ഷാഫിയുടെ മുഖം തുടക്കുന്ന വിഡിയോ: വിദ്വേഷം മാറ്റിവെച്ച് മനുഷ്യനെപ്പോലെ പുറത്തിറങ്ങി നോക്കൂ, സുന്ദര അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിലുമുണ്ടാകും -ബി.ജെ.പിക്കാരോട് സന്ദീപ് വാര്യർ
text_fieldsപാലക്കാട്: ബി.ജെ.പിക്കാർ തനിക്കെതിരെ നടത്തുന്ന ട്രോളിന് മറുപടിയുമായി ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സന്ദീപ്, കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിന്റെ മുഖം തുടച്ചു കൊടുക്കുന്ന വിഡിയോ ഉപയോഗിച്ചായിരുന്നു സംഘ്പരിവാർ ട്രോളുകൾ. ബിജെപി വിട്ട സന്ദീപ് വാര്യർ പോയത് ഷാഫിക്ക് തുടച്ചു കൊടുക്കാൻ ആണോ എന്നായിരുന്നു ആക്ഷേപം. എന്നാൽ, ഇടക്കൊക്കെ വിദ്വേഷവും വൈരാഗ്യവും മാറ്റിവെച്ച് മനുഷ്യനെപ്പോലെ ഒന്നു പുറത്തിറങ്ങി നോക്കിയാൽ ഇത്തരം ചില സുന്ദര അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകുമെന്നായിരുന്നു ബി.ജെ.പിക്കാരോടുള്ള സന്ദീപ് വാര്യരുടെ മറുപടി.
വിഡിയോയിൽ കാണുന്ന സംഭവത്തിന്റെ വസ്തുതയും സന്ദീപ് വിശദീകരിച്ചു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
‘‘ഇന്നലെ വിജയാഹ്ലാദ പ്രകടനത്തിനിടക്ക് പ്രിയപ്പെട്ട വി.കെ ശ്രീകണ്ഠൻ എം.പി ഒരു പണി പറ്റിച്ചു. കേക്ക് മുറിച്ച് ഷാഫി പറമ്പിലിന്റെയും എൻറെയും മുഖത്തുകൂടി തേച്ചു. ഷാഫി തിരികെ ശ്രീകണ്ഠേട്ടന്റെ മുഖത്തും കേക്ക് തേച്ചു. കുറച്ചു കഴിഞ്ഞപ്പോൾ കേക്ക് ഒട്ടിപ്പിടിക്കാൻ തുടങ്ങി. എൻറെ മുഖത്ത് കേക്ക് അപ്പോൾ തന്നെ ഞാൻ തുടച്ചു കളഞ്ഞു. എനിക്ക് താടി ഇല്ലല്ലോ. ഷാഫിയുടെ താടിയിലാകെ ശ്രീകണ്ഠേട്ടൻ തേച്ച കേക്ക് പറ്റിയിരിക്കുന്നു. എത്ര തുടച്ചു കളഞ്ഞിട്ടും ഷാഫിയുടെ മുഖത്ത് നിന്ന് അത് പോകുന്നില്ല. ഷാഫി എന്നോട് ചോദിച്ചു " ഇനി മുഖത്ത് കേക്കിന്റെ ഭാഗം എവിടെയെങ്കിലും ബാക്കിയുണ്ടോ ? " . അപ്പോൾ ഷാഫിയുടെ മുഖത്ത് താടിയിൽ പറ്റിയിരുന്ന കേക്കിന്റെ ചില ഭാഗങ്ങൾ ഞാൻ തുണി ഉപയോഗിച്ച് തട്ടിക്കളഞ്ഞതാണ് ഇന്നത്തെ എൻറെ പഴയകാല സഹപ്രവർത്തകരുടെ ഭയങ്കരമാന കണ്ടെത്തൽ.
കോൺഗ്രസ് പ്രസ്ഥാനത്തിൽ ചേർന്നത് മുതൽ ശ്രീകണ്ഠേട്ടനും ഷാഫിയും വിഷ്ണുവും രാഹുലും അബിനും ജ്യോതി കുമാറും മാത്യുവും പി കെ ഫിറോസും നജീബ് കാന്തപുരവും ഷംസുക്കയും അടക്കം എല്ലാ നേതാക്കളും എന്നോട് കാണിക്കുന്ന അടുപ്പവും സ്നേഹവും കരുതലും വർണ്ണിക്കാൻ ആവുന്നതിലപ്പുറമാണ്. അത് നിങ്ങൾക്ക് മനസ്സിലാകില്ല എന്ന് മാത്രമേ എനിക്ക് എൻറെ പഴയകാല സഹപ്രവർത്തകരോട് പറയാനുള്ളൂ . ഇടയ്ക്കൊക്കെ വിദ്വേഷവും വൈരാഗ്യവും മാറ്റിവെച്ച് മനുഷ്യനെപ്പോലെ ഒന്നു പുറത്തിറങ്ങി നോക്കിയാൽ മതി. ഇത്തരം ചില സുന്ദര അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകും. ശുഭരാത്രി.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.