സോഷ്യലിസവും മമത ബാനർജിയും ഒന്നിച്ചു; കമ്യൂണിസവും ലെനിനിസവും സാക്ഷിയായി
text_fieldsചെന്നൈ: അപൂർവമായ ഒരു വിവാഹ ചടങ്ങിനാണ് ഇന്ന് സേലം സാക്ഷ്യംവഹിച്ചത്. ഏറെ വാർത്താപ്രാധാന്യം നേടിയ, സോഷ്യലിസത്തിന്‍റെയും മമത ബാനർജിയുടെയും വിവാഹമായിരുന്നു അത്. വിവാഹ ക്ഷണക്കത്ത് പുറത്തുവന്നതോടെയാണ് ദമ്പതികളുടെ പേരിലെ കൗതുകം വൈറലായി മാറിയത്.
സി.പി.ഐ സേലം ജില്ല സെക്രട്ടറി എ. മോഹന്‍റെ മകനാണ് സോഷ്യലിസം. വധുവിന്‍റെ പേരാണ് മമത ബാനർജി. ലളിതമായാണ് വിവാഹ ചടങ്ങുകൾ നടന്നത്. രക്തഹാരത്തിന് പകരം താലിമാലയായിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ആർ. മുത്തരശൻ കാർമികനായി.
മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചാണ് സോഷ്യലിസം കതിർമണ്ഡപത്തിലേക്ക് കയറിയത്. കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ആരാധനയാണ് മക്കൾക്ക് അപൂർവമായ പേര് ഇടാൻ കാരണമെന്ന് മോഹനൻ പറയുന്നു. സോഷ്യലിസത്തിന്‍റെ മൂത്ത സഹോദരങ്ങളുടെ പേര് കമ്യൂണിസം, ലെനിനിസം എന്നിങ്ങനെയാണ്.
മക്കൾ ഉൾപ്പെടെ മോഹന്‍റെ കുടുംബം കടുത്ത കമ്യൂണിസ്റ്റ് അനുഭാവികളാണെങ്കിലും സോഷ്യലിസത്തിന് വധുവായ പെൺകുട്ടിയുടെ കുടുംബം കോൺഗ്രസ് അനുഭാവികളാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പേരാണ് വധുവിന്. മമത ബാനർജി നേരത്തേ കോൺഗ്രസുകാരിയായിരുന്നപ്പോഴാണ് ആരാധന മൂത്ത് ആ പേര് മകൾക്കിടാൻ കാരണമായതെന്ന് വധുവിന്‍റെ കുടുംബവും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.