ജി.ടി.എ ഗെയിമിനെ അനുസ്മരിപ്പിച്ച് മോഷ്ടിച്ച കാർ റെയിൽവേ ട്രാക്കിലൂടെ പറപ്പിച്ച് കള്ളൻ; വൈറലായി വിഡിയോ
text_fieldsലണ്ടൻ: ലോക പ്രശസ്ത വിഡിയോ ഗെയിമായ 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ'യെ അനുസ്മരിക്കുന്ന തരത്തിലുള്ള ഒരു വിഡിയോ കഴിഞ്ഞ ദിവസം ബ്രിട്ടനിൽ വൈറലായി. മോഷ്ടിച്ച ആഡംബര കാറുമായി പൊലീസിനെ കബളിപ്പിച്ച് കടന്നു കളയുന്ന ഒരു മോഷ്ടാവ് റെയിൽവേ ട്രാക്കിലൂടെ വാഹനം ഓടിച്ച് കയറ്റുന്നതായിരുന്നു ദൃശ്യങ്ങൾ.
ശക്തമായ ചൂട് കാലാവസ്ഥക്കിടയിലും വൈപ്പറിട്ട കാർ പെടുന്നനെ പിറകിലോട്ടെടുക്കന്നതാണ് ആദ്യം വിഡിയോയിൽ കാണുന്നത്. ഒരു വനിതയടക്കം രണ്ട് ഉദ്യോഗസ്ഥർ ഇയാളെ തടയാൻ ശ്രമിക്കുന്നെുണ്ടെങ്കിലും പരാജയപ്പെടുന്നു. കാറിൽ നിന്ന് പിടിച്ചിറക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥനെ പുറത്തേക്ക് തള്ളിയിട്ട ശേഷം മോഷ്ടാവ് വാഹനം വേഗത്തിൽ ഓടിച്ച് പോകുന്നു. ഇതിനിടെ വാഹനം പിറകോട്ട് എടുക്കുന്നതിനിടെ സമീപത്തെ വാഹനങ്ങളിൽ വണ്ടി ഇടിക്കുകയും ചെയ്തു.
ഹെർട്ഫോഡ്ഷെയറിലെ ചെഷണ്ടിനും വാൽത്തം ക്രോസ് സ്റ്റേഷനുകൾക്കിടയിൽ വെച്ചായിരുന്നു മോഷ്ടാവിന്റെ സാഹസം. റെയിൽവേ ഗേറ്റ് തകർത്ത് കൊണ്ടായിരുന്നു കള്ളൻ കാറുമായി റെയിൽവേ ട്രാക്കിൽ കയറിയത്. രാവിലെ 9.30ന് കാർ എസക്സിൽ നിന്ന് ഹെർട്ഫോഡ്ഷെയറിലേക്ക് വരുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പൊലീസിൽ നിന്ന് രക്ഷപെട്ട ശേഷം കാർ വിൻഡ്മിൽ ലേനിൽ ഉപേക്ഷിച്ച മോഷ്ടാവ് രക്ഷപെട്ടു.
സംഭവത്തെ തുടർന്ന് നിരവധി ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. റെയിൽവേ റൂട്ട് തടസപ്പെടുത്തി കള്ളൻ കാർ ഉപേക്ഷിച്ച ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. കാർ എടുത്തുമാറ്റി അറ്റകുറ്റപ്പണികൾക്ക് ശേഷം മാത്രമാണ് ട്രെയിൻ സർവീസ് പുനരാരംഭിച്ചത്.
വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ദൃക്സാക്ഷികൾക്ക് പുറമേ നെറ്റിസൺസും സംഭവം ജി.ടി.എയുമായി സാമ്യപ്പെടുത്തുകയാണ്. ഇതോടെ ജി.ടി.എ ഹാഷ്ടാഗ് ബ്രിട്ടനിൽ ട്രെൻഡിങ്ങായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.