'വളഞ്ഞ് മൂക്കുപിടിക്കുന്നത് നിർത്തൂ, നിയമം അനുസരിക്കൂ'; ട്വിറ്ററിനെ പൂട്ടാനുറച്ച് കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളിൽ ആശങ്കയറിയിച്ച ട്വിറ്ററിന് മറുപടിയുമായി കേന്ദ്ര സർക്കാർ. വളഞ്ഞ് മൂക്കുപിടിക്കുന്നത് അവസാനിപ്പിക്കൂവെന്നും ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് നിർദേശങ്ങൾ നൽകുന്നതിന് പകരം രാജ്യത്തെ നിയമങ്ങൾ അനുസരിക്കൂവെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
നയരൂപീകരണവും നിയമങ്ങളുണ്ടാക്കുന്നതും രാജ്യത്തിന്‍റെ പരമാധികാരമാണ്. ട്വിറ്റർ ഒരു സാമൂഹിക മാധ്യമം മാത്രമാണ്. ഇന്ത്യയുടെ നയങ്ങൾ എങ്ങനെയായിരിക്കണമെന്ന് നിർദേശിക്കാൻ ട്വിറ്ററിന് യാതൊരു അവകാശവുമില്ല -കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു. ട്വിറ്ററിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇന്ത്യയെ അപകീർത്തിപ്പെടുത്തുക ലക്ഷ്യമിട്ടുള്ളതാണെന്നും കേന്ദ്ര സർക്കാർ ആരോപിക്കുന്നു.
നൂറ്റാണ്ടുകൾ മുമ്പേ അഭിപ്രായ സ്വാതന്ത്രത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. അഭിപ്രായ സ്വാതന്ത്ര്യം എന്നത് ട്വിറ്റർ പോലെ ലാഭത്തിനായി പ്രവർത്തിക്കുന്ന, വിദേശ, സ്വകാര്യ സ്ഥാപനത്തിന്‍റെ വിശേഷാധികാരമല്ല, അത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ പ്രതിബന്ധതയാണ് -പ്രസ്താവനയിൽ പറയുന്നു.
പുതിയ ഡിജിറ്റൽ നിയമങ്ങൾ നടപ്പാക്കിയതിന്‍റെ വിശദാംശങ്ങൾ അറിയിക്കണമെന്ന് സമൂഹമാധ്യമങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ട്വിറ്റർ തങ്ങളുടെ ആശങ്ക അറിയിച്ചത്. 'ഇന്ത്യയിലെ ഞങ്ങളുടെ ജീവനക്കാരെ സംബന്ധിച്ച സമീപകാല സംഭവങ്ങളിലും, ഞങ്ങൾ സേവനം നൽകുന്ന ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളിയിലും ഞങ്ങൾ ആശങ്കാകുലരാണ്. ട്വിറ്ററിന്റെ ആഗോള സേവന നിബന്ധനകൾ നടപ്പിലാക്കുന്നതിനെതിരേ പോലീസ് ഭയപ്പെടുത്തൽ തന്ത്രങ്ങൾ പ്രയോഗിക്കുന്നതിലും ഐടി നിയമത്തിലെ പ്രധാനഘടകങ്ങൾ സംബന്ധിച്ചും ഞങ്ങൾക്ക് ആശങ്കയുണ്ട്' -ട്വിറ്റർ വ്യക്തമാക്കി.
ഫെബ്രുവരിയിലാണ് കേന്ദ്രസർക്കാർ പുതിയ ഡിജിറ്റൽ നിയമങ്ങൾ കൊണ്ടു വന്നത്. ഇത് നടപ്പാക്കാൻ സമൂഹമാധ്യമങ്ങൾ മൂന്ന് മാസത്തെ സമയം ചോദിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിരുന്നു. തുടർന്നാണ് ഇക്കാര്യത്തിലെ പുരോഗതി അറിയിക്കാൻ ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാർ നോട്ടീസയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.