ബി.ജെ.പി ടിക്കറ്റിൽ ജയിച്ച ഭാര്യയുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ പണം വാരി വിതറി രവീന്ദ്ര ജഡേജയുടെ ആഘോഷം
text_fieldsജാംനഗർ: ഗുജറാത്ത് ജാംനഗർ നോർത്തിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിയായ ഭാര്യ റിവാബയുടെ വിജയം പണം വിതറി ആഘോഷിച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ഈ മാസം എട്ടിനാണ് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.
ജഡേജ ഒരു കൂട്ടം ഡോൾ മേളക്കാർക്കൊപ്പം ആഹ്ലാദപ്രകടനം നടത്തുന്ന വിഡിയോ വൈറലാണിപ്പോൾ. മേളത്തിനൊപ്പിച്ച് ജഡേജ പണം വിതറുന്നതും കാണാം. പത്തു രൂപയുടെ നോട്ടാണ് നൽകുന്നത്. നിരവധി പേരാണ് വിഡിയോക്ക് താഴെ പ്രതികരിച്ചത്. നോട്ടു നിരോധനത്തിന് ശേഷം ഞാൻ ചെയ്തതാണ് ജഡ്ഡു ബായി ഇപ്പോൾ ചെയ്യുന്നതെന്നായിരുന്നു ഒരു കമൻറ്.
53,570 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റിവാബ ജയിച്ചത്. എ.എ.പിയുടെ കർഷൻബായ് കർമുറായിരുന്നു പ്രധാന എതിരാളി. ഡിസംബർ 1നാണ് ജാംനഗറിൽ തെരഞ്ഞെടുപ്പ് നടന്നത്. സിറ്റിങ് എം.എൽ.എയായ മേരുഭ ധർമേന്ദ്രസിങ് ജഡേജയെ ഒഴിവാക്കിയാണ് 2019ൽ ബി.ജെ.പിയിൽ ചേർന്ന റിവാബയെ സ്ഥാനാർഥിയാക്കിയത്. 32 കാരിയായ റിവാബ ജുനാഗഡ് സ്വദേശിയും ഭർത്താവ് ക്രിക്കറ്ററായ രവീന്ദ്ര ജഡേജ ജാംനഗർ സ്വദേശിയുമാണ്. കോൺഗ്രസ് കുടുംബമാണ് ജഡേജയുടേത്. അദ്ദേഹത്തിന്റെ സഹോദരി നൈന ജഡേജ ജാംനഗർ ജില്ലാ കോൺഗ്രസ് വനിതാ വിഭാഗം മേധാവിയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് ഹരി സിങ് സോളങ്കിയുടെ മരുമകൾ കൂടിയാണ് റിവാബ. ജാംനഗർ (നോർത്ത്) നിയമസഭ മണ്ഡലം ജാംനഗർ ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമാണ്.
തെരഞ്ഞെടുപ്പിൽ റിവാബയ്ക്കു വേണ്ടി വോട്ട് ചോദിച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ രംഗത്തിറങ്ങിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുവരെയും നേരിൽകാണാനുമെത്തുകയും ചെയ്തിരുന്നു. ഭാര്യക്ക് സീറ്റ് നൽകിയതിന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ജഡേജ നന്ദി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.