ആത്മമിത്രത്തിന്റെ മടിയിൽ തലവെച്ച് അവസാനശ്വാസം-2021ലെ നൊമ്പരച്ചിത്രമായി 'ൻദകാസി'
text_fieldsആത്മമിത്രമായ ആന്ദ്രെ ബൗമയുടെ കരവലയത്തിൽ തന്‍റെ അവസാന നിമിഷം കാത്തുകിടക്കുന്ന 'ൻദകാസി'യുടെ ചിത്രം 2021ലെ നൊമ്പരക്കാഴ്ചയായി. കിഴക്കൻ കോംഗോയിലെ വിരുംഗ ദേശീയോദ്യാനത്തിലെ പർവത ഗൊറില്ലയാണ് ൻദകാസി. 2019ൽ ദേശീയോദ്യാനത്തിലെ റേഞ്ചർ മാത്യു ഷമാവുവിനൊപ്പം സെൽഫിയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ൻദകാസി ലോകപ്രശസ്തിയിലേക്കുയര്‍ന്നത്. അവളുടെ വിടവാങ്ങലും അങ്ങേയറ്റം ഹൃദയഭേദകമായി. വിരുംഗ ദേശീയ ഉദ്യാനത്തിലെ സെൻക്‌വെക്‌വെ സെന്‍ററിന്‍റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന ൻദകാസി ഏറെക്കാലമായി രോഗബാധിതയായിരുന്നു.
സെപ്റ്റംബർ 26ന് മരണത്തിന് കീഴടങ്ങുമ്പോൾ 14 വയസ്സായിരുന്നു അവൾക്ക്. ജീവനകലുമ്പോഴും ആന്ദ്രെ ബൗമയുടെ കരവലയത്തിൽ തന്‍റെ അവസാന നിമിഷം കാത്തിരിക്കുന്ന ൻദകാസിയുടെ ചിത്രം ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ഇഴയടുപ്പം കാട്ടിത്തരുന്നതായിരുന്നു. സമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്ത ഈ ചിത്രങ്ങൾ വൈറലാകാനും അധികനേരം വേണ്ടിവന്നില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ബൗമയും ൻദകാസിയും ഒന്നിച്ചായിരുന്നു. മനുഷ്യനെന്നോ ഗൊറില്ലയെന്നോ ഉള്ള വേര്‍തിരിവ് ഇല്ലാതെയായിരുന്നു അവരുടെ ജീവിതം. മനുഷ്യനും വന്യജീവിയും തമ്മിലുള്ള ഇഴമുറിയാത്ത ആത്മബന്ധമായിരുന്നു അവർക്കിടയിൽ. ആന്ദ്രെയുമായുള്ള ആത്മബന്ധം മറ്റ് മനുഷ്യരോടിടപെടുന്നതിൽ അവൾക്ക് വഴികാട്ടിയുമായി.
അതിജീവനങ്ങളുടെ കഥ കൂടിയാണ് ൻദകാസിയുടെ ജീവിതം. 2007ലാണ് ൻദകാസിയെ ആന്ദ്രെ ബൗമ ആദ്യമായി കാണുന്നത്. അന്ന് അവൾക്ക് രണ്ട് വയസ്സാണ്. സായുധ സൈന്യത്തിന്‍റെ വെടിയേറ്റ് മരിച്ച അമ്മയുടെ ചേതനയറ്റ ശരീരം കെട്ടിപ്പിടിച്ച് കിടന്ന ൻദകാസിയെ 11 വർഷം മുമ്പ് കൂടെ കൂട്ടിയതാണ് ആന്ദ്രെ ബൗമ. ദിവസങ്ങളോളം അമ്മയുടെ മുലപ്പാൽ പോലും ലഭിക്കാതിരുന്നതിന്‍റെ ക്ഷീണമെല്ലാമുണ്ടായിരുന്നു കുഞ്ഞ് ൻദകാസിക്ക് ആന്ദ്രെയുടെ കൈകളിലെത്തുമ്പോൾ. അന്നുമതൽ ആന്ദ്രെയുടെ കരങ്ങളായിരുന്നു ൻദകാസിയുടെ ആശ്രയം. ഇടക്ക് ശരീരത്തിലെ ഓക്സിജന്‍റെ അളവ് കുറയുകയും ന്യൂമോണിയ ബാധിക്കുകയും ചെയ്തതിനെ തുടർന്ന് മരണത്തോട് മല്ലിട്ട ൻദകാസി അവിടേയും വിധിയെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി.
മനുഷ്യനും വന്യജീവിയും തമ്മിലുള്ള പവിത്രമായ, ഇഴമുറിയാത്ത ആത്മബന്ധത്തിന്‍റെ തുടക്കവും അവിടെ നിന്നായിരുന്നു. 2009ലാണ് ൻദകാസി സെൻക്വെക്വേ സെന്‍ററിലെത്തുന്നത്. തന്‍റെ കുടുംബത്തെ സായുധ സംഘത്തിന്‍റെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുന്നതിനിടെ മരണപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ൻദകാസിയുടെ അച്ഛന്‍റെ സ്മരണാർഥമാണ് സെൻക്വെക്വേ സെന്‍ററിന് ഈ പേര് നൽകിയത്. നന്നേ ചെറുപ്പത്തിലേ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ൻദകാസി പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ നിന്നും അതിജീവിച്ചത് ആന്ദ്രെയുടെ സ്നേഹവലയത്തിലെത്തിയപ്പോഴായിരുന്നു. തിരികെ കാട്ടിലേക്ക് മടങ്ങാൻ ഭയന്ന ൻദകാസിയെ മടക്കിയയക്കാൻ റേഞ്ചർമാരും വിസമ്മതിച്ചതോടെ അവൾ ആന്ദ്രെയുടെ വളർത്തുമകളായി സെൻക്വെക്വോയിൽ തുടരുകയായിരുന്നു.
'സ്നേഹമുള്ള ഒരു ജീവിയെ പരിചരിക്കാനും പരിപാലിക്കാനും അവസരം ലഭിച്ചത് അനുഗ്രഹമാണ്. ൻദകാസിയുടെ മധുരമായ പെരുമാറ്റവും ബുദ്ധിശക്തിയുമാണ് എല്ലാ ശക്തിയും കഴിവുമുപയോഗിച്ച് അവളെ സംരക്ഷിക്കണമെന്ന ചിന്ത എന്നിലുണ്ടായത്. ൻദകാസിയെ സുഹൃത്തായി ലഭിച്ചത് അഭിമാനമാണ്' -ആന്ദ്രെ പറയുന്നു. ഒരു സുഹൃത്തെന്നതിനേക്കാളുപരി, ൻദകാസിയെ തന്‍റെ മകളെപ്പോലെയാണ് ആന്ദ്രെ ബൗമ സ്നേഹിച്ചത്.
സെൻക്വെക്വേ സെന്‍ററിലെ മറ്റൊരു അനാഥ പെണ്‍ ഗൊറില്ലയായ എൻഡെസെയായിരുന്നു ൻദകാസിയുടെ മറ്റൊരു സുഹൃത്ത്. എൻഡെസെയോടൊപ്പം ഇരുകാലുകളിൽ നിന്ന് സ്വസ്ഥമായി വിശ്രമിക്കുന്ന ൻദകാസിയുടെ ചിത്രം റേഞ്ചറായ മാത്യു ഷമാവു പങ്കുവച്ചതോടെയാണ് ഇരുവരും സമൂഹ്യ മാധ്യമങ്ങളിലെ താരമായി മാറിയത്. വ്യത്യസ്തമായ ഷോകളിലൂടെയും വിരുംഗ എന്ന ഡോക്യുമന്‍റെറിയിലൂടെയും ൻദകാസി സമൂഹ മാധ്യമങ്ങൾക്ക് ഏറെ സുപരിചിതയായി മാറാൻ അധികകാലം വേണ്ടിവന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.