‘മിത്രോംസ്, ആ ചോദ്യത്തിന് ഒരു ഉത്തരമായി; അങ്ങനെ ഞാൻ പൊന്നാനിയിൽ പോയി’ -സന്ദീപ് വാര്യർ
text_fieldsപൊന്നാനി: ‘എപ്പോഴാ പൊന്നാനിയിൽ പോകുന്നത്?’ എന്നത് സന്ദീപ് വാര്യർ നിരന്തരം കേൾക്കുന്ന ചോദ്യമാണ്. ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നതുമുതൽ സന്ദീപിനെ പരിഹസിക്കാനും വർഗീയമായി മുദ്രകുത്താനും സംഘ്പരിവാറുകാർ ഉപയോഗിക്കുന്ന ചോദ്യമാണിത്. പൊന്നാനിയിൽ പോയി ഇസ്‍ലാം മതം സ്വീകരിക്കുന്നത് എപ്പോഴാണ് എന്നതാണ് ഇതിന്റെ ധ്വനി. ഈ ചോദ്യത്തിന് അതേ നാണയത്തിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് വാര്യർ. പൊന്നാനിയിൽ പോയി അതിന്റെ വിഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് സന്ദീപിന്റെ മറുപടി.
‘കോൺഗ്രസിൽ ചേർന്നത് മുതൽ മിത്രോംസ് ചോദിക്കുന്നത് പൊന്നാനിയിൽ പോകുന്നില്ലേ എന്നാണ്. ഒടുവിൽ ആ ചോദ്യത്തിന് ഒരു ഉത്തരമായിരിക്കുന്നു. പൊന്നാനിയിൽ ഇന്ന് പോകുന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും എം.പി. ഗംഗാധരൻ ഫൗണ്ടേഷനും ചേർന്ന് പൊന്നാനിയിൽ നടത്തുന്ന ശബരിമല തീർഥാടകരുടെ വിശ്രമകേന്ദ്രത്തിൽ ഇന്ന് 12 മണിക്ക് സന്ദർശനം നടത്തും. സ്വാമിയേ ശരണമയ്യപ്പ...’ എന്നായിരുന്നു സന്ദീപിന്റെ കുറിപ്പ്. ഇതിന് പിന്നാലെ പൊന്നാനിയിൽ എത്തിയ വിഡിയോയും പോസ്റ്റ് ചെയ്തു.
നേരത്തെ ബി.ജെ.പിക്കാർ പ്രചരിപ്പിക്കുന്ന വ്യാജവാർത്തക്കെതിരെയും സന്ദീപ് രംഗത്തുവന്നിരുന്നു. ‘വിഷ ഫാക്ടറി മാത്രമല്ല, വ്യാജവാർത്ത ഫാക്ടറി കൂടിയാണ് എന്ന തിരിച്ചറിവ് മിത്രങ്ങളെക്കുറിച്ച് പൊതു സമൂഹത്തിനുണ്ട്. കൂടെ കിടന്നവനല്ലേ രാപ്പനി അറിയൂ. അതുകൊണ്ട് മിത്രങ്ങളെ, വ്യാജ പോസ്റ്റർ ഇറക്കി എന്നെയും മുസ്‍ലിം ലീഗ് പ്രവർത്തകരെയും തമ്മിലടിപ്പിക്കാമെന്ന് നിങ്ങൾ സ്വപ്നത്തിൽ പോലും കരുതണ്ട. പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ പോയത് മുതൽ നിങ്ങൾക്ക് തുടങ്ങിയ ബുദ്ധിമുട്ടാണല്ലോ. അതിനിയും തുടരും. മുസ്‍ലിം ലീഗ് പ്രവർത്തകരുടെ സ്നേഹവും പിന്തുണയും എന്റെ കരുത്താണ്. ആ ബന്ധം നിങ്ങൾക്ക് തകർക്കാൻ കഴിയില്ല മിത്രോംസ്.’ -എന്നായിരുന്നു സന്ദീപിന്റെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.