല, മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. പുരോഗമനത്തിന്റെ പേര് പറഞ്ഞ് വർഷങ്ങളായി ജനങ്ങൾ ഒത്തൊരുമയോടെ കഴിയുന്ന നാട്ടിൽ സമാധാനം തകർത്ത് നടപ്പാക്കുന്ന ഇത്തരം നടപടികളെ എങ്ങിനെ വികസനമെന്ന് വിളിക്കുമെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ ദ്വീപിന്റെ ആവാസവ്യവസ്ഥക്ക് ഭീഷണിയാകുന്ന നടപടികൾ എങ്ങിനെ സുസ്ഥിര വികസനമുണ്ടാക്കും. നമ്മുടെ സംവിധാനങ്ങളിൽ വിശ്വാസമുണ്ട്. എന്നാൽ അതിലേറെ വിശ്വാസം എനിക്ക് ജനങ്ങളിലാണ്. അധികൃതരുടെ പുതിയ നടപടികളിൽ ലക്ഷദ്വീപിലെ ജനങ്ങൾ ദുഃഖിതരാണ്. ആ മണ്ണിൽ ജീവിക്കുന്നവർക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാൻ അധികൃതർ തയാറാകണം. അവരുടെ ഭൂമിയിൽ എന്താണ് വേണ്ടതെന്ന് അവർക്കാണ് നന്നായി അറിയുക. ഭൂമിയിലെ മനോഹരമായ നാടും നാട്ടുകാരുമാണ് ലക്ഷദ്വീപിലുള്ളത് -പൃഥ്വിരാജ് കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു സ്കൂൾ ഉല്ലാസയാത്രയിൽ നിന്നാണ് ലക്ഷദ്വീപ് എന്ന മനോഹരമായ ദ്വീപുകളെക്കുറിച്ചുള്ള ഓർമ്മകൾ തുടങ്ങുന്നത്. വർഷങ്ങൾക്കുശേഷം, സച്ചിയുടെ അനാർക്കലിയിലൂടെ സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ഞാൻ ദ്വീപിലെത്തി. കവരത്തിയിലെ ആ രണ്ടുമാസം കൊണ്ട് ലഭിച്ചത് നല്ല ഓർമ്മകളും സുഹൃത്തുക്കളുമാണ്. രണ്ട് വർഷത്തിന് മുമ്പ് വീണ്ടും സിനിമയുമായി ഞാൻ അവിടേക്ക്പോയി, സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വൻസ് പകർത്തിയത് ലക്ഷദ്വീലി വെച്ചാണ്. ലക്ഷദ്വീപിലെ ആ നല്ലമനസുകൾ ഇല്ലായിരുന്നുവെങ്കിൽ അത് സാധ്യമാവില്ലായിരുന്നു.
കുറച്ചു ദിവസങ്ങളായി, ഈ ദ്വീപുകളിൽ നിന്ന് അറിയാവുന്നതും അറിയാത്തതുമായ ആളുകളിൽ നിന്ന് എനിക്ക് നിരാശാജനകമായ സന്ദേശങ്ങളാണ് ലഭിക്കുന്നത്. അവിടെ നടക്കുന്ന കാര്യങ്ങളിൽ പൊതുജനശ്രദ്ധ നേടാൻ എന്തെങ്കിലും ചെയ്യണമെന്ന് അവർ അപേക്ഷിക്കുകയാണ്. പുതിയ അഡ്മിനിസ്ട്രേറ്ററുടെ 'പരിഷ്കാരങ്ങൾ' വിചിത്രം തന്നെയെന്നാണ് കരുതുന്നത്. ദ്വീപ് നിവാസികളാരും അവിടെ നടക്കുന്ന സംഭവങ്ങളിൽ തീർത്തും സന്തുഷ്‌ടരല്ല. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ഭൂമിക്കുവേണ്ടിയല്ല, മറിച്ച് അവിടുത്തെ ജനങ്ങൾക്ക് വേണ്ടിയാകണെന്ന് ശക്തമായി വിശ്വസിക്കുന്നു.ഒരിക്കലും ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്രഭരണ പ്രദേശത്തെയോ നിർണ്ണയിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിർത്തിയല്ല, മറിച്ച് അവിടെ താമസിക്കുന്നവരാണ്. സമാധാനപരമായി ജീവിക്കുന്നവരെ ഇല്ലാതാക്കുന്ന നടപടികളെ എങ്ങനെ പുരോഗതിയെന്ന് വിളിക്കും ?
പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ ദ്വീപിന്റെ ആവാസവ്യവസ്ഥക്ക് ഭീഷണിയാകുന്ന നടപടികൾ എങ്ങിനെ സുസ്ഥിര വികസനമുണ്ടാക്കും. നമ്മുടെ സംവിധാനങ്ങളിൽ വിശ്വാസമുണ്ട്. എന്നാൽ അതിലേറെ വിശ്വാസം എനിക്ക് ജനങ്ങളിലാണ്.അധികൃതരുടെ പുതിയ നടപടികളിൽ ലക്ഷദ്വീപിലെ ജനങ്ങൾ ദുഃഖിതരാണ്. ആ മണ്ണിൽ ജീവിക്കുന്നവർക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാൻ അധികൃതർ തയാറാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.