ബഹിരാകാശത്ത് തേൻകുപ്പി തുറന്നാൽ എങ്ങനെയിരിക്കും? വിഡിയോ പങ്കുവെച്ച് സുൽത്താൻ അൽ നെയാദി
text_fieldsബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാണ് യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന അൽ നെയാദി, നാസയുടെ ബഹിരാകാശ സഞ്ചാരിയായ സ്റ്റീവ് ബോവനുമൊന്നിച്ചാണ് ഏപ്രില്‍ 29ന് രാത്രിയാണ് ഏഴ് മണിക്കൂർ നീണ്ട ബഹിരാകാശ നടത്തത്തിനിറങ്ങിയത്.
ബഹിരാകാശത്തെ ജീവിതത്തെ കുറിച്ച് കൗതുകകരമായ നിരവധി വിവരങ്ങൾ സുല്‍ത്താന്‍ അല്‍ നെയാദി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ബഹിരാകാശ നിലയത്തിൽ നിന്ന് ഒരു തേൻകുപ്പിയുടെ അടപ്പ് തുറക്കുന്നതിന്‍റെ വിഡിയോയാണ് അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. കുപ്പി അമർത്തുമ്പോൾ തേൻ പുറത്തേക്ക് വരുന്നുണ്ടെങ്കിലും, ബഹിരാകാശത്ത് ഗുരുത്വാകർഷണമില്ലാത്തതിനാൽ അത് താഴേക്ക് വീഴാതെ ഒഴുകിനടക്കുകയാണ്. തേൻ കുപ്പിയിൽ വായുവിൽ ഒഴുകുന്നുണ്ട്. കുപ്പിയിൽ നിന്നുള്ള പിടിത്തം വിട്ടതും പുറത്തുപോയ തേൻ അതേപോലെ കുപ്പിക്കകത്തേക്ക് കയറുന്ന കൗതുകവും അൽ നെയാദി പങ്കുവെച്ച വിഡിയോയിൽ കാട്ടിത്തരുന്നു.
'ഭൂമിയിലെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും തേനീച്ചകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. തേനിന് ഒരുപാട് ഗുണങ്ങളുണ്ട്. ഉയർന്ന പോഷകമൂല്യം കാരണം ബഹിരാകാശത്ത് തേൻ കഴിക്കുന്നത് ബഹിരാകാശയാത്രികരുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ഖവാനീജ് പ്രദേശത്തു നിന്നുള്ള തേനാണെങ്കിൽ പ്രത്യേകിച്ചും' -സുൽത്താൻ അൽ നെയാദി വിഡിയോക്കൊപ്പം ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.