സുപ്രിയ സുലേയും തരൂരും തമ്മിലെ ആ സംസാരം ആഘോഷമാക്കി സോഷ്യൽ മീഡിയ; വിശദീകരണവുമായി തരൂർ
text_fieldsന്യൂഡൽഹി: ലോക്സഭ സെഷനിടെ സുപ്രിയ സുലേ എം.പിയുമായി സംസാരിക്കുന്ന ശശി തരൂർ എം.പിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തന്റെ ഡെസ്കിലേക്ക് ചാഞ്ഞുകിടന്ന് ശ്രദ്ധപൂർവം സുപ്രിയയുടെ സംസാരം ശ്രദ്ധിക്കുന്ന തരൂരിന്റെ വീഡിയോ സിനിമാഗാനങ്ങൾ പശ്ചാത്തലത്തിൽ നൽകിയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മുതിർന്ന നേതാവും മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല സംസാരിക്കുമ്പോഴാണ് പിന്നിൽ തരൂരും സുപ്രിയയും സംസാരിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം സംബന്ധിച്ച ചർച്ച നടക്കുന്നതിനിടെയായിരുന്നു ഇത്.
സമൂഹ മാധ്യമങ്ങൾ ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ആഘോഷമാക്കിയതോടെ ശശി തരൂർ എം.പി വിശദീകരണവുമായി ട്വീറ്റ് ചെയ്തു. 'സുപ്രിയ നയപരമായ ഒരു കാര്യം സംബന്ധിച്ച സംശയമാണ് ചോദിച്ചത്. അടുത്തതായി അവരാണ് ലോക്സഭയിൽ സംസാരിക്കാനുണ്ടായിരുന്നത്. ഫാറൂഖ് അബ്ദുല്ല പ്രസംഗിക്കുന്നതിനിടക്കായിരുന്നു അത്. അതുകൊണ്ടു തന്നെ ഫാറൂഖ് സാഹിബിന് ശല്യമുണ്ടാകാതിരിക്കാൻ വളരെ പതുക്കെയാണ് സുപ്രിയ സംസാരിച്ചത്. കേൾക്കാൻ പ്രയാസമായതുകൊണ്ടാണ് ഡസ്കിൽ ഞാൻ ചാഞ്ഞു കിടന്നത്' -ഇങ്ങിനെയായിരുന്നു ശശി തരൂരിന്റെ വിശദീകരണം.
നേരത്തേ പാർലമെന്റ് സമ്മേളനത്തിനിടെ വനിതാ എം.പിമാരോടൊപ്പമുള്ള ചിത്രം തരൂർ പങ്കുവെച്ചത് വിവാദമായിരുന്നു. തൃണമൂൽ കോൺഗ്രസ് എം.പിയും നടിയുമായ മിമി ചക്രബർത്തി, നുസ്രത് ജഹാൻ, കോൺഗ്രസ് എം.പി ജോതിമണി സെന്നിമലൈ, ഡി.എം.കെ എം.പി തമിഴാച്ചി തങ്കപാണ്ഡ്യൻ, എൻ.സി.പി എംപി സുപ്രിയ സുലേ, അമരീന്ദർ സിങിന്റെ ഭാര്യയും പഞ്ചാബിൽ നിന്നുള്ള എം.പിയുമായ പ്രണീത് കൗർ എന്നിവർക്കൊപ്പമുള്ള സെൽഫിയാണ് തരൂർ പങ്കുവെച്ചത്. 'ആര് പറഞ്ഞു, ലോക്സഭ ആകർഷകമല്ലാത്ത സ്ഥലമാണെന്ന്' എന്ന ക്യാപ്ഷനോടെയായിരുന്നു ഇത്. ഇതിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.