ബൈക്ക് റൈഡറെ തടഞ്ഞുനിർത്തി പൊലീസ്; ആവശ്യപ്പെട്ട കാര്യം അറിഞ്ഞാൽ അമ്പരക്കും, പിന്നെ കൈയടിക്കും -വിഡിയോ
text_fieldsബൈക്ക് റൈഡർമാരെ പൊലീസ് തടഞ്ഞുനിർത്തുന്ന കാഴ്ച പതിവുള്ളതാണ്. ചില പൊലീസുകാർ റൈഡർമാരോട് മാന്യമായി പെരുമാറും. ചിലരാകട്ടെ പലവിധത്തിൽ ബുദ്ധിമുട്ടിക്കാനും പൈസ വാങ്ങാനുമൊക്കെ ശ്രമിക്കും. ഹെൽമറ്റിൽ ക്യാമറയുമായി പോകുന്ന റൈഡർമാരാകട്ടെ ഇതെല്ലാം സമൂഹമാധ്യമങ്ങളിൽ വിവരിക്കുകയും ചെയ്യും.
അത്തരത്തിൽ തമിഴ്നാട്ടിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ അനുഭവമാണ് അനി അരുൺ എന്ന വ്ലോഗർ പങ്കുവെച്ചത്. തെങ്കാശിയിൽ നിന്ന് പുതുച്ചേരിയിലേക്ക് പോകുകയായിരുന്നു അരുൺ. കൈകാട്ടി നിർത്തിയ പൊലീസുകാരൻ ആവശ്യപ്പെട്ട കാര്യം കേട്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നു. സമയം പാഴാക്കാതെ, പൊലീസുകാരൻ പറഞ്ഞ കാര്യം കൃത്യമായി ചെയ്ത് കൈയടി നേടുകയും ചെയ്തു.
കൈകാട്ടി നിർത്തിയ പൊലീസുകാരൻ റൈഡറോട് കർണാടകയിൽ നിന്നുള്ളയാളാണോ എന്ന് ചോദിക്കുന്നുണ്ട്. അതേ എന്ന് റൈഡർ മറുപടി നൽകുന്നു. പൊലീസുകാരന്‍റെ കൈയിൽ ഒരു മരുന്ന് കുപ്പിയുമുണ്ട്. എതിരെ വരുന്ന സർക്കാർ ബസ് ചൂണ്ടിക്കാട്ടി പൊലീസുകാരൻ പറയുന്നു- "ഇത് പോലെ ഒരു ബസ് നിങ്ങളുടെ മുന്നിൽ പോയിട്ടുണ്ട്. ആ ബസിലെ യാത്രക്കാരിയായ ഒരു സ്ത്രീയുടെ കൈയിൽ നിന്ന് വീണതാണ് ഈ മരുന്ന് കുപ്പി. നിങ്ങൾ വേഗത്തിൽ പോയി ഈ മരുന്ന് അവർക്ക് കൈമാറണം".
ഉടൻ തന്നെ മരുന്നുമായി ബൈക്കിൽ കുതിച്ച റൈഡർ അൽപദൂരം പിന്നിട്ടപ്പോൾ തന്നെ ബസ് കണ്ടെത്തി. തുടർന്ന്, ബസ് ഒതുക്കാൻ ഡ്രൈവറോട് അഭ്യർഥിച്ചു. ബസ് നിർത്തുമ്പോൾ പൊലീസുകാരൻ നൽകിയ മരുന്ന് കുപ്പി യാത്രക്കാരിയായ സ്ത്രീക്ക് കൈമാറുന്നതാണ് വിഡിയോ.
മാർച്ച് 23ന് പോസ്റ്റ് ചെയ്ത വിഡിയോ യൂട്യൂബിൽ 30,000ലേറെ കാഴ്ചക്കാരെ നേടിയിട്ടുണ്ട്. പൊലീസുകാരന്‍റെയും റൈഡറുടെയും മനുഷ്യത്വപരമായ ഇടപെടലിനെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.