കുഞ്ഞിന്‍റെ കരച്ചിൽ അനുകരിക്കാൻ ലയർ പക്ഷിയേക്കാൾ നന്നായി മറ്റാർക്ക് സാധിക്കും; വൈറലായി വിഡിയോ
text_fieldsജന്തുലോകത്ത് മിമിക്രിക്കാർ നിരവധിയുണ്ട്. ഇരതേടാനും ഇണയെ ആകർഷിക്കാനും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനുമൊക്കെ പല മൃഗങ്ങളും പക്ഷികളും മറ്റു ശബ്ദങ്ങൾ അനുകരിക്കാറുണ്ട്. ഇവയുടെ കൂട്ടത്തിൽ 'അതുക്കും മേലെ' നിൽക്കുന്ന ഒരു പക്ഷിയുണ്ട്. ആസ്ട്രേലിയയിൽ കാണപ്പെടുന്ന ലയർ പക്ഷിയാണ് ഈ വിരുതൻ. സിഡ്നിയിലെ തരോംഗ മൃഗശാലയിൽ ഈയിടെ ലയർ പക്ഷി കാട്ടിയ അനുകരണ കല കേട്ടാൽ ആരുമൊന്ന് അമ്പരക്കും.
ചുറ്റും കേൾക്കുന്ന പല ശബ്ദങ്ങളും സസൂക്ഷ്മം ശ്രദ്ധിച്ച് അനുകരിക്കലാണ് ലയർ പക്ഷികളുടെ രീതി. ഇത്തവണ പിഞ്ചുകുഞ്ഞിന്‍റെ കരച്ചിൽ അതേപടി അനുകരിച്ചാണ് ഈ പക്ഷി ശ്രദ്ധ നേടിയത്. മൃഗശാലക്കുള്ളിൽ കൊച്ചുകുഞ്ഞിന്‍റെ കരച്ചിൽ കേട്ട് ചെല്ലുന്നവർക്ക് കാണാനാവുക ലയർ പക്ഷിയുടെ കുസൃതിയാണ്.
ഏഴ് വയസുള്ള ആൺ ലയർ പക്ഷിയാണ് ഇവിടെയുള്ളത്. കാർ ഹോണിന്‍റെയും അറക്കവാളിന്‍റെയും ഡ്രില്ലിങ് മെഷീന്‍റെയുമൊക്കെ ശബ്ദം ഈ പക്ഷി അനുകരിക്കാറുണ്ട്. എന്നാൽ, ലോക്ഡൗണിനെ തുടർന്ന് മൃഗശാല അടച്ചിട്ട സാഹചര്യത്തിൽ കുഞ്ഞിന്‍റെ കരച്ചിൽ പക്ഷിക്ക് എങ്ങിനെ അനുകരിക്കാൻ പറ്റിയെന്നതാണ് വിസ്മയം. മുമ്പു വന്ന സന്ദർശകരുടെ കുഞ്ഞുങ്ങൾ കരഞ്ഞത് ശ്രദ്ധയോടെ കേട്ട് അനുകരിച്ചതാവാമെന്നാണ് മൃഗശാലയിലെ പക്ഷികളുടെ വിഭാഗം സൂപർവൈസർ ലിയാന്നെ ഗോലെബിയോവ്സ്കി പറയുന്നത്.
ഡ്രില്ലിങ് െമഷീന്‍റെയും ഫയർ അലാമിന്‍റെയും ശബ്ദം പക്ഷി ഈയിടെ പഠിച്ചെടുത്തിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. മൃഗശാലയിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോകാൻ നൽകാറുള്ള അനൗൺസ്മെന്‍റ് പോലും ഇടക്ക് അനുകരിക്കാറുണ്ട്.
ആസ്ട്രേലിയയിൽ കാണുന്ന ലയർ പക്ഷികളിൽ ആൺപക്ഷികളുടെ മനോഹരമായ നീണ്ട വാൽച്ചിറക് ശ്രദ്ധേയമാണ്. അപൂർവ്വമായി മാത്രമേ ഇവ പറക്കുകയുള്ളൂ. ഉയർന്ന പ്രദേശങ്ങളിൽ നിന്നും താഴ്‌വാരങ്ങളിലേക്ക് പറക്കാനാണിഷ്ടം. വംശനാശ ഭീഷണി നേരിട്ടിരുന്ന ലയർ പക്ഷികളെ സംരക്ഷിക്കാനുള്ള നടപടികൾ ആസ്ട്രേലിയ കൈക്കൊണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.