ഭാരതരത്ന വേണമെന്ന് 'ഉൾവിളി'; പുരസ്കാരത്തിനായി സർക്കാറിന് കത്തെഴുതി യു.പി സ്വദേശി
text_fieldsവിവിധ മേഖലകളിലെ പ്രഗത്ഭർക്ക് രാജ്യം സമ്മാനിക്കുന്ന പരമോന്നത ബഹുമതികളിലൊന്നാണ് ഭാരതരത്ന. നിരവധിയായ കൂടിയാലോചനകൾക്കും പരിഗണനകൾക്കും ശേഷമാണ് ഓരോ വർഷവും പുരസ്കാര ജേതാക്കളെ തീരുമാനിക്കാറ്. എന്നാൽ, തനിക്ക് ഭാരതരത്ന പുരസ്കാരം നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് യു.പിയിലെ ഗൊരഖ്പൂരിൽ നിന്ന് ഒരു സാധാരണക്കാരൻ. ഇതിന് കാരണമായി ഇയാൾ പറയുന്നതാണ് രസകരം. ഭാരതരത്ന നേടുമെന്ന് യോഗ ചെയ്യുന്നതിനിടെ തനിക്ക് ഉൾവിളിയുണ്ടായെന്നാണ് ഇയാൾ പറയുന്നത്. ഭാരതരത്ന പുരസ്കാരത്തിന് ആവശ്യപ്പെട്ട് ഇയാൾ ഗൊരഖ്പൂർ കമ്മീഷണർക്കും ജില്ലാ മജിസ്‌ട്രേറ്റിനും എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വിനോദ് കുമാർ ഗോണ്ട് എന്നയാളാണ് വൈറലായ കത്തിന്‍റെ ഉടമ. യോഗ ചെയ്യുന്നതിനിടെ 'എനിക്ക് ഭാരതരത്‌ന വേണം' എന്ന 'ഉൾവിളി' രണ്ടുതവണ താൻ വ്യക്തമായി കേട്ടെന്ന് ഇയാൾ കത്തിൽ പറയുന്നു. ഇതാണ് ബഹുമതി നൽകണമെന്ന് ഔദ്യോഗികമായി സർക്കാരിനോട് അഭ്യർത്ഥിക്കാൻ പ്രേരിപ്പിച്ചത്. 'എനിക്ക് ഭാരതരത്ന ലഭിക്കണമെന്ന് എന്‍റെ മനസാക്ഷി ഉറക്കെ പറഞ്ഞു. അതിനാൽ അത് നൽകി ആദരിക്കണമെന്ന് ഞാൻ വിനീതമായി അഭ്യർഥിക്കുന്നു' -എന്നാണ് കത്തിലെ ആവശ്യം.
ഗോരഖ്പൂരിലെ കമ്മീഷണർ, ജില്ലാ മജിസ്‌ട്രേറ്റ്, മറ്റ് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ എന്നിവരിലൂടെ ഈ കത്ത് കടന്നുപോയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിപ്രായിച്ച് നിവാസിയായ വിനോദ് ഭാര്യക്കും രണ്ട് കുട്ടികൾക്കുമൊപ്പം ഛത്ര സംഘ് ചൗക്കിലെ കാലേപൂരിലെ ഒരു വാടകവീട്ടിൽ താമസിക്കുന്നത്. ഭാരതരത്‌ന വേണമെന്ന ഉൾവിളി തന്നെ ആഴത്തിൽ സ്വാധീനിച്ചുവെന്നും തുടർന്ന് താൻ ശ്രീമദ് ഭഗവദ്ഗീത പാരായണം ചെയ്ത് ധ്യാനാവസ്ഥയിലേക്ക് പ്രവേശിച്ചുവെന്നും ഇയാൾ പറയുന്നു. ധ്യാനത്തിനിടെ ഭഗവാൻ തന്‍റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. നാല് വ്യക്തികളുടെ പേരുകൾ വെളിപ്പെടുത്തുകയും അവർക്ക് മാത്രമേ ഭാരതരത്ന ലഭിക്കാൻ തന്നെ സഹായിക്കാനാകൂ എന്ന് പ്രസ്താവിക്കുകയും ചെയ്തുവെന്ന് വിനോദ് പറഞ്ഞു.
സർക്കാറിന് അയച്ച കത്തിന് മറുപടി നൽകിയോ എന്ന കാര്യം വ്യക്തമല്ല. എന്നാൽ, കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.